2015, ജൂലൈ 3, വെള്ളിയാഴ്‌ച

വിഷാദ വല്ലരി

ഒരാള്‍ക്ക്‌ ഒറ്റയ്ക്കെത്ര ദൂരം പോകാന്‍ കഴിയും ?
വഴി തെറ്റാതെ ,കാലങ്ങളുടെ പിന്‍ബലമില്ലാതെ
ഇരുട്ടുമുറിയില്‍നിന്ന് ഞാന്‍ യാത്ര പോകുന്നു
എഴുതി കഴിഞ്ഞ വാക്കുകള്‍ക്കോ ,കടലാസില്‍
കുത്തി വരഞ്ഞ വരകള്‍ക്കോ പോകാന്‍ 
പറ്റാവുന്നിടത്തോളം ദൂരം
അത്രയും ദൂരമുള്ള ചിന്തകള്‍
കൂടുതല്‍ കൂടുതല്‍ ചുറ്റി പിണഞ്ഞു
തലച്ചോറിനുള്ളില്‍ ഉറുമ്പരിക്കുന്നത് പോലെ
ഒറ്റ നിശ്വാസം കൊണ്ട് വിഷാദത്തെ
പുറന്തള്ളുന്നതെങ്ങനെയാണ്?
ശ്വസിക്കുന്നത് പോലും അവയാകുമ്പോള്‍
വിഷാദവല്ലരി തന്നെയാണ്
വരികളില്‍ കൂട് കൂട്ടി
കടും കെട്ടായി ..
* * * *
പുള്ളിയുടുപ്പിട്ട കടുവാകണ്ണുകളുള്ള
പരല്‍ മീനുകള്‍ ആകാശം കാണാനിറങ്ങുന്ന
ഗ്രീഷ്മകാലത്തായിരിക്കണമത്
ഞാന്‍ ചായമേഘങ്ങളേ പിഴിഞ്ഞ്
നിറമുള്ള മഴയുണ്ടാക്കി
മരിച്ചു പോയ കുഞ്ഞുങ്ങളെ ചിരിപ്പിക്കുന്നു
ബലാല്‍ക്കാരത്തിനിടയില്‍ കൊല്ലപ്പെട്ട
മൂന്നുവയസുകാരിയെന്‍റെ വിരലില്‍
ഉമ്മവെയ്ക്കുമ്പോള്‍
ഞാന്‍ ഞാന്‍ അല്ലാതാവുന്നു
ആ ഒറ്റയോര്‍മയില്‍
നിങ്ങള്‍ നിങ്ങളല്ലാതാവുന്നു
അരികില്‍ കട്ടി കൂടിയ
പാഠപുസ്തകങ്ങളും
ചായകൂട്ടുകളുമുണ്ടെന്നു കാണുമ്പോള്‍
ഒരു ചുവന്നപെന്‍സിലെടുത്തു
ഒരു വഴി വരക്കുന്നു
വിഷാദവഴി
വിഷാദ വര
* * * *
ഞെട്ടിപ്പിക്കുന്ന ശബ്ദത്തോടെ
മൊബൈലിന്റെ അലര്‍ച്ചയിലവള്‍
അപ്രിയത്തോടെ ഭൂമിയിലേക്ക്‌ വീണു
അപ്പോഴവള്‍ക്കു കാമുകനെ ഓര്‍മ വരും
അതി ശക്തമായി കണ്ണുകള്‍ ചിമ്മും
എല്ലാ കാമുകിമാരുടെ കവിതയില്‍ നിന്നും
ഞാന്‍ ഒളിച്ചു കടത്തിയ
കാമുകനെ കാണാതെ പോകുമ്പോള്‍
ഇലഞ്ഞി പൂക്കുന്നു
ചപ്രച്ച തലമുടിയും ,സോഡാകണ്ണാടിയുമായി
കരഞ്ഞു വീര്‍ത്ത കവിളുകളുമായി
എന്റെ സോപ്പുലായനികൊണ്ട്
കുമിളകൂടാരമുണ്ടാക്കി
ഞാന്‍ ഒളിച്ചു വെച്ച ആണ്‍കുട്ടി
എവിടെയായാലും തിരികെ വരിക
നിന്‍റെ ആകാശവും ഭൂമിയും
എന്‍റെ ഹൃദയത്തിലാണ്...

നിങ്ങള്‍ക്കറിയില്ലേ ?
വിഷാദിനിയായവള്‍ ഏകാകിനിയല്ലന്നു
അവള്‍ക്കു ചുറ്റും ഇതെല്ലാമുണ്ടെന്നും
* * * *
വയലിന്‍ കാണുമ്പോള്‍ ,
ഇറ്റാലിയന്‍ കാമുകനെയും
സ്നിക്കേഴ്സിന്‍റെ മധുരമുള്ള
ഫ്രെഞ്ചുകിസ്സുകളും നുണയുമ്പോള്‍
ഒറ്റയ്ക്കാവുന്നില്ല.....
അല്ല അത് ചിലപ്പോള്‍ രോഗമാവില്ല
ഉന്മാദം രതിയും ,വിഷാദമതിന്‍റെ
മൂര്‍ധന്യത്തിന്‍റെ ശാന്തതയുമാവാം
ആകാശത്തുനിന്നും നോക്കി തളര്‍ന്ന
ഒരു നക്ഷത്രത്തിന്‍റെ കണ്ണിലെ
പ്രകാശവഴി പറയുന്നു
വിഷാദം കടലല്ല,കായലല്ല
രാത്രിയല്ല
ഒടുക്കം അതൊരു രോഗമേ അല്ല
അത് ചുവപ്പാണ്
നല്ല കടും ചുവപ്പ്
എന്‍റെ ചുവപ്പിന് വയലറ്റ്‌ ആണ് നിറം
നല്ല ചുവന്ന വയലറ്റ്‌ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ