2015, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ഓന്തുചരിതം


മധ്യകേരളത്തിലെ അത്രയൊന്നും പ്രശസ്തമല്ലാത്ത ഇപ്പോള്‍ ഖദര്‍ദേശീയ വസ്ത്രമായി ധരിക്കുന്ന പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്‍റ് എബി എല്‍ദോ ഐസക്കിന്റെ ഭവനത്തിന്റെ,കൃത്യമായി പറഞ്ഞാല്‍ വടക്ക് കിഴക്ക് ഈശാനകോണില്‍ ആണെന്റെതാമസം .കുടുംബത്തോടുള്ള അനന്യമായ കടപ്പാടും പതിമൂന്നു ആണ്ടുകള്‍ക്ക് അപ്പുറം മരണപ്പെട്ട പാര്‍ട്ടിയുടെ മുന്‍ മേഖലാ സെക്രെട്ടറിയുമായ ഐസക്‌ ജോഷ്വാ ഇല്ലിക്കാടനോടുള്ള ആദരസൂചകമായി ഞാന്‍ എന്നെ ശ്രീ സണ്ണി ഇല്ലിക്കാടന്‍ എന്ന് അടുത്തിടെ നാമകരണം ചെയ്തതാണ് ( ഒരു ഓന്തിനു പേരനാവശ്യമാണെന്നും ആലോചിച്ചു വിഷമിക്കുന്ന മാന്യ വായനക്കാരോട് ഒരു വാക്ക് എബിയുടെ പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ ഏറ്റവും പ്രസക്തി ആര്‍ജിച്ചതും അവര്‍ കൂടെ കൂടെ രഹസ്യത്തില്‍ പറയുന്ന പേരിതു ആയത് കൊണ്ടാണ് ഞാനിത് തന്നെ ഇട്ടതു ,ഇപ്പോള്‍ ഇത്രയും പറയാന്‍ കാരണം കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ മൂന്നു മുപ്പതു മുതല്‍ എനിക്ക് നിറം മാറാന്‍ കഴിയുന്നില്ല

എബിയുടെ അമ്മ ശ്രീമതി ത്രെസ്യ ഐസക്‌ പറയുന്നത് ഞാന്‍ എന്റെ തൊലിയിലൂടെ കേട്ടതാണ് കുഞ്ഞുങ്ങളുടെ പൊക്കിള്‍ കൊടിയിലൂടെ രക്തം വലിച്ചു കുടിച്ചാണത്രേ ഞങ്ങളുടെ വര്‍ഗം നിറം മാറാനുള്ള കഴിവ് നില നിറുത്തുന്നത്
“ഹും പാതകം കൊടും നുണ’’
അതില്‍ പിന്നെയാണ് വിറകു പുരയില്‍ താമസിച്ചിരുന്ന എന്നെ ആ കിലുക്കാംപെട്ടി പെണ്ണ് പേടിക്കാനും കല്ലെടുത്ത് എറിയാനും തുടങ്ങിയത് .പ്രശ്നമതൊന്നും അല്ല നിറമില്ലായ്മ ,നിറം മാറാന്‍ കഴിവില്ലായ്മ അതൊന്നു മാത്രമാണ് ,പാരമ്പര്യമായി ഞങ്ങളീകുടുംബത്തില്‍ നിന്നും പുറത്തോട്ടു ഇറങ്ങാത്തതിനാല്‍ കൂട്ടക്കാരെ ആരെയും കാണാനുമില്ല,ഇച്ചിരി വെയിലടിച്ചാല്‍ ബുദ്ധി തെളിയുമെന്നോര്‍ത്തു,വെയിലത്ത്‌ ഇട്ടിരുന്ന ഓല മടലിന്റെ മണ്ടയില്‍ ചെന്നിരുന്നപ്പോഴാണ് വേലക്കാരി പെണ്ണിന്‍റെ അലറല്‍
‘ പോ അസത്തെ അവിടുന്ന്
കഴിഞ്ഞ കാലത്തെപറ്റി ചിന്തിക്കാനും സമ്മതിക്കാണ്ട് ഓരോരോ നശൂലങ്ങള്‍ ഹും ഇതിനും മുന്‍പ്‌ കൃത്യമായിട്ട് ഓര്‍മയില്ല ഒരു നാല് നാലര വര്ഷം മുന്‍പ്‌ എബിയുടെ കൊടിയുടെ നിറം നല്ല ചുവപ്പായിരുന്നു ‘’ ആ അതങ്ങനെ മാറിയും മറഞ്ഞും ഇരിക്കും’’ ഒരിക്കല്‍ കൂടി നിറം മാറാന്‍ ശ്രമിച്ചു ശ്രീ: സണ്ണി ഇല്ലിക്കല്‍ പരാജയപ്പെട്ടു, പഴുത്ത വരിക്ക ചക്കയിലെ ഈച്ചയെ പിടിക്കാന്‍ നാവു നീട്ടി. അന്നൊന്നും ചുവപ്പില്‍ നിന്നിറങ്ങാന്‍ നേരം കിട്ടാത്ത വീടിനെ പറ്റി ചിന്തിച്ചു കൊണ്ടിരുന്നു രക്ത ഹാരങ്ങള്‍ ,ചോന്ന കാര്‍ ചോപ്പ് ഉടുപ്പ് ,ഒടുവില്‍ മനസ് മടുത്ത ടിയാന്‍  ചോപ്പില്‍ നിന്നിറങ്ങാന്‍ ഓന്തു വംശത്തിന്റെ വിശുദ്ധ നഗരമായ ഓന്തു പുരിയിലെ മാതാ ഓന്തനന്ദ  ഈശ്വരിയോടുള്ള നൊവേനയുടെയും പ്രാര്‍ത്ഥനയുടെയും ഫലമായത് കൊണ്ടാവാം ഒരു സുപ്രഭാതം പൊട്ടി വിടര്‍ന്നത് റബ്ബറിന്റെ വില ഇടിച്ചും കൊണ്ടായിരുന്നു ,എബിച്ചായനു മുന്നും പിന്നും നോക്കനുണ്ടായിരുന്നില്ല റബ്ബറിന് താങ്ങ് വില നല്‍കാത്ത സര്‍ക്കാറിനിട്ടൊരു താങ്ങും താങ്ങി എബി ഖദര്‍ ഇട്ടു സമധാനവാദി ആയി .വീടും വണ്ടികളും ഒക്കെ മൂവര്‍ണകൊടി അങ്ങനെ പാറി. നാശം പിടിക്കാന്‍ മുന്‍ സഖാവ് എബി ഐസക്കിനതു പറ്റിയ പോലെ എനിക്കതിനു വയ്യായിരുന്നു പലപ്പോഴും നിറം മാറാന്‍ കഴിയാതെ ഞാന്‍ പിടിക്കപ്പെട്ടു ,ആ ശ്രീകരം പിടിച്ച വേലക്കാരിയുടെ വായില്‍ നിന്ന് നല്ല ചീത്തയും കേട്ടു ആ സംഭവമായിരുന്നു ഒന്നാമത്തെ ലെക്ഷ്ണം

ഇത്രയുമാലോചിച്ചു മുന്‍ സഖാവ് ശ്രീ സണ്ണി ഇല്ലിക്കാടന്‍ ഒന്ന് നാക്ക് നീട്ടി ,നാക്കാണ് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍റെ ഏറ്റവും വല്യ ആയുധമെന്നു ഞാന്‍ പലപ്പോഴായി പാര്‍ട്ടി ക്ലാസുകളില്‍ നിന്നും മനസിലാക്കിയിട്ടുണ്ട് ,ഞങ്ങള്‍ക്കും അതങ്ങനെ തന്നെ .കിട്ടുന്നതിന്റെയും കൊടുക്കുന്നതിന്റെയും കണക്കുകളുടെ കാര്യത്തില്‍ കണിശക്കാരനായ മുന്‍ സഖാവിന്‍റെ കുടുംബക്കാരനെന്ന നിനയില്‍ ഞാന്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഭജന്‍സ് ശാന്തി കീര്‍ത്തനങ്ങള്‍ ഒക്കെയാണ് .മറ്റൊരു ഓന്തു ജീവി ഇല്ലാത്തതു കൊണ്ട് ഉരലിനപ്പുറം ഇരിക്കുന്ന പേക്കാച്ചി തവളയോടും പൂച്ചയോടും ഞാനീ പ്രസംഗങ്ങള്‍ ഒക്കെ പ്രസംഗിക്കാറുണ്ട്. ഓരോ വാക്കിന്‍റെ ആവേശക്കടലില്‍ നിറം മാറുന്ന എന്നെ കാണുമ്പോള്‍ വാ പൊളിച്ചു നില്‍ക്കുന്ന അവര്‍ക്കിടയിലെ താത്വീകാച്ചര്യനായ ഞാനാണ് ഇങ്ങനെ നിറം മാറാനാവാതെ ഇങ്ങനെ മഴവില്ലിനെ നോക്കി നെടുവീര്‍പ്പിടുന്നത്

എബിയ്ക്ക് ഇന്നേ വരെ ഇല്ലാത്ത നിറങ്ങളുടെ കൂട്ടുകാരായിട്ടു രാത്രി ചില വരുത്പോക്കലുകള്‍ ഈയിടെ അടുത്താണ് ഞാന്‍ കണ്ടു പിടിച്ചത് കാവിയുടെ ലോകത്തേയ്ക്ക് ഞാന്‍ മാറാന്‍ നോക്കി ആ നിറം വരുന്നില്ല .അത് കൊണ്ട് എന്‍റെ കാവിയുടുക്കലിനു വല്യ പ്രസക്തി ഇല്ലാതെ ആയി പോയി .അല്ല അത് സാരമില്ല,പരസ്യമായി കാവിയിട്ടത് കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് എബി കള്ളുകുടിചോണ്ട് പറയുന്നത് കേട്ടതാ എനിക്കതില്‍ വിശ്വാസമില്ല ..പക്ഷെ എന്നാലും നിറം മാറാന്‍ കഴിയാത്തത് ചില്ലറ കുഴപ്പം ഒന്നും അല്ല ഉണ്ടാക്കുന്നത് .
നഷ്ടപ്പെട്ടു പോയ ശേഷി തിരിച്ചു കിട്ടാന്‍ വൈദ്യ സഹായം തേടാനും ഞാനുറച്ചു നിറം വെക്കാന്‍ വേണ്ടി ഈ കുടുംബത്തിലെ ഇളയ സന്താനം ഓന്തു ലേഖ ദശപത്രി ഫേസ് പാക്‌ തേച്ചു
‘’ഹും ഹും  ഒരു പ്രയോജനവും ഇല്ല ‘’
അല്ലപ്പോ മുറിയില്‍ ഓന്തിനെ കണ്ടാല്‍ ഇത്ര ബഹളം വെയ്ക്കാന്‍ എന്താണ് ഹേ

ഓ ആ കുരിപ്പ് പാതി രാത്രി ഫോണില്‍ ഓരോരോ നിറങ്ങളെ പോലെ ഓരോരോ മോഡില്‍ മാറി മാറി മിണ്ടുന്നത്‌ കാണുമ്പോള്‍ നഷ്ടപ്പെട്ടു പോയ കഴിവ്‌ ഓര്‍ത്തു ഖിന്നനായി കുത്തിരിക്കുന്നു

അവസാനം നല്ല വെളിച്ചമുള്ള ആ പകലിലാണ് വെളിപാട് കിട്ടിയത് ,ശ്രീമാന്‍ സണ്ണി ഇല്ലിക്കാടന്‍ ഓന്തുണ്ണി സമസ്ത ഓന്തു വര്‍ഗങ്ങലോടും ഇങ്ങനെ പ്രസ്താവിച്ചു ,
‘’നിറം മാറാന്‍ കഴിവില്ലാത്ത ഞാന്‍ ഇനി മുതല്‍ മനുഷ്യന്‍ ആണ് ,ഇവുടുത്തെ മനുഷ്യര്‍ യഥാര്‍ത്ഥത്തില്‍ ഓന്തുകളും’’

പലപ്പോഴായി പുരയ്ക്കകത്തു കാണാറുള്ള ഓന്തിനെ പൂന്തോട്ടത്തിലെ പാറപ്പുറത്ത് കണ്ട ശ്രീമതി ദീനാമ്മ എന്നാ മാതൃകാ വേലക്കാരി അതിന്‍റെ തല മണ്ട നോക്കി പത്തല് കൊണ്ട് ഒന്നങ്ങു കൊടുത്തു ,ചാരിതാര്‍ത്ഥ്യയായി ഓന്തിന്റെ ജഡം കൊച്ചമ്മയ്ക്ക് കാണിച്ചു കൊടുക്കാന്‍ അടുക്കളപുറത്തേയ്ക്ക് ഓടി .................


2015, ജൂലൈ 3, വെള്ളിയാഴ്‌ച

പ്രണയ ബാധിത ഉടലിടങ്ങള്‍

പ്രണയ ബാധിത ഉടലിടങ്ങള്‍ 
ഉയിര് പിഴുതെടുക്കുന്ന 
നോവിന്‍റെ അതി വൃഷ്ടി 
ചൊരിയുന്ന ചില ഉള്ളറകള്‍
പ്രേമനിരോധിത മേഖലകളെ 
പ്രണയബാധിത ഉടലിടങ്ങളെന്നു 
പുനര്‍നാമകരണം 
ചെയ്യപ്പെടെണ്ടത്
എത്ര പെട്ടന്നാണ്
പ്രേമപെരുംകടല്‍ അലയ്ക്കുന്ന
നെഞ്ചിന്റെ കടലോരത്ത് നിന്നും
കവിളോരം കരയ്ക്കിറങ്ങിയ
വിരലുകളുടെ കപ്പല്‍ യാത്രകളില്‍
ഉപ്പുകുറുക്കുന്ന ഇരുണ്ട
കണ്ണിണകള്‍
എന്‍റെ ഉള്ളു പൊള്ളിയ്ക്കുന്നുണ്ടീ
പ്രണയ വണ്ടികള്‍
സാറ്റിന്‍റെ ഉള്ളുടുപ്പുകള്‍ക്കുള്ളിലൂടെ
നോവിന്‍റെ തീവണ്ടിയിലേറി
പ്രണയത്തിന്‍റെ മേലങ്കിയിട്ടൊരു
സ്നേഹപ്പുഴു എണ്ണ മിനുക്കുന്നു
താടിയോരത്തെ അഗ്നി പര്‍വത
സത്ത്പിഴിയുമ്പോള്‍
ചോരപാടുകള്‍
നീലിച്ച ചോരകള്‍
വെയില്‍ കാലമാണ്
ഉള്ളുരുകുന്ന പുകഞ്ഞു
കത്തുന്ന വെയില്‍ക്കാലം

തലവേദന

വെള്ളകതിരുകള്‍ക്ക് ഇരട്ടവാലന്‍ സ്വഭാവമുണ്ട് 
വാളിന്‍റെ വായ്ത്തല മൂര്‍ച്ചയും 
ഇരുട്ടുമുറിയില്‍ അടിച്ചു വീഴ്ത്തിയെന്നെ
ജയിച്ചു നില്‍ക്കുന്നുണ്ടാ തലനോവ്‌ 
വേദനയുടെ അതി വേഗ പെരുക്കങ്ങളില്‍ 
വെളിച്ചം ശത്രുവാണ്
ചിന്തകളും സ്വപ്നങ്ങളുമെരിയുന്ന
മസ്തിഷ്കത്തില്‍ വഴിതെറ്റിക്കുന്ന ,
ഒളിഞ്ഞു കിടക്കുന്ന വലിയൊരു
വേദന ചുഴി
വേദന സംഹാരികള്‍ നിഷ്പക്ഷതയെ
ജയിപ്പിച്ചു വിടുന്ന
വിഷാദം കുത്തുന്ന തലവേദനകള്‍
വെളുത്ത കാളകൂറ്റന്മാര്‍
ചെമ്പട്ടുകത്തുന്ന തൂവാല വീശുമ്പോള്‍
വിളറിപിടിച്ചങ്ങു പായുംപോലെ
തെക്ക് വടക്കങ്ങു ഉലാത്തുന്നു
നനഞ്ഞ തോര്‍ത്തിന്‍റെ
തണുത്ത കൈകളാല്‍
നെറ്റിതടത്തില്‍ ഒരു കടും കെട്ടുകെട്ടി
നോവാറ്റി കളയുന്നു
ഒഴിഞ്ഞു പോവാത്ത ,ആരും കാണാത്ത,
നിറമുള്ള പൂമ്പാറ്റ കുഞ്ഞുങ്ങള്‍
എന്‍റെ ഇരട്ടവാലന്‍ തലവേദനയ്ക്ക് കൂടെ
തകിലു കൊട്ടുന്നു
നച്ചതിരത്തിന്‍ കതൈലെ
മിന്നാമിന്നി കൂട്ടങ്ങള്‍
തലക്ക് ചുറ്റും വെളിച്ചം നിറക്കുന്നു
എല്ലമടങ്ങി തലയുയര്‍ത്തുമ്പോള്‍
വലത്തേ കണ്ണിന്‍റെ അരികത്തുകൂടെ
നെറ്റിമേല്‍ ഇഴഞ്ഞു ഒരു കുഞ്ഞു നോവ്
വഴി തെറ്റാതെ
ഒരു കട്ടഞ്ചായയിലോ
സ്മിര്‍ണോഫിലോ തീര്‍ത്തു
കളയാനാവാത്തവിധം
നോവിന്‍റെ പെരുക്കപട്ടികകള്‍
ആണീ തലവേദനാ -
ദിനസരികുറിപ്പ്‌

രഹസ്യം

പാടകെട്ടിയ നരച്ചയാകാശത്തിനു താഴെ
നമുക്കിടയില്‍ രഹസ്യങ്ങളരുതെന്ന
വാക്കുടമ്പടിയനുസരിച്ചു ആദ്യ കാമുകന്‍റെ
ഒന്നാമത്തെ ചോദ്യമതിനെപറ്റിയായിരുന്നു
"ആ രഹസ്യങ്ങളെ പറ്റി"
ചില രഹസ്യങ്ങള്‍ അങ്ങനെയാണ്
പത്തു പതിനാലു വര്‍ഷം വേണം
തുടുക്കാന്‍ ...
അല്ലെങ്കിലും അവനതു ചോദിക്കേണ്ടവന്‍ തന്നെ
കണ്ണുകളിരുസമുദ്രങ്ങളായി നിന്നരുകില്‍
നിന്നാലും നോട്ടമാദ്യമെത്തുക
കാഴ്ചയില്ലാത്ത നെഞ്ചിലെയാ
ഇരട്ടകണ്ണുകളില്‍ തന്നെയാണ്
രതിയുന്മാദപ്രേമപ്പെരുംമഴക്കാലയവസാന
രാത്രികളില്‍ മുലകളില്‍ വീണുറങ്ങിയ
ആദ്യത്തെ കാമുകനു മുന്‍പില്‍
അമ്മയോളം വളരുന്നു ചുരത്തുന്നു
പിന്നീടോരിക്കലും കണ്ടതേയില്ലവനെ
വേദനയുടെ ആഴം എത്ര വരും ?
അത്രയും ആഴത്തില്‍ ഞാന്‍ ഒറ്റയ്ക്കായി
രണ്ടാമത്തെ കാമുകന്‍;
ഒരു ശിശിരകാലത്താണതു
ബഹളങ്ങളില്ലാതെ ശാന്തമായി
പുഴതിരിഞ്ഞോഴുകുന്ന കൈവഴിയില്‍
അലസനായി ,ആട്ടിന്‍ പറ്റങ്ങളെ മേയിച്ചിരുന്നവന്‍
മഴനൂലുകളില്‍ കെട്ടി ദൈവം തണുപ്പിറക്കുന്ന
സന്ധ്യക്കെന്നെ ആഞ്ഞു ചുംബിച്ചവന്‍
ചുംബിച്ചമാത്രയില്‍ ചുണ്ടുകള്‍ ഇരുളുകയും
മുലകള്‍ നീലിച്ചു,പിന്നെയും കറുക്കുകയും ചെയ്തു
വിഷം തൊട്ടപോലെ ...
ആ നിമിഷം തന്നെ മറ്റൊരു ഭൂഗര്‍ഭനദിപോലെയവന്‍
താഴേയ്ക്ക് പോയി
വിഷാദത്തിനന്ത്യമായി....
നീലിച്ച സ്തനങ്ങളുമായി ഞാനാ വിഷാദം
പേറിആയുഷ്ക്കാലം നീറ്റുമ്പോള്‍
മൂന്നാമത്തവനും അവസാനത്തവനുമാണ്
ആ രഹസ്യങ്ങളുടെ കടും കുരുക്കഴിച്ചത്
ഓറഞ്ച് തൊലികള്‍ക്കും മാതളനാരകങ്ങള്‍ക്കും
മീതെ ഒരു തുടം നിറങ്ങള്‍ ഒഴിക്കുകയും
നിരാശകള്‍ കൊണ്ടുള്ള വിഷാദവരകളെ
ഇളം പച്ച ബ്രഷുകൊണ്ട് കൂട്ടി യോജിപ്പിച്ചു
തെറ്റി പോയ വഴികളെ കണ്ടു പിടിച്ചു
വീണ്ടും വീണ്ടും വരച്ചു കൊണ്ടേയിരുന്നു
വിഷം തൊട്ട നീലകള്‍ ഒറ്റ തലോടലാല്‍
പുഷ്പ്പിക്കുകയും ,ചുണ്ടുകള്‍ കൊണ്ട് മീട്ടുന്ന
ഗിതാറിലെ പ്ലാസ്റ്റിക്‌ വല്ലികളെ പോലെ
ശ്രുതികള്‍ മുറുക്കിയും അയച്ചും
ഇല്ലാത്ത വേലി പടര്‍പ്പിലെ
ചെമ്പന്‍ പൂവിതളുകള്‍ ഞെരടിയും
വസന്തമാഘോഷിച്ചു
വിഷാദപെയ്ത്തുകളുടെ ചുരുള്‍ .
നഗ്നതയില്‍ ഇരട്ട മാലാഖകുഞ്ഞുങ്ങളെ
ലാളിക്കുകയും,പരിഭാഷ എന്ന താളിലെ
ഒരു വരിയുടെ കനത്തില്‍
നാല് കണ്ണുമ്മകള്‍ കൊണ്ട്
ചിത്രമെഴുതിയ
ദ്വൈതമാംസപിണ്ഡങ്ങള്‍ക്കു
ശാപമോക്ഷം കൊടുക്കുകയും ചെയ്തു

ഉസ്കൂള്‍

എപ്പോളും ഇങ്ങനെ മിണ്ടാണ്ടിരുന്നാ
ഈ സ്ലേറ്റിലൊക്കെ അമ്പതിലമ്പതു കിട്ട്വോ ?
മിണ്ടിട്ടും മിണ്ടിട്ടും കിട്ടുന്ന മൊട്ടകകളൊക്കെയും
മായിച്ചു മായിച്ചു നിയ്ക്ക് വയ്യ
ഇത് കണ്ടോ ?
വെളുവെളുക്കെ ചിരിക്കണ ഉമ്മെടെ
കണ്ണില്‍ പെടാണ്ട് വരച്ചതാ
സൂര്യനാ ?
അല്ല സൂര്യന്റെ് കുഞ്ഞാ
അതല്ലേ ചെര്‍തായി പോയത്
മ്മക്ക് ഓടിയാലോ
ഓടിട്ടും ഓടിട്ടും എത്താത്ത
മൊട്ടക്കുന്നിന്റെ കശുമാവിന്‍
ഏറ്റം താഴത്തെ ചില്ലയില്‍
പേര് പകുതിയായി എഴുതീട്ടുണ്ട്
“ഞ്ചു “ ന്ന എഴ്ത്യാ ,ന്ജൂ ന്നാ
ഓര്‍മ്മയില്ലല്ലോ
ചിഞ്ചമ്മേ
മോളിടീച്ചര്‍ പഠിപ്പിച്ചതൊക്കെ
പിന്നേം പിന്നേം മറന്നുപോവാ
ഇല്ലല്ലോ
ഒന്നും മറക്കുന്നില്ലല്ലോ
ഇതിലൊക്കെ അപ്പിടി പുസ്തകങ്ങളാ
പാതി മാത്രം ചായം കൊടുത്തവ
ബാക്കിയൊക്കെ നിനക്കാ
നിറമടിക്കാന്‍
അതിപ്പോ നിന്നെ പോലെ
എങ്ങനെയാ വരക്കുക
ചിലപ്പോ, നിന്റെ
ഈ ചായപെന്സി്ലോണ്ടായിട്ടാരിക്കും
ഞാനതങ്ങ് വിഴുങ്ങിയാലോ ഹാഫിസേ
നിയ്ക്കും വരയ്ക്കാന്‍ പറ്റൂലോ
കല്ലുവെട്ടു കുഴിയിലെ വെള്ളത്തില്‍
താഴ്ന്ന ഉറുമ്പ്കുട്ടനെ രക്ഷിച്ച
കടലാസു വഞ്ചിയില്‍ എന്റെ പേരെഴുതി
കൊടി നാട്ടിയവനാ അവന്‍
പച്ച പ്യാരീസ്‌
കറുത്ത കമര്‍ക്കെട്ട്
മിട്ടായി മണമുള്ളവന്‍
നിയെപ്പോം പച്ച വളയിട് പെണ്ണെന്നും
പറഞ്ഞു പാകമാവാത്ത ചെറ്യ കുപ്പിവള
കയ്യുമേല്‍ തിരുകി ഒടുക്കം
വള പൊട്ടി ,ചില്ലൊക്കെ
കുഴിച്ചിട്ടു വെള്ളോഴിച്ചു
മൂന്നൂസം നോക്കിയിരുന്നു
വളമരം പൊടിക്കാന്‍
പിന്നെ കണ്ടപ്പോള്‍ ചെമ്പന്‍ പൂച്ചെടെ
ഏറ്റവും ആദ്യത്തെ കുഞ്ഞിനെ
തന്നോനാണ് അവന്‍
അടുക്കളയിറയത്തു
ചാക്കുകെട്ടില്‍ അതങ്ങനെ
നിറയെ പെറ്റുപെരുകി
അത്തര്‍ മണക്കുന്ന
പുസ്തകതാളുകളില്‍ നിന്നും
കട്ടെടുത്ത പേരാലില
നെടുകെ പിളര്ന്നാ ല്‍
ആലിലയുടെ ഊര്ന്നു വരുന്ന
ഉണ്ണികണ്ണനോട്
എന്ത് ചോദിച്ചാലും
തരും ന്നുപറഞ്ഞ
മൂന്നു ബിയിലെ നുണയന്‍
ഗണേഷാ...
കുഞ്ഞി കണ്ണാ
ഇന്റോടെക്ക്
സ്വപ്നത്തില് വരണ
അവനെ ഒന്നൂടി മുന്നില്‍
കൊണ്ടുവായോ

വിഷാദ വല്ലരി

ഒരാള്‍ക്ക്‌ ഒറ്റയ്ക്കെത്ര ദൂരം പോകാന്‍ കഴിയും ?
വഴി തെറ്റാതെ ,കാലങ്ങളുടെ പിന്‍ബലമില്ലാതെ
ഇരുട്ടുമുറിയില്‍നിന്ന് ഞാന്‍ യാത്ര പോകുന്നു
എഴുതി കഴിഞ്ഞ വാക്കുകള്‍ക്കോ ,കടലാസില്‍
കുത്തി വരഞ്ഞ വരകള്‍ക്കോ പോകാന്‍ 
പറ്റാവുന്നിടത്തോളം ദൂരം
അത്രയും ദൂരമുള്ള ചിന്തകള്‍
കൂടുതല്‍ കൂടുതല്‍ ചുറ്റി പിണഞ്ഞു
തലച്ചോറിനുള്ളില്‍ ഉറുമ്പരിക്കുന്നത് പോലെ
ഒറ്റ നിശ്വാസം കൊണ്ട് വിഷാദത്തെ
പുറന്തള്ളുന്നതെങ്ങനെയാണ്?
ശ്വസിക്കുന്നത് പോലും അവയാകുമ്പോള്‍
വിഷാദവല്ലരി തന്നെയാണ്
വരികളില്‍ കൂട് കൂട്ടി
കടും കെട്ടായി ..
* * * *
പുള്ളിയുടുപ്പിട്ട കടുവാകണ്ണുകളുള്ള
പരല്‍ മീനുകള്‍ ആകാശം കാണാനിറങ്ങുന്ന
ഗ്രീഷ്മകാലത്തായിരിക്കണമത്
ഞാന്‍ ചായമേഘങ്ങളേ പിഴിഞ്ഞ്
നിറമുള്ള മഴയുണ്ടാക്കി
മരിച്ചു പോയ കുഞ്ഞുങ്ങളെ ചിരിപ്പിക്കുന്നു
ബലാല്‍ക്കാരത്തിനിടയില്‍ കൊല്ലപ്പെട്ട
മൂന്നുവയസുകാരിയെന്‍റെ വിരലില്‍
ഉമ്മവെയ്ക്കുമ്പോള്‍
ഞാന്‍ ഞാന്‍ അല്ലാതാവുന്നു
ആ ഒറ്റയോര്‍മയില്‍
നിങ്ങള്‍ നിങ്ങളല്ലാതാവുന്നു
അരികില്‍ കട്ടി കൂടിയ
പാഠപുസ്തകങ്ങളും
ചായകൂട്ടുകളുമുണ്ടെന്നു കാണുമ്പോള്‍
ഒരു ചുവന്നപെന്‍സിലെടുത്തു
ഒരു വഴി വരക്കുന്നു
വിഷാദവഴി
വിഷാദ വര
* * * *
ഞെട്ടിപ്പിക്കുന്ന ശബ്ദത്തോടെ
മൊബൈലിന്റെ അലര്‍ച്ചയിലവള്‍
അപ്രിയത്തോടെ ഭൂമിയിലേക്ക്‌ വീണു
അപ്പോഴവള്‍ക്കു കാമുകനെ ഓര്‍മ വരും
അതി ശക്തമായി കണ്ണുകള്‍ ചിമ്മും
എല്ലാ കാമുകിമാരുടെ കവിതയില്‍ നിന്നും
ഞാന്‍ ഒളിച്ചു കടത്തിയ
കാമുകനെ കാണാതെ പോകുമ്പോള്‍
ഇലഞ്ഞി പൂക്കുന്നു
ചപ്രച്ച തലമുടിയും ,സോഡാകണ്ണാടിയുമായി
കരഞ്ഞു വീര്‍ത്ത കവിളുകളുമായി
എന്റെ സോപ്പുലായനികൊണ്ട്
കുമിളകൂടാരമുണ്ടാക്കി
ഞാന്‍ ഒളിച്ചു വെച്ച ആണ്‍കുട്ടി
എവിടെയായാലും തിരികെ വരിക
നിന്‍റെ ആകാശവും ഭൂമിയും
എന്‍റെ ഹൃദയത്തിലാണ്...

നിങ്ങള്‍ക്കറിയില്ലേ ?
വിഷാദിനിയായവള്‍ ഏകാകിനിയല്ലന്നു
അവള്‍ക്കു ചുറ്റും ഇതെല്ലാമുണ്ടെന്നും
* * * *
വയലിന്‍ കാണുമ്പോള്‍ ,
ഇറ്റാലിയന്‍ കാമുകനെയും
സ്നിക്കേഴ്സിന്‍റെ മധുരമുള്ള
ഫ്രെഞ്ചുകിസ്സുകളും നുണയുമ്പോള്‍
ഒറ്റയ്ക്കാവുന്നില്ല.....
അല്ല അത് ചിലപ്പോള്‍ രോഗമാവില്ല
ഉന്മാദം രതിയും ,വിഷാദമതിന്‍റെ
മൂര്‍ധന്യത്തിന്‍റെ ശാന്തതയുമാവാം
ആകാശത്തുനിന്നും നോക്കി തളര്‍ന്ന
ഒരു നക്ഷത്രത്തിന്‍റെ കണ്ണിലെ
പ്രകാശവഴി പറയുന്നു
വിഷാദം കടലല്ല,കായലല്ല
രാത്രിയല്ല
ഒടുക്കം അതൊരു രോഗമേ അല്ല
അത് ചുവപ്പാണ്
നല്ല കടും ചുവപ്പ്
എന്‍റെ ചുവപ്പിന് വയലറ്റ്‌ ആണ് നിറം
നല്ല ചുവന്ന വയലറ്റ്‌ ...

റിയാലിറ്റി ഷോ

സ്പോണ്‍സറെ കിട്ടാത്തത് കൊണ്ട്
പലവട്ടം നീട്ടി വെച്ചൊരു റിയാലിറ്റി ഷോയുടെ
പരസ്യപ്പെടുതലാണിത് സുഹൃത്തേ ,
നിങ്ങളീ ചുവരില്‍ വായിച്ചു കൊണ്ടിരിക്കുന്നത്
ഒരേയൊരു മത്സരാര്‍ഥിയായ ഞാന്‍
വിധികര്‍ത്താക്കളായ നിങ്ങളോരോരുത്തരേയും
ക്ഷണിക്കുകയാണ് പ്രിയപ്പെട്ടവരേ ..
അതെങ്ങനെയാവണമെന്നു നിങ്ങളുടെ
എസ് എം എസ് പോലെയാണ്
തേഞ്ഞു പോയ പ്രതീക്ഷയുടെ കുരുക്കിലോ
പൂത്തു പോയ സ്വപ്നങ്ങളുടെ വിഷകുപ്പിയിലോ
ചാലു കീറി രക്തനദി സൃഷ്ടിച്ചു കൊണ്ടോ ആവാം
ഇഷ്ടം പോലെ !
വരച്ച വരക്കും വട്ടത്തിനും ഉള്ളിലാവാതെ പോയ
വാക്കുകുഞ്ഞുങ്ങള്‍ എന്നോട്
പിണങ്ങുമായിരിയ്ക്കും
ആത്മഹത്യാകുറിപ്പില്‍ ടാഗ് ചെയ്യപ്പെടെണ്ടവനെ
ഒരു രേഖ കൊണ്ട് ബ്ലോക്കിയതാണ്
അത് കൊണ്ട് അവന്‍ ഒന്നും പറയില്ല
പാവം ,നല്ലൊരു കുട്ടിയായിരുന്നെന്നു നാട്ടാര്
മാര്‍ക്കിട്ടെയ്ക്കാം ,(കളവാണത്,
ഉള്ളില്‍ കലാപത്തിന്‍റെ വിത്ത്‌
കൊണ്ട് നടന്നവള്‍ ആണ്)
ഞാനറിയാത്ത ഒന്നുമവള്‍ക്കുള്ളിലില്ലെന്ന്
അമ്മ ആണയിടും
(അസത്യമാണത് ഇന്നോളമെന്നുള്ളില്‍
വന്നു നിറഞ്ഞ വസന്തമാരുമറിഞ്ഞിരുന്നില്ല
നിങ്ങളുടെ സമയമേതുമപഹരിക്കാതെ
വാര്‍ത്താചാനലിന്‍റെ ഒരരികത്തു കൂടെ
ഒരത്താഴസമയത്ത് നെഞ്ച് പൊട്ടികൊണ്ട്
ഞാനത് ചെയ്യും
മാര്‍ക്കിടാന്‍ നിങ്ങളെ ഓരോരുത്തരായി
ക്ഷണിക്കുന്നു ..

സദാചാരം

നിങ്ങള്‍ വിചാരിക്കുന്നത് പോലെയൊന്നുമല്ല
വായിക്കുമ്പോള്‍ തോന്നും ,
ഈ പെണ്ണിനിതെന്തിന്‍റെ കഴപ്പാണെന്ന്,
അങ്ങനെ ചിന്തിക്കുന്നത് കൊണ്ട് പ്രശ്നമില്ല
പറയുമ്പോലെയും എഴുതപ്പെട്ടിരിക്കുന്നത് പോലെയും
സത്യത്തില്‍ അത്ര മഹത്വവല്‍ക്കരിക്കപ്പെടെണ്ട
ഒന്നല്ല ഈ കന്യകാത്വം
വല്യ പ്രശ്നം തന്നെയാണ്
സത്യമാണ് ഈ ഇരുപത്തേഴു വയസിനുള്ളില്‍
രണ്ടേ രണ്ടു കാമുകന്മാര്‍
രണ്ടു പേരും ഒരേ പേരുകാര്‍
പക്ഷെ അവരാരുമല്ല അത് ചെയ്തത്
നാം നമ്മുടെ ആത്മാവിനെ പ്രണയം
കൊണ്ട് കുത്തി മുറിക്കും ,അകിലിട്ടു വാട്ടും
പലവട്ടം ബലാല്‍സംഗം ചെയ്യും
എന്നിട്ട് ശരീരമെന്നത് വാഗ്ദത്ത ദേശവും
ദേവാലയവുമാക്കി മാറ്റും
ഇല്ലാത്ത ദൈവങ്ങളുടെ പേരിട്ടു
അതങ്ങനെ കാണിക്ക വെയ്ക്കും
ഓ , സ്വയംഭോഗത്തിന്റെ വിരലാഴങ്ങളെ
പാപബോധത്തോടെ ജ്ഞാനസ്നാനം
ചെയ്യിപ്പിച്ചാതാണ് അതുകൊണ്ട്
അതിനെ പറ്റി മിണ്ടുന്നില്ല
രണ്ടു വിരല്‍ പാടുകള്‍ക്കിടയില്‍
പൊടിഞ്ഞു വീഴുന്ന ചോരക്കാലം
മാമ്പഴചുന മണക്കുന്ന
കന്യാര്‍ത്തവക്കാലങ്ങള്‍
അതെ അതാണ്‌
അര്‍ഹിക്കുന്ന ഒരുവന്‍
കൂമ്പാളന്‍ ചെവികള്‍
ആകാശം കാണിക്കാത്ത
മയില്‍പീലി മുല കണ്ണുകള്‍
ശബ്ധിക്കാത്ത ഇരു
യോനി ദളങ്ങള്‍
സ്വാതന്ത്ര്യം അറിയട്ടെ
നഗ്നത സ്വാതന്ത്ര്യമാണ്
ഒടുവിലാണവന്‍ വന്നത് ,
അപരിചിതനല്ലായിരുന്നു
ദൈവമായിരുന്നു
വെളുത്ത വസ്ത്രത്തിനുള്ളില്‍
രൂപക്കൂട്ടില്‍
ഒന്നാം പിഴ
രണ്ടാം പിഴ
എന്നെണ്ണി പറഞ്ഞപ്പോള്‍
കണ്ണുകള്‍ കൊണ്ട് പാപമോചനം
വിരലുകള്‍ കൊണ്ട് സ്വര്‍ഗ്ഗവും;
അതിനുള്ളില്‍ ദൈവത്തിനുള്ളത്
ദൈവത്തിനു കൊടുത്തു
എന്നചാരിതാര്‍ത്ഥ്യത്തോടെ
ഒരു ക്ഷതയോനീയോഷിത ....

ഉപേക്ഷിച്ചത്

തിരിച്ചു വരാത്ത വിധം
നിന്നെ ഉപേക്ഷിക്കുവാന്‍
ഒരിടം വേണം
മലബാര്‍ എക്സ്പ്രസിന്റെ
തിരക്കു പിടിച്ച ബോഗിക്കുള്ളിലെ
വില കുറഞ്ഞ അത്തര്‍ മണങ്ങള്‍ക്കൊപ്പൊമോ
അല്ലെങ്കില്‍ പ്ലാറ്റ്ഫോമിലെ മുളക്
മണക്കുന്ന ചണച്ചാക്കുകള്‍ക്കിടയിലോ
കിടന്നു നീയെരിയട്ടെ
എന്‍റെഎല്ലാ ഒറ്റവരി കവിതയും
ഞാന്‍ വരച്ച വെള്ളി ചിത്രങ്ങളും
അവന്‍റെ തന്നെ ചിത്രവും
നശിക്കട്ടെ
രഹസ്യ സ്വഭാവമുള്ള
പരസ്യ പ്പെട്ട ഉപേക്ഷിക്കലുകള്‍
ഉപേക്ഷിക്കുന്നവന്റെ വേദനയേക്കാള്‍
കൂടുതല്‍ ഉപേക്ഷിക്കപ്പെടുന്നവന്റെ
വേദന തന്നെയാണ് കഠിനം
എല്ലാ അഴുക്കുകളും അടിയുന്ന
ബസ് സ്റ്റേഷന്‍റെ പരുപരുത്ത
തറയില്‍ നിന്നെ കുഴിച്ചു മൂടണം
ആള്‍ക്കൂട്ടത്തില്‍ തള്ളിപ്പറയാനും
ഏറ്റു പറയാനും എളുപ്പമാണ്
NH49 മുവാറ്റുപുഴ എറണാകുളം
ലോഫ്ലോര്‍ ബസിന്റെ ഇടത്തെ അറ്റത്തെ
ആരുമില്ലാത്ത സീറ്റില്‍ ഞാന്‍ അവനെ
ഉപേക്ഷിച്ചിട്ടുണ്ട്
കണ്ടു കിട്ടുന്നവര്‍ അവനെ ഏല്‍പ്പിക്കണം
ഭാഗ്യം ,കാമുകനൊരു പൂച്ചകുട്ടന്‍ അല്ല
(രതിക്കിടയില്‍ അല്ലാതെ )
അല്ലായിരുന്നെങ്കില്‍
ഏതു വഴിയിലിട്ടാലും നിയെന്റെ
കാല്‍ക്കല്‍ എത്തിയേനെ ....
എന്‍റെകവിതയിലെ
എല്ലാ കാലത്തുമുള്ള
ആണ്‍കുട്ടി
ഇത് നിന്നെ പറ്റി ഉള്ള
അവസാന കവിതയാണ്

എനിക്ക് നീയാവണം

'എനിക്ക് നീയാവണം
വരികളറിയാതെ
ഈണമൊപ്പിച്ചു നീ പാടുന്ന
ആ പാട്ടിന്റെ മറന്നു പോയ
വരികളാവണം
വേണ്ടാ
നിന്‍റെയാ വരയന്‍ കുപ്പായോല്ല്യെ
അതിലെ നരച്ച വരയാവണം
നിന്നോടൊട്ടാന്‍
അല്ലെങ്കില്‍
ഷേവു ചെയ്തു പച്ചച്ചു പോയ
നിന്‍റെ കീഴ്താടിയിലെ
കാക്കപുള്ളിയായാലോ
വേണ്ടല്ലേ
നീ നട്ട മാതളനാരകത്തിലെ
ഏറ്റവുമാദ്യ,മാദ്യപഴമായാല്‍ മതി
ഇതൊന്നും വേണ്ട
വിയര്‍പ്പിറ്റുന്ന നിന്‍റെ
ചെന്നിയിലെ
ഒറ്റ പട്ടു നൂല്‍ പുഴുവാവണം
പിന്നെ ....
തൊട്ടാലോട്ടുന്ന നിന്‍റെ കണ്ണങ്കാലിലെ
ചേര്‍ന്ന് കിടക്കുന്ന ചെരിപ്പിലെ
അവസാന നടത്തം തര്വോ
ഇല്ലല്ലേ ..
നീയെന്നെ ഉമ്മവെയ്ക്കുമ്പോള്‍
നഖപൂപ്പല്‍ കൊണ്ടു
ഒരു ചായവുമില്ലാതെ
എന്‍റെ നെഞ്ചില്‍ വരയ്ക്കുന്ന
ആ ഒറ്റ വരയായാല്‍ മതി
എനിക്ക് സത്യായും ഞാനാവണ്ട
നീയായാല്‍ മതി
നിന്‍റെ നെഞ്ചിലെ ശുഷ്കിച്ച
കറുത്ത മുന്തിരി പാടകളാവണം
പിന്നെണ്ടല്ലോ
സര്‍പ്പഗന്ധി പോലെ എന്നെ
ചുറ്റി വരയുന്ന
ശംഖുവരയന്‍ കാട്ടുവള്ളിയായാല്‍ മതി
എന്നെപറ്റി പറയുമ്പോഴൊക്കെ
തളിര്‍ക്കുകയും ,പൂക്കുകയും
ചെയ്യുന്ന കാട്ടുവള്ളിയാവണം
നിന്നെണ്ടല്ലോ
നേര്‍ രേഖയിലൂടെ വിഭജിച്ചു
ഒരു പകുതി നീയും
മറ്റേ പാതി ഞാനുമായി
മാറ്റി വെയ്ക്കാം
നമ്മക്ക് നമ്മളെ ഇണ്ടല്ലോ
അങ്ങോട്ടുമിങ്ങോട്ടും
മാറ്റ്യാലോ ചെക്കാ

കണ്ണുമ്മകള്‍....

അതെ ! മനപൂര്‍വം തന്നെയാണ് !
വഴി തെറ്റാണെന്നും ,ഒരിക്കലും തീരില്ലന്നും ,
വാഹനങ്ങള്‍ നദി പോലോഴുകി
നഗരത്തെ നിശ്ചലമാക്കുമെന്നും
നല്ല പോലെ അറിയാം ;
ഒന്നും എനിക്കു വേണ്ടി
കാത്തുനില്‍ക്കാതെ പോകുമെന്നും
ഉറപ്പുണ്ട് .....
ഒരു സീബ്രാ ക്രോസ് പോലുമില്ലാത്ത
ഈ വഴിയില്‍ നിന്നെ മുറിച്ചു കടക്കുവാന്‍ വേണ്ടി
മാത്രമായി ഞാനെത്രയോ വട്ടം
കണ്ണുരുമ്മുന്നു ,നിന്‍റെ നോട്ടങ്ങള്‍ക്കായ്‌
പെരുവഴിയുടെ പാതയോരങ്ങളില്‍
ഒരു സിഗ്നലിനെയും വക വയ്ക്കാതെ
നിന്‍റെയാ നീല വണ്ടി പായുമ്പോള്‍
എത്രവട്ടം ഞാനെന്‍റെ കണ്ണുകള്‍ കൊണ്ടുമ്മ
വെച്ചിട്ടുണ്ടെന്നോ നിന്നെ
കണ്ണുമ്മകള്‍ kiss emoticon
ഇങ്ങനെ നോക്കി നില്‍ക്കുമ്പോള്‍
വഴികളൊക്കെ പദപ്രശ്നമെന്നപോല്‍
എന്നെ കുഴപ്പിയ്ക്കുമ്പോള്‍
എത്ര വട്ടം ഞാനീ സഞ്ചാരത്തെ
ഊടുവഴിയിലൂടെ
പറഞ്ഞു വിട്ടിട്ടുണ്ടെന്നോ?
എന്‍റെ ചെക്കാ ;
എല്ലായ്പ്പോഴും നീയെന്നെ കാണണമെന്നോ
എന്‍റെ മനസിലുള്ള ആ ഒരൊറ്റ വാക്ക്
കൂട്ടി വായിക്കണമെന്നോ
പറയുന്നില്ല ഞാന്‍
ഇനി ഒരിക്കല്‍ കൂടി
നിന്റെയാ നീലക്കാര്‍
എന്നെ കടന്നു പോകുമ്പോള്‍
വലത്തേചില്ലിന്റെ ഒരല്‍പം താഴ്ത്തി
ആ വലിയ കണ്ണടയിലൂടെയല്ലാതെ
എന്നെയൊന്നു നോക്കി കൂടെ ?
മറ്റൊന്നിനുമല്ല
നീയെന്നെ കാണുന്നുണ്ടെന്നു
എന്നെ ഓര്‍മിപ്പിക്കുവാന്‍
ചില കണ്ണുമ്മകള്‍....

റെഡ്‌ സ്പോട്ട്


ഒരു രാത്രി പകുതിയാകുമ്പോള്‍
നീ നിറഞ്ഞു കവിയുകയും
ഞാന്‍ ഇല്ലാതാവുകയും ചെയ്യുന്ന 
നാലു ചുവരുകള്‍
പശ വാര്‍ന്നു മരിച്ചുകൊണ്ടിരിക്കുന്ന
ഈ ചുവന്ന പൊട്ടിനെ ഞാനീ
വെളുത്ത ഭിത്തിയില്‍ ഒട്ടിച്ചുവയ്ക്കുന്നു
നിനക്കുമ്മ വെക്കാനായി
ഞാനൊഴിച്ചിടുന്ന ആദ്യയിടം
ഇരുട്ടില്‍ രണ്ടു കുതിരകളുണ്ടാകുന്നു
കടിഞ്ഞാണില്ലാതെയവ മുദ്ര വെക്കപ്പെട്ട
കോട്ടവാതിലുകളെ ചവിട്ടി മെതിച്ച്
പനിച്ചൂടിന്‍റെ പതിമൂന്നു വളവുകള്‍ താണ്ടുന്നു...
വരണ്ട മണല്‍ക്കാടിനുള്ളില്‍ അവക്ക്
ആറുചിറകുകള്‍ മുളയ്ക്കുന്നു
അവ ആറു കാലങ്ങളായി എണ്ണപ്പെടുമ്പോള്‍
നമ്മള്‍ പരസ്പരം നഗ്നമാക്കപ്പെടുന്നു
ഒന്നാമത്തെയും രണ്ടാമത്തെയും ചിറകുകള്‍ കൊണ്ട്
ആ നഗ്നതയെ ബന്ധിക്കുന്നു
മൂന്നാമത്തെയും നാലാമത്തെയും രോമച്ചിറകുകള്‍
വേനലാവുമ്പോള്‍ പൊഴിക്കുന്നു
ഇനിയുള്ള അദൃശ്യ ചിറകുകള്‍ കാണാന്‍
നമ്മള്‍ കണ്ണുകള്‍ മാറ്റി വെയ്ക്കുന്നു
തലയുയര്‍ത്തി നില്‍ക്കുന്ന കൊമ്പുകള്‍
ഇലകളില്ലാത്ത ദേവദാരു പോലെ
പരസ്പരം കൊരുത്തു നില്‍ക്കുന്നു
ആസക്തിയെ ഒന്‍പതു ശതവര്‍ഷം
ഗര്‍ഭത്തില്‍ പേറുന്നു
വന്യതൃഷ്‌ണകളായി; കാമനയുടെ
പൂപ്പല്‍ ബാധയായി
പെരുത്തു കയറുന്നു
വേഗതയുടെ ഒറ്റയിറക്കത്തിലൂടെ
എല്ലാ കാലങ്ങളും നമ്മള്‍
അളന്നെടുക്കുന്നു..
പൊടുന്നനെ നിയോണ്‍ വെളിച്ചത്തില്‍
സുഗന്ധമുള്ള നിറങ്ങള്‍ പ്രത്യക്ഷമാകുന്നു
എല്ലാ പൊട്ടുകള്‍ക്കും
നീ ചുവന്ന നിറം നല്‍കിയിരിക്കുന്നു
നമ്മളോരുമിച്ചതിനെ Red Spot എന്നു വിളിക്കും
വാടകമുറിയിലെ ഭിത്തിമേല്‍
പലവട്ടം ആത്മഹത്യ ചെയ്ത
പെണ്‍കുട്ടികളുടെ ,പല വട്ടത്തിലുള്ള
ചുവന്ന പൊട്ടുകള്‍ ,
ഭോഗാസക്തി വഴുവഴുക്കുന്ന
നമ്മുടെ പ്രണയത്തെ
നോക്കി പല്ലിറുമ്മും
സംയോജിക്കപ്പെട്ടത് അവയവങ്ങള്‍
മാത്രമായിരുന്നെന്ന് തിരിച്ചറിഞ്ഞു വേര്‍പെടുമ്പോള്‍
അപരിചിതവും നമ്മുടെതല്ലാത്തതുമായ
ഭാഷകളിലൂടെ ആശയ വിനിമയം നടത്തും
എന്തു ******ണിതെന്നു വേറൊരു നീയും
You bloody *******ന്നു വേറൊരു ഞാനും പറയും
എല്ലാ സ്പോട്ടുകളും
അത് തന്നെയാണ് പറയുന്നതെന്ന്
ഞാനെന്‍റെ ഡയറിയില്‍
ചുവന്ന മഷിയിലെഴുതിയിട്ടു
അവസാനിപ്പിക്കും ...

ഇരട്ട സംഖ്യകളുടെ മന:ശാസ്ത്രം

ണ്ടാമത്തെ ആഴ്ച നാലാമത്തെ ദിവസം
 വഴി തെറ്റിക്കുന്ന കാട്ടിനുള്ളിലെ
 കെട്ടുപിണഞ്ഞ ഇരട്ട  ചെറിമരങ്ങള്‍ക്കിടയില്‍ 
 ഞാനും എന്‍റെ രണ്ടു പുരുഷന്മാരും 
എന്റെ ആദ്യത്തെയും അവസാനത്തെയും
 ഇരട്ട ചുഴിയന്മാര്ക്കൊപ്പം ഞാന്‍..

നെടുകെ പിളര്‍ന്ന ഇരട്ട നാവുകള്‍
നാലു നാവുകളോട് കൂടിയ
 നീല അണലികുഞ്ഞുങ്ങള്‍ 
എന്നെ ചുംബിക്കുന്നു ,..എന്നെ കാമിക്കുന്നു 
തളിര്‍നാവുകള്‍ കൊണ്ട് മരമുടലില്‍ ചുംബിക്കുമ്പോള്‍ 
വേരുകളറിയാതൊരുപ്രണയം പൊട്ടി പുറപ്പെടുന്നു

എന്‍റെ അടി വയറ്റിലെ കള്ളിചെടിയുടെ
 ശല്ക്കങ്ങളിലെ വെളുത്ത പൂവിനെ
 മഞ്ഞു കാലത്തേയ്ക്ക് കാത്തു വെയ്ക്കുന്നു
 എനിക്ക് ഇരട്ട പെണ്‍കുട്ടികളാണെന്നു
 തിന്നു തീര്‍ത്ത ഇരട്ട കദളികള്‍ പറഞ്ഞിരുന്നു

അവനെ പറ്റി പറയുമ്പോഴൊക്കെ 
എന്‍റെ ഇരട്ട പെണ്‍ കുഞ്ഞുങ്ങളെ ഓര്‍മ്മവരും
മുല ചൂടിനിടയില്‍ അടവെച്ചു വിരിയിച്ചെടുത്ത 
എന്‍റെ പെണ്മക്കളെ ഓര്‍മ്മ വരും

മഴയെന്നു പേരിട്ടു മാളൂന്നു വിളിക്കുന്നവളെ 
ഒരിക്കലും ചിരിക്കാതെ മെലിഞ്ഞ കൈകള്‍ കൊണ്ട്
നീണ്ടു ചുരുണ്ട മുടി മാടിയൊതുക്കി 
നിറുത്താതെ ചിത്രം വരയ്ക്കുന്ന 
നിശബ്ദയായ പെണ്‍കുട്ടി 
എന്‍റെ ഒറ്റ നുണക്കുഴി ഭാഗിച്ചു 
രണ്ടായവള്‍ക്കുകൊടുക്കണം 
പിന്നെയീ തേന്‍ നിറവും 
നിന്റെയാ സംശയിക്കുന്ന കണ്ണുകളായി
 അവളീ പാടകള്‍ വീണ ആകാശത്തിന് 
കുറുകെ നിന്‍റെ നിറങ്ങളെ ഒഴുക്കി കളയും;


ഇനിയും വേറൊരാളുണ്ട്
അനാമികയെന്നു പേരുള്ളവള്‍
അക്ഷരങ്ങളെ പരിഭാഷപ്പെടുത്തി 
എന്നില്‍ ഉറങ്ങിയുണരും
 ചെറുവിരലിലെ കറുത്ത മറുകുമായി
താളുകളൊക്കെ വാദിച്ചു വായിക്കും 
നിന്നെ ഉത്തരങ്ങള്‍ കൊണ്ട് കെട്ടിയിടും
 എന്റെെ മൂക്കുത്തി പെണ്ണെയെന്നുനീ കളി പറയും ......

ഇല്ല ..ഒന്നും ഉണ്ടാവുകയില്ല
 ഒടിയന്‍റെ വിരലുകള്‍ നീണ്ടു വന്നു 
അമാവാസി രാത്രികളില്‍
മായം ചെയ്തു അവളെ വലിച്ചെടുക്കും....

എന്റെ ഇരട്ട പെറ്റ പെണ്‍കുട്ടികളിലൊന്നു
 ജലം വറ്റി വാര്‍ന്നു മരണപ്പെട്ടു പോയി
 പേരും നാളുമില്ലാതെ .......
അപ്പോള്‍ മുതലാണ്
എന്റെ കവിതകളൊക്കെ തെറ്റിയത്
മാളൂ ..
..... അവനും.....
ഒറ്റക്കല്ല ,ഇരട്ടക്ക്

കൊല്ലണം അവനെ !

കൊല്ലണം അവനെ !
പ്രേമത്തിന്‍റെ കൊടും ചൂടിനാല്‍
തപിക്കുന്ന ആ ഹൃദയം ഏത്
തീയില്‍ വലിച്ചെറിയുമ്പോഴാണ് 
കത്തി തീരുക ?
ഇനി പ്രണയത്തിലായിരിക്കുമ്പോള്‍
തെളിഞ്ഞു കണ്ട വയലറ്റ്‌ ഞരമ്പുകള്‍
വരഞ്ഞു കളയണം
എന്നാലും രക്താണുക്കളില്‍ നിന്നും
പിന്നെയും അവന്‍ ഉയര്‍ക്കും
ഒടുക്കം ആണിയടിച്ചു കുരിശില്‍
കയറ്റാമെന്നു വെച്ചാല്‍ മൂന്നാം ദിവസം
ഉയര്‍ത് എഴുന്നേറ്റു പറ്റിക്കുന്ന ഇനമാണ്
കടലിലും രക്ഷയില്ല കടലിന്‍റെ
വഴിപ്പാടുകള്‍ നിശ്ചയമുള്ള അവനെ
കടലെടുക്കില്ല
എന്നാലും കൊല്ലണം അവനെ !
കാമം കൊണ്ട് വിഷം തീണ്ടു
നീലിച്ചു പോയ ദേഹത്ത്
ഏത് കഠിന വിഷം ആണ്
ലേപനം ചെയ്യേണ്ടത്
ഒന്നും ഏശുകയില്ല...
പിന്നെ എങ്ങനെയാണ് അവനെ കൊല്ലുക ??...

മൊബൈല്‍

ചോ :IMEI നമ്പര്‍ അറിയാമോ ?
പ്രധാനപ്പെട്ട മറ്റെന്തെങ്കിലും ?
ഉ:ഇല്ല സാര്‍ കാലഹരണപ്പെട്ട ഒരൊറ്റ നമ്പറുണ്ട്
വിളിക്കുമ്പോഴൊക്കെ താല്‍കാലികമായി 
സേവനം നിര്‍ത്തലാക്കി എന്നോര്‍മിപ്പിച്ചു കൊണ്ടു
സ്വയം നിന്ന് പോകുന്ന ഒരൊറ്റ നമ്പര്‍
പിന്നെ കറുപ്പിലും വെളുപ്പിലും
വരെഞ്ഞെ ഒരു കൂട്ടം ചിത്രങ്ങളുണ്ട്
അവന്‍റെതായി
ഒരേ ഒരു പാട്ടുണ്ട് അതില്‍
അമ്മ വിളിക്കുമ്പോള്‍ മാത്രം പാടുന്ന പാട്ട്
"മലര്‍കൊടി പോലെ വര്‍ണതുടി പോലെ ...മയങ്ങൂ..."
ഇപ്പോഴുമത് നിറുത്താതെ പാടുന്നുണ്ടാവണം
ഇനി ,ഒരിയ്ക്കലുമൊരിക്കലും
എഴുതി പൂര്‍ത്തിയാക്കാത്ത ഒറ്റവരിക്കവിതയിലെ
ഒരു വാക്കോ മറ്റോ കണ്ടേയ്ക്കാം സാര്‍
എല്ലാ ചൊവ്വാഴ്ചയും അലാം അടിക്കുന്നുണ്ടാവാം
എന്നെ അടയാളപ്പെടുത്തുന്ന ഒരു ഫോട്ടോ പോലും കണ്ടെക്കുകയില്ല
അല്ല ,
ഇരുണ്ട വൈകുന്നെരത്തില്‍ ചുവന്ന ചായകൊപ്പയിലെ
തട്ടി മറഞ്ഞ ചായതുള്ളികള്‍ വയറിനു കുറുകെ പടര്‍ത്തിയ
കറുത്ത പോളങ്ങളെ അലുക്കുകളിട്ട അരഞ്ഞാണത്തിനൊപ്പം
അവനുമ്മ വെയ്ക്കാനയച്ചതിന്റെ
ഓര്‍മ്മപടങ്ങള്‍ കണ്ടേയ്ക്കാം
ഒന്നും എവിടെയും അടയാളപ്പെടുത്താതെ
പോകരുതെന്ന് നീ വാശി പിടിച്ചു
കോമ്പല്ലാഴ്ത്തിയ ഇടത്തെ മുലയുടെ താഴെയുള്ള
വയലറ്റ് മറുകില്‍ നീ മുങ്ങി മരിക്കുന്നതും
നാലുകൈകളും നാലു കാലുകളുമുള്ള
ഏകകോശ ജീവിയായി നമ്മള്‍ മാറുന്നതും
പകര്‍ത്തപ്പെട്ട നീല നിറമുള്ള ഒരു ഫയലും
കണ്ടേക്കാം അതില്‍
തീര്‍ന്നു സാര്‍ ..
ഇതിലൊന്നിലും എന്നെ അടയാളപ്പെടുത്തിയിട്ടില്ല
പക്ഷെ കളഞ്ഞു പോയത് എന്റെ തന്നെ മൊബൈല്‍ ആണ് സാര്‍

2015, ജനുവരി 17, ശനിയാഴ്‌ച

കവിത എഴുതുന്ന പെണ്‍കുട്ടികളെ പ്രേമിക്കുന്ന ചെക്കന്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 tongue emoticon tongue emoticon
'' പഞ്ചേന്ദ്രിയങ്ങൾ ഒന്നും പോരാ
ആറാമത്തെ അതീന്ദ്രീയ
ജ്ഞാനം കൊണ്ടു വേണം 
അവളെ കീഴ്പ്പെടുത്താന്‍
ഒറ്റ വാക്കുകള്‍ കൊണ്ടു മനുഷ്യര്‍
ദൈവവും പിശാചുമാകുന്നത് പോലെ
കാമുകനാവുക എന്ന
ആ പരിവര്‍ത്തനം ചാക്രീകവും
വളരെ എളുപ്പവുമാണ്
പല നിറങ്ങളിലുള്ള ഒരുപാട്
ഹൃദയങ്ങള്‍
കേവലമൊരു കുത്തു കൊണ്ടോ
കൊമ കൊണ്ടോ ചോദ്യ ചിഹ്നം
കൊണ്ടോ വളരെയെളുപ്പത്തില്‍
വളച്ചൊടിക്കേണ്ട
ഒരു കവിതയാണവള്‍
ശ്രെദ്ധിക്കുക :
നീ സംസാരിക്കുമ്പോള്‍
സ്വപ്നത്തിലെന്ന പോലെ
ഉപമകളിലൂടെ സംസാരിക്കുക
പിന്നെയാണ് ഇടം കവിളിലെ
ഒറ്റ നുണകുഴി രഹസ്യത്തിന്റെ
കെട്ടഴിക്കുക
എത്രയധികം നിഷേധിക്കുന്നുവോ
അത്രയധികം സ്വന്തമാക്കുകയതിനെ heart emoticon
ആത്മനിയന്ത്രണത്തിന്റെ
വേലിക്കുരുക്കുകളെ
അഴിക്കുന്ന ഗൂഡസമവാക്യം
നീ ഭദ്രമായി പകര്‍ന്നു കൊടുക്കുക
ഇടത്തെ കണ്ണുകള്‍ പിടക്കുമ്പോള്‍
നെഞ്ചിലെ ചോക്കളേറ്റ്
നിറമുള്ള മഴ മുത്തുകള്‍
പൊട്ടി വിരിയുമ്പോള്‍ മാത്രം
അവളെ പ്രാപിക്കണം
പ്രണയം കൊണ്ട്
വേശ്യയാക്കുന്നതിലും എളുപ്പം
കാമം കൊണ്ട് മാലാഖയാക്കി
മാറ്റുന്നതിലാണ്
ഒരു കുറിഞ്ഞി പൂച്ചയെന്നപോലെ
നിന്നില്‍ കഴുത്തുരസുമ്പോള്‍
ജാലവിദ്യയിലൂടെ കാമുകിയെ
ഉപ്പു നീരിലെ മീനാക്കുക '
എന്നിട്ടു ചെകിളയിലൂടെ
സ്നേഹത്തിന്‍റെ ആ ഒറ്റ ചൂണ്ട
ഹൃദയത്തിലേക്ക് കുത്തിയിറക്കുക
കവിത കൊണ്ടു ഒരേസമയം ഇത്രയധികം
വിശുദ്ധവല്ക്കരിക്കപ്പെട്ടതും
വ്യഭിചരിക്കപ്പെട്ടതുമായ
വികാരത്തിന്‍റെ
മാദ്ധ്യസ്ഥയാക്കുക .."

kiss of love

പ്രിയപ്പെട്ടവനെ,
നഗരങ്ങള്‍ ഉറക്കം നടിക്കുന്ന രാത്രികളിലേക്കോ
ജഡികാഭിലാഷങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന അരണ്ട വെളിച്ചം
നിറഞ്ഞ മുറികളിലേക്കോ അല്ല
ഞാന്‍ നിന്നെ ക്ഷണിക്കുന്നത് ,
സംശയിക്കണ്ട തെരുവുകളിലേക്ക് തന്നെ
ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒറ്റയ്ക്കാവാന്‍
പ്രേമം കൊണ്ട് ചുണ്ടുകള്‍ ബന്ധിക്കപ്പെടുവാന്‍ ...
നാം തമ്മില്‍ ചുംബിക്കുമ്പോള്‍
കുഞ്ഞുങ്ങള്‍ വഴി തെറ്റുമെന്നും,
ആകാശം താഴേയ്ക്ക് നിപതിക്കുമെന്നും
അവര്‍ പറയുന്നു
താഴെ വീഴുന്ന ആകാശം ഒറ്റ കൈ കൊണ്ട്
നീ തടുത്തു നിറുത്തുക
എന്നിട്ട് ,നീണ്ടു വിളര്‍ത്ത നാരങ്ങാ നിറമുള്ള
വിരലുകള്‍ എന്‍റെ വീര്‍ത്ത അടി വയറ്റില്‍ വെച്ചു
എന്നിലൂടെ അവളെയും ചുംബിക്കുക
ഒരു കുഞ്ഞി പൂവിനെയെന്നെ പോലെ ..
എല്ലാ കുഞ്ഞുങ്ങള്‍ക്കും വേണ്ടി...
മാറ്റപ്പെടേണ്ട ഈ ലോകത്തിനു വേണ്ടി .

പകലോര്‍മ്മകള്‍

വേവിക്കുന്ന വേനല്‍ ചെല്ലാന്‍ മടിക്കുന്ന
റബ്ബര്‍ തോട്ടങ്ങളുടെ നടുവിലെ വലിയ വീട്ടില്‍
ഒറ്റപ്പെട്ടുപോയൊരു കൊച്ചു പെണ്‍കുട്ടിയുണ്ട്
മിട്ടായി പൊതിയും ,ടോട്ടോ ച്ചാനും,മാലി രാമായണവും
വായിക്കുന്ന ഡയറിയെഴുതുന്ന കുട്ടി 
ഇടയ്ക്കൊക്കെ ഫീലിയാസ് ഫോഗിനോപ്പം ലോകം ചുറ്റും
ഇന്‍ വിസിബിള്‍ മാനിനൊപ്പം ഒളിച്ചു കളിക്കും
നിങ്ങള്‍ക്കറിയാമോ ചില നേരത്തു പകല്‍
പാല പൂക്കാറുണ്ട് ,പൂക്കുന്ന പാലകളില്‍ നിന്നും
വന്യ ഗന്ധം ഒഴുകി പടര്‍ന്നു തൂവാറുണ്ട്
അപ്പോഴൊക്കെ ആളുകളുടെ രൂപം മാറും
ആണുങ്ങളൊക്കെ നാട്യങ്ങള്‍ അഴിച്ചു വെച്ച്
ആണുങ്ങളാവും
അടച്ചിട്ട മുറിക്കുള്ളില്‍ ഇപ്പോഴും അവളുണ്ട്
തുടുത്ത നെഞ്ചും തിണര്‍ത്ത തുടകളുമായി
പുറത്തു ചിതറി കിടക്കുന്ന പുസ്തക കൂട്ടങ്ങള്‍
പകല്‍ തണല്‍ വിരിക്കുന്ന വൃക്ഷങ്ങള്‍
തന്നെയത്രേ രാത്രിയില്‍ നിഴലുകലായി
ഭീതിപ്പെടുത്തുന്നവ ...
ആ ഉച്ച പകുതിയില്‍ നിഴലുകള്‍ നിറയുന്നു
മുഖമില്ലാത്ത നിഴലിനടിയില്‍ അവള്‍
വിഷം തൊട്ട് നീലിച്ചു കിടക്കുന്നു
വളരുമ്പോള്‍ കാരണമില്ലാതെ ഉറക്കത്തില്‍ ഞെട്ടുന്നു
അമ്മയുടെ സാരി തലപ്പില്‍ കെട്ടായി കുരുങ്ങുന്നു
മുന്നറിയിപ്പില്ലാതെ കറന്‍റ് മായുമ്പോള്‍
ഉറക്കെ അലറുന്നു
പരീക്ഷക്ക്‌ ഒന്നോ രണ്ടോ മാര്‍ക്ക് കുറയുമ്പോള്‍
വിങ്ങി വിതുമ്പുന്നു
കൂടെ വളരുന്ന സംശയിക്കുന്ന മിഴികളോടെ
ലോകത്തെ കാണുന്നു
സ്നേഹത്തിലാണെല്ലാം പൊതിയുന്നതെന്നു
തിരിച്ചറിയുന്നു
അനാവൃതമാക്കുമ്പോള്‍ കടും കയ്പ്പിതെന്നു
സ്നേഹത്തെ തന്നെ സംശയിക്കുന്നു
നിന്നെയും ..............
ചേര്‍ന്ന് കിടക്കുമ്പോഴും
ഇല്ലാത്ത സങ്കടത്തെ പ്രതി കരഞ്ഞു തീര്‍ക്കുന്നു
അരക്ഷിതത്വം നിറഞ്ഞ പകലോര്‍മ്മകള്‍
നിറഞ്ഞ രാത്രികള്‍
മറന്നാലും മരിച്ചാലും ഇല്ലതാവാത്ത നശിച്ച പകല്‍
നീ നിന്‍റെ എത്ര സ്നേഹം കൊണ്ട്
ഒപ്പിയെടുക്കും ? frown emoticon

.13-2-2038 @ 9:10 PM 52 sec

.....
നിനക്കെപ്പോഴും കാപ്പി പൂക്കളുടെ ഗന്ധമാണ്
ഓരോ രാത്രികളും പൂക്കുന്ന കാപ്പി ചെടികള്‍ നമ്മള്‍
നിലാവിന്‍റെ നിറമുള്ളവനെ എന്നെ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുക 
എന്നിട്ടാ നിലാവിന്‍റെ വെളുത്ത തൊണ്ട്
എനിക്ക് കൈമാറ്റം ചെയ്യുക
"അവള്‍ (നിശ്ചയമായും അത് അവളായിരിയ്ക്കും
എന്‍റെ സ്വാര്‍ത്ഥത തന്നെ )
അവള്‍ നടക്കുമ്പോള്‍ അവര്‍ അത്ഭുതപ്പെടും
മുസ്ലിമിന് ക്രിസ്ത്യാനിയില്‍ ജനിച്ച കുട്ടിയോ
എന്ന് സംശയിക്കും
സങ്കരണം നടക്കെണ്ടുന്നത് ,സ്വജാതിയില്‍ എന്നു
പഠിപ്പിച്ച പഠിച്ച എല്ലാവരും
അവളുടെ ചുരുണ്ട മുടിയിഴകളില്‍ തൊട്ടു
ജീവനുള്ളതെന്നു ഉറപ്പു വരുത്തും
സ്വന്തം വര്‍ഗത്തില്‍ നിന്നല്ലാതെ കുഞ്ഞുങ്ങള്‍
ഉണ്ടാകുന്നതെങ്ങനെയെന്നവര്‍ ചിന്തിക്കും
എന്നിട്ട് മഴ എന്ന പേരിന്‍റെ ജാതിയെ പറ്റി
പരസ്പരം തര്‍ക്കിക്കും
തീര്‍ന്നിട്ടില്ല .....
അവള്‍ക്കു നടക്കാന്‍ വഴികളുണ്ടായിരിക്കുകയില്ല
ഇസ്ലാമിക് സ്ട്രീറ്റും ,മേരി മാതാ റോഡും അമ്പാടി ലെയിനും
അവളെ പ്രവേശിപ്പിക്കയില്ല
എന്നാലും ഭരണഘടനയില്‍ കാലഹരണപ്പെട്ട
ന്യൂനപക്ഷ,ഭൂരിപക്ഷ , ദളിത്‌ സംവരണത്തിന്‍റെ ഒരു
കുരുക്കില്‍ അവള്‍ ഇങ്ങനെ ....
ഇനി അവള്‍ക്കൊരു കുഞ്ഞു പനി വരുമ്പോള്‍
എത്ര നാള്‍ നമ്മളിങ്ങനെ മരുന്നുകള്‍ മോഷ്ടിച്ചു കടത്തും
ഒരേ ഒരു കോളത്തിന്‍റെ അഭാവത്തില്‍
ചികിത്സ നിഷേധിക്കപ്പെടും
ക്രൈസ്റ്റ് നഗര്‍ സ്കൂളും,വിശ്വവിദ്യാപീഠവും
ജമായത്ത് പബ്ലിക്ക് സ്കൂളും
നമ്മളെ പറഞ്ഞു വിട്ടത് പോലെ
ഇവിടുന്നും ......
നിനക്കറിയില്ലേ മനുഷ്യര്‍ക്ക്‌ വേണ്ടിയല്ലാത്ത
സഹായസഹകരണ സംഘങ്ങള്‍
ഹെല്‍പ്പ്ലൈനുകള്‍ ,ഐക്യവേദികള്‍
ഇതിനെല്ലാമിടക്ക് മനുഷ്യകുഞ്ഞുങ്ങള്‍
എങ്ങനെ ജീവിക്കും
മനുഷ്യര്‍ എല്ലാ കാലവും സാമൂഹ്യ ജീവി
എന്ന് തന്നെ യാണല്ലോ നമ്മള്‍ പഠിച്ചിട്ടുള്ളത്
നിശ്ചയമായും അവളൊരു കവിയായി കൂടാ ,കലാകാരിയും
അസംഖ്യം എഴുത്തുകള്‍ക്കിടയില്‍ അവര്‍ അക്ഷരങ്ങളെ
തരം തിരിച്ചു കാണും
മനുഷ്യര്‍ക്ക്‌ സഞ്ചരിക്കാന്‍ വാഹനങ്ങളില്ലാത്ത
നാട്ടിലേയ്ക്ക് അവളെ ക്ഷണിച്ചു കൂടാ
ഇത്രയും അതി സങ്കീര്‍ണ്ണതകളെക്കാള്‍
എത്രയോ നല്ലതാണ് സഹെലിയുടെയും
മൂഡ്‌സിന്റെയും സുരക്ഷിതത്വം നിറഞ്ഞ രാത്രികള്‍
അസ്വസ്ഥതയില്ല
നിന്നെ കാണണമെന്നുണ്ട്...

എന്‍റെ ഒറ്റയില മരം

ദൂരേയൊരിടത്തു ഗ്രീഷ്മത്തില്‍
വിഷാദം പൊഴിക്കുന്ന
ഒരൊറ്റയില മരം
പുലരുമ്പോള്‍ ഘനീഭവിച്ചു
കിടക്കുന്ന വിഷാദകണങ്ങളെ 
എല്ലാ പകലുകളും ആരും ,
കാണാതെ തുടച്ചെടുക്കുന്നു
നീയിങ്ങനെ നിറഞ്ഞു തുളുമ്പി
ഒറ്റ ഇല പൊട്ടായി ഞാന്‍
ഈ ചില്ലയുടെ നെഞ്ചില്‍
പറ്റി കിടക്കുന്നു
ഇളം വെയിലുകള്‍ ,കടും വെയിലുകള്‍
ഒക്കെയും ചിത്രങ്ങളായി
മാറി മാറി നിന്നെ
ഉമ്മ വെയ്ക്കുന്നു
നീ മുന്‍പ് കണ്ട ആ പച്ചിലയുണ്ടല്ലോ
ഇല ഞെരമ്പുകള്‍ ,പ്യൂപ്പകുഞ്ഞുങ്ങള്‍
പഴുക്കാത്തയാ പച്ചില
അതൊരു ഛായാപടമാണ്
വിരസതയുടെ നീണ്ടു വിളര്‍ത്ത
വിരലുകള്‍ കോറി വരച്ച പടം
ഒറ്റയ്ക്കിരുന്നു ഞാന്‍ വിങ്ങുന്നു
ഞാനിപ്പോള്‍ ചെയ്യാത്ത കുറ്റത്തിന്
തനിയെ ചാരനിറക്കുപ്പായം
അണിഞ്ഞ കുട്ടി
എന്‍റെ മള്‍ബറി മരമേ
ഞാന്‍ എവിടെയാണ് .....?

മരിച്ചു പോയവനെ പ്രണയിക്കുമ്പോള്‍

ഞാന്‍ കഴിഞ്ഞ ജന്മങ്ങളിലും
ഈ ജന്മത്തിലും കാമുകി തന്നെയായിരുന്നു
നീറുന്ന ചൂളയിലെന്നപോലെ
എന്നെ തന്നെ നീറ്റിയുരുക്കി
ആണുങ്ങളെയുംപെണ്ണുങ്ങളെയും
മാറി മാറി പ്രേമിച്ചു നൊന്തു പോയവള്‍
എന്നാല്‍ സത്യത്തില്‍ ഇവരാരുമോ ,
മുന്‍പുള്ളവരോ ,എന്തിനു ഇപ്പൊഴുള്ളവനോ
അല്ലെന്‍റെ യഥാര്‍ത്ഥ കാമുകന്‍
മരണപ്പെട്ടു പോയ ഒരുവനുണ്ടായിരുന്നു
കവിയോ ,ചിത്രകാരനോ കലാകാരനോ
അല്ലാത്തയൊരുവന്‍
അവനെപറ്റിയെഴുതാന്‍ ഞാനെന്‍റെ
പേനയില്‍ ലോറല്‍ പിങ്കു നിറമുള്ള
മഷി നിറക്കുന്നു
അര്‍വ്വാചീനങ്ങളായ ഭാഷകള്‍
കണ്ടുപിടിക്കുന്നു അവനോടു മിണ്ടാന്‍
മരിച്ചു പോയ ഒരുവനെ സന്ദര്‍ശിക്കുമ്പോള്‍
ഒഴിഞ്ഞ കയ്യും നിറഞ്ഞ ഹൃദയവുമായി ചെല്ലുക
ഇളം റോസ്നിറമുള്ള മെഴുകുതിരികള്‍ ഉരുക്കി
കല്ലറയില്‍ അവന്‍റെ പേരിനോട് ചേര്‍ത്തു
എന്‍റെ പേരു കുറിച്ചിട്ടു ഇലയനക്കങ്ങളില്ലാതെ
പ്രണയത്തെ പറ്റി ഒരു പാട്ട് പാടുക
മരിപ്പിന്‍റെ സുവിശേഷം
ജീവിച്ചിരിക്കുന്നവരുടെ വസ്തുക്കളെക്കാള്‍
കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മരിച്ചവരുടെ
വസ്തുവകകളാണെന്ന പ്രാകൃത നിയമം
കാറ്റില്‍ കളഞ്ഞു
അവന്‍റെ ആകാശ നീല കുപ്പായത്തിന്‍റെ
വെളുമ്പന്‍ ബട്ടന്‍ കൈവെള്ളയിലിട്ടു
ഉരുക്കുക ,നാല് കണ്ണുകൊണ്ടവന്‍
നിങ്ങളെ കാണുമ്പോള്‍
ഒരു പൊട്ടായി മാറില്‍ പതിക്കുകയോ
ഇളം പച്ച മറുകായി കയ്യില്‍
ഒട്ടിച്ചു വെയ്ക്കുകയോ ചെയ്യേണ്ടതാണ്
മരിച്ചവരെ അങ്ങനെയാണ് പ്രേമിക്കേണ്ടത്
ഇനിയും നിങ്ങളവന്‍റെ പ്രണയത്തെ
സംശയിക്കുകയോ ,ചോദ്യം ചെയ്യുകയോ അരുത്
കാരണം അവന്‍ മാത്രമാണ് സത്യം
ഓരോ രാത്രികളിലും പിരിയില്ലന്നു വാക്കുതരുന്ന
എന്‍റെ സത്യസന്ധനായ ഒരേ ഒരു കാമുകന്‍
നിങ്ങള്‍ക്കറിയുമോ ? മരിച്ചവരുടെ
കൈകളുടെ ചൂടിനോളം വലുതല്ലോന്നും
രാത്രികളില്‍ ഐസ് കട്ടകളുടെ ചൂടു പോലെ
അവയെന്നെ പൊള്ളിച്ചുകൊണ്ടു
എന്നില്‍ ഇഴഞ്ഞു നടക്കുന്നു
ചുണ്ടുകളില്‍ ,മുലകളില്‍ ,അടിവയറ്റില്‍
ഉരുകിയൊഴിച്ച ലാവ പോലെ
ചത്തവിരലുകളുടെ അപഥ സഞ്ചാരം
ഒരു രാത്രിയില്‍ കഴുത്തില്‍ കുരുക്കിട്ട്
തൂങ്ങിയാടലിന്റെആ രഹസ്യം,
അന്നത്തെ രഹസ്യം എനിക്കും
പകുത്തു തരാമെന്നു ഉറപ്പ്‌ പറഞ്ഞിട്ടുണ്ടവന്‍
അവന്‍ മാത്രമാണ് യാഥാര്‍ത്ഥ്യം
പുലരുമ്പോള്‍ ഒറ്റമുറിയിലെ
എന്‍റെ കൂട്ടുകാരി കണ്‍ മിഴിക്കുകയും
നീയാകെ നീലിച്ചിരിക്കുന്നുവല്ലോ
മരിച്ചവളെ പോലെയെന്നു പറയുന്നു
സത്യം !
അവള്‍ക്കറിയില്ലല്ലോ
ഇന്നലെ രാത്രി ഞാന്‍ മരിച്ചവന്‍റെ കൂടെ
മരിച്ചു പോയതാണെന്ന്

വസന്തം റോസിനോട് ചെയ്തത് :-


നീ ചിത്ര ശലഭങ്ങളെ ചൂണ്ടയില്‍ കുരുക്കി
പൂക്കളെ പിടിക്കുന്നവന്‍
പൂമ്പാറ്റ ചിറകുകള്‍ മാലയാക്കി 
പനിനീര്‍ തണ്ടില്‍ കോര്‍ത്തു
നാലു ഋതുക്കളെയും തെറ്റി
ധരിപ്പിച്ചു
അവളെ സദാ കാലവും പൂത്തു
നിറുത്തിയൊരു കാമുകന്‍
എല്ലാകാലത്തും ,എല്ലാ നേരവും
നൂറ്റാണ്ടുകളില്‍ നിന്നും
പിണങ്ങിയൊരു വസന്തം
നിന്നോട് സമരസപ്പെട്ടു
നീ പോലുമറിയാതെ നിന്നില്‍
നിറഞ്ഞുലയുന്നുണ്ടെന്‍റെ റോസെ...
നീ നടന്നേക്കാവുന്ന വഴികളില്‍
നിന്‍റെ വിത്തുകളില്‍ ,വേരുകളില്‍
നിന്‍റെ ശാഖികളില്‍ ,ദൃഡതയാര്‍ന്ന
പച്ച തണ്ടുകളില്‍ ,കൂര്‍ത്ത മുള്ളുകളില്‍
ഉമ്മവെച്ചോരാള്‍...
നിന്നിലെയ്ക്കുള്ള കുറുക്കു വഴിയില്‍
ചില്ലു ചിറകുകള്‍ കത്രിച്ചു
മുള്ളുകള്‍ കൊരുത്തു,
ചിറകുകള്‍ നിഷ്കരുണം
കീറി , കൂര്‍ത്ത മുള്ളുകളിലൂടെ
കൈവിരലോടിച്ചു
രക്തം തൊട്ടു
ഒടുവില്‍ എത്തിചേരേണ്ടിടത്
തന്നെയെത്തി ചേര്‍ന്ന്
നീയെല്ലായ്പ്പോഴും ഒരു
വസന്തം തന്നെയാണ് റോസെ
എന്നോര്‍മിപ്പിയ്ക്കുന്നു ...