2015, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ഓന്തുചരിതം


മധ്യകേരളത്തിലെ അത്രയൊന്നും പ്രശസ്തമല്ലാത്ത ഇപ്പോള്‍ ഖദര്‍ദേശീയ വസ്ത്രമായി ധരിക്കുന്ന പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്‍റ് എബി എല്‍ദോ ഐസക്കിന്റെ ഭവനത്തിന്റെ,കൃത്യമായി പറഞ്ഞാല്‍ വടക്ക് കിഴക്ക് ഈശാനകോണില്‍ ആണെന്റെതാമസം .കുടുംബത്തോടുള്ള അനന്യമായ കടപ്പാടും പതിമൂന്നു ആണ്ടുകള്‍ക്ക് അപ്പുറം മരണപ്പെട്ട പാര്‍ട്ടിയുടെ മുന്‍ മേഖലാ സെക്രെട്ടറിയുമായ ഐസക്‌ ജോഷ്വാ ഇല്ലിക്കാടനോടുള്ള ആദരസൂചകമായി ഞാന്‍ എന്നെ ശ്രീ സണ്ണി ഇല്ലിക്കാടന്‍ എന്ന് അടുത്തിടെ നാമകരണം ചെയ്തതാണ് ( ഒരു ഓന്തിനു പേരനാവശ്യമാണെന്നും ആലോചിച്ചു വിഷമിക്കുന്ന മാന്യ വായനക്കാരോട് ഒരു വാക്ക് എബിയുടെ പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ ഏറ്റവും പ്രസക്തി ആര്‍ജിച്ചതും അവര്‍ കൂടെ കൂടെ രഹസ്യത്തില്‍ പറയുന്ന പേരിതു ആയത് കൊണ്ടാണ് ഞാനിത് തന്നെ ഇട്ടതു ,ഇപ്പോള്‍ ഇത്രയും പറയാന്‍ കാരണം കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ മൂന്നു മുപ്പതു മുതല്‍ എനിക്ക് നിറം മാറാന്‍ കഴിയുന്നില്ല

എബിയുടെ അമ്മ ശ്രീമതി ത്രെസ്യ ഐസക്‌ പറയുന്നത് ഞാന്‍ എന്റെ തൊലിയിലൂടെ കേട്ടതാണ് കുഞ്ഞുങ്ങളുടെ പൊക്കിള്‍ കൊടിയിലൂടെ രക്തം വലിച്ചു കുടിച്ചാണത്രേ ഞങ്ങളുടെ വര്‍ഗം നിറം മാറാനുള്ള കഴിവ് നില നിറുത്തുന്നത്
“ഹും പാതകം കൊടും നുണ’’
അതില്‍ പിന്നെയാണ് വിറകു പുരയില്‍ താമസിച്ചിരുന്ന എന്നെ ആ കിലുക്കാംപെട്ടി പെണ്ണ് പേടിക്കാനും കല്ലെടുത്ത് എറിയാനും തുടങ്ങിയത് .പ്രശ്നമതൊന്നും അല്ല നിറമില്ലായ്മ ,നിറം മാറാന്‍ കഴിവില്ലായ്മ അതൊന്നു മാത്രമാണ് ,പാരമ്പര്യമായി ഞങ്ങളീകുടുംബത്തില്‍ നിന്നും പുറത്തോട്ടു ഇറങ്ങാത്തതിനാല്‍ കൂട്ടക്കാരെ ആരെയും കാണാനുമില്ല,ഇച്ചിരി വെയിലടിച്ചാല്‍ ബുദ്ധി തെളിയുമെന്നോര്‍ത്തു,വെയിലത്ത്‌ ഇട്ടിരുന്ന ഓല മടലിന്റെ മണ്ടയില്‍ ചെന്നിരുന്നപ്പോഴാണ് വേലക്കാരി പെണ്ണിന്‍റെ അലറല്‍
‘ പോ അസത്തെ അവിടുന്ന്
കഴിഞ്ഞ കാലത്തെപറ്റി ചിന്തിക്കാനും സമ്മതിക്കാണ്ട് ഓരോരോ നശൂലങ്ങള്‍ ഹും ഇതിനും മുന്‍പ്‌ കൃത്യമായിട്ട് ഓര്‍മയില്ല ഒരു നാല് നാലര വര്ഷം മുന്‍പ്‌ എബിയുടെ കൊടിയുടെ നിറം നല്ല ചുവപ്പായിരുന്നു ‘’ ആ അതങ്ങനെ മാറിയും മറഞ്ഞും ഇരിക്കും’’ ഒരിക്കല്‍ കൂടി നിറം മാറാന്‍ ശ്രമിച്ചു ശ്രീ: സണ്ണി ഇല്ലിക്കല്‍ പരാജയപ്പെട്ടു, പഴുത്ത വരിക്ക ചക്കയിലെ ഈച്ചയെ പിടിക്കാന്‍ നാവു നീട്ടി. അന്നൊന്നും ചുവപ്പില്‍ നിന്നിറങ്ങാന്‍ നേരം കിട്ടാത്ത വീടിനെ പറ്റി ചിന്തിച്ചു കൊണ്ടിരുന്നു രക്ത ഹാരങ്ങള്‍ ,ചോന്ന കാര്‍ ചോപ്പ് ഉടുപ്പ് ,ഒടുവില്‍ മനസ് മടുത്ത ടിയാന്‍  ചോപ്പില്‍ നിന്നിറങ്ങാന്‍ ഓന്തു വംശത്തിന്റെ വിശുദ്ധ നഗരമായ ഓന്തു പുരിയിലെ മാതാ ഓന്തനന്ദ  ഈശ്വരിയോടുള്ള നൊവേനയുടെയും പ്രാര്‍ത്ഥനയുടെയും ഫലമായത് കൊണ്ടാവാം ഒരു സുപ്രഭാതം പൊട്ടി വിടര്‍ന്നത് റബ്ബറിന്റെ വില ഇടിച്ചും കൊണ്ടായിരുന്നു ,എബിച്ചായനു മുന്നും പിന്നും നോക്കനുണ്ടായിരുന്നില്ല റബ്ബറിന് താങ്ങ് വില നല്‍കാത്ത സര്‍ക്കാറിനിട്ടൊരു താങ്ങും താങ്ങി എബി ഖദര്‍ ഇട്ടു സമധാനവാദി ആയി .വീടും വണ്ടികളും ഒക്കെ മൂവര്‍ണകൊടി അങ്ങനെ പാറി. നാശം പിടിക്കാന്‍ മുന്‍ സഖാവ് എബി ഐസക്കിനതു പറ്റിയ പോലെ എനിക്കതിനു വയ്യായിരുന്നു പലപ്പോഴും നിറം മാറാന്‍ കഴിയാതെ ഞാന്‍ പിടിക്കപ്പെട്ടു ,ആ ശ്രീകരം പിടിച്ച വേലക്കാരിയുടെ വായില്‍ നിന്ന് നല്ല ചീത്തയും കേട്ടു ആ സംഭവമായിരുന്നു ഒന്നാമത്തെ ലെക്ഷ്ണം

ഇത്രയുമാലോചിച്ചു മുന്‍ സഖാവ് ശ്രീ സണ്ണി ഇല്ലിക്കാടന്‍ ഒന്ന് നാക്ക് നീട്ടി ,നാക്കാണ് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍റെ ഏറ്റവും വല്യ ആയുധമെന്നു ഞാന്‍ പലപ്പോഴായി പാര്‍ട്ടി ക്ലാസുകളില്‍ നിന്നും മനസിലാക്കിയിട്ടുണ്ട് ,ഞങ്ങള്‍ക്കും അതങ്ങനെ തന്നെ .കിട്ടുന്നതിന്റെയും കൊടുക്കുന്നതിന്റെയും കണക്കുകളുടെ കാര്യത്തില്‍ കണിശക്കാരനായ മുന്‍ സഖാവിന്‍റെ കുടുംബക്കാരനെന്ന നിനയില്‍ ഞാന്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഭജന്‍സ് ശാന്തി കീര്‍ത്തനങ്ങള്‍ ഒക്കെയാണ് .മറ്റൊരു ഓന്തു ജീവി ഇല്ലാത്തതു കൊണ്ട് ഉരലിനപ്പുറം ഇരിക്കുന്ന പേക്കാച്ചി തവളയോടും പൂച്ചയോടും ഞാനീ പ്രസംഗങ്ങള്‍ ഒക്കെ പ്രസംഗിക്കാറുണ്ട്. ഓരോ വാക്കിന്‍റെ ആവേശക്കടലില്‍ നിറം മാറുന്ന എന്നെ കാണുമ്പോള്‍ വാ പൊളിച്ചു നില്‍ക്കുന്ന അവര്‍ക്കിടയിലെ താത്വീകാച്ചര്യനായ ഞാനാണ് ഇങ്ങനെ നിറം മാറാനാവാതെ ഇങ്ങനെ മഴവില്ലിനെ നോക്കി നെടുവീര്‍പ്പിടുന്നത്

എബിയ്ക്ക് ഇന്നേ വരെ ഇല്ലാത്ത നിറങ്ങളുടെ കൂട്ടുകാരായിട്ടു രാത്രി ചില വരുത്പോക്കലുകള്‍ ഈയിടെ അടുത്താണ് ഞാന്‍ കണ്ടു പിടിച്ചത് കാവിയുടെ ലോകത്തേയ്ക്ക് ഞാന്‍ മാറാന്‍ നോക്കി ആ നിറം വരുന്നില്ല .അത് കൊണ്ട് എന്‍റെ കാവിയുടുക്കലിനു വല്യ പ്രസക്തി ഇല്ലാതെ ആയി പോയി .അല്ല അത് സാരമില്ല,പരസ്യമായി കാവിയിട്ടത് കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് എബി കള്ളുകുടിചോണ്ട് പറയുന്നത് കേട്ടതാ എനിക്കതില്‍ വിശ്വാസമില്ല ..പക്ഷെ എന്നാലും നിറം മാറാന്‍ കഴിയാത്തത് ചില്ലറ കുഴപ്പം ഒന്നും അല്ല ഉണ്ടാക്കുന്നത് .
നഷ്ടപ്പെട്ടു പോയ ശേഷി തിരിച്ചു കിട്ടാന്‍ വൈദ്യ സഹായം തേടാനും ഞാനുറച്ചു നിറം വെക്കാന്‍ വേണ്ടി ഈ കുടുംബത്തിലെ ഇളയ സന്താനം ഓന്തു ലേഖ ദശപത്രി ഫേസ് പാക്‌ തേച്ചു
‘’ഹും ഹും  ഒരു പ്രയോജനവും ഇല്ല ‘’
അല്ലപ്പോ മുറിയില്‍ ഓന്തിനെ കണ്ടാല്‍ ഇത്ര ബഹളം വെയ്ക്കാന്‍ എന്താണ് ഹേ

ഓ ആ കുരിപ്പ് പാതി രാത്രി ഫോണില്‍ ഓരോരോ നിറങ്ങളെ പോലെ ഓരോരോ മോഡില്‍ മാറി മാറി മിണ്ടുന്നത്‌ കാണുമ്പോള്‍ നഷ്ടപ്പെട്ടു പോയ കഴിവ്‌ ഓര്‍ത്തു ഖിന്നനായി കുത്തിരിക്കുന്നു

അവസാനം നല്ല വെളിച്ചമുള്ള ആ പകലിലാണ് വെളിപാട് കിട്ടിയത് ,ശ്രീമാന്‍ സണ്ണി ഇല്ലിക്കാടന്‍ ഓന്തുണ്ണി സമസ്ത ഓന്തു വര്‍ഗങ്ങലോടും ഇങ്ങനെ പ്രസ്താവിച്ചു ,
‘’നിറം മാറാന്‍ കഴിവില്ലാത്ത ഞാന്‍ ഇനി മുതല്‍ മനുഷ്യന്‍ ആണ് ,ഇവുടുത്തെ മനുഷ്യര്‍ യഥാര്‍ത്ഥത്തില്‍ ഓന്തുകളും’’

പലപ്പോഴായി പുരയ്ക്കകത്തു കാണാറുള്ള ഓന്തിനെ പൂന്തോട്ടത്തിലെ പാറപ്പുറത്ത് കണ്ട ശ്രീമതി ദീനാമ്മ എന്നാ മാതൃകാ വേലക്കാരി അതിന്‍റെ തല മണ്ട നോക്കി പത്തല് കൊണ്ട് ഒന്നങ്ങു കൊടുത്തു ,ചാരിതാര്‍ത്ഥ്യയായി ഓന്തിന്റെ ജഡം കൊച്ചമ്മയ്ക്ക് കാണിച്ചു കൊടുക്കാന്‍ അടുക്കളപുറത്തേയ്ക്ക് ഓടി .................


2015, ജൂലൈ 3, വെള്ളിയാഴ്‌ച

പ്രണയ ബാധിത ഉടലിടങ്ങള്‍

പ്രണയ ബാധിത ഉടലിടങ്ങള്‍ 
ഉയിര് പിഴുതെടുക്കുന്ന 
നോവിന്‍റെ അതി വൃഷ്ടി 
ചൊരിയുന്ന ചില ഉള്ളറകള്‍
പ്രേമനിരോധിത മേഖലകളെ 
പ്രണയബാധിത ഉടലിടങ്ങളെന്നു 
പുനര്‍നാമകരണം 
ചെയ്യപ്പെടെണ്ടത്
എത്ര പെട്ടന്നാണ്
പ്രേമപെരുംകടല്‍ അലയ്ക്കുന്ന
നെഞ്ചിന്റെ കടലോരത്ത് നിന്നും
കവിളോരം കരയ്ക്കിറങ്ങിയ
വിരലുകളുടെ കപ്പല്‍ യാത്രകളില്‍
ഉപ്പുകുറുക്കുന്ന ഇരുണ്ട
കണ്ണിണകള്‍
എന്‍റെ ഉള്ളു പൊള്ളിയ്ക്കുന്നുണ്ടീ
പ്രണയ വണ്ടികള്‍
സാറ്റിന്‍റെ ഉള്ളുടുപ്പുകള്‍ക്കുള്ളിലൂടെ
നോവിന്‍റെ തീവണ്ടിയിലേറി
പ്രണയത്തിന്‍റെ മേലങ്കിയിട്ടൊരു
സ്നേഹപ്പുഴു എണ്ണ മിനുക്കുന്നു
താടിയോരത്തെ അഗ്നി പര്‍വത
സത്ത്പിഴിയുമ്പോള്‍
ചോരപാടുകള്‍
നീലിച്ച ചോരകള്‍
വെയില്‍ കാലമാണ്
ഉള്ളുരുകുന്ന പുകഞ്ഞു
കത്തുന്ന വെയില്‍ക്കാലം

തലവേദന

വെള്ളകതിരുകള്‍ക്ക് ഇരട്ടവാലന്‍ സ്വഭാവമുണ്ട് 
വാളിന്‍റെ വായ്ത്തല മൂര്‍ച്ചയും 
ഇരുട്ടുമുറിയില്‍ അടിച്ചു വീഴ്ത്തിയെന്നെ
ജയിച്ചു നില്‍ക്കുന്നുണ്ടാ തലനോവ്‌ 
വേദനയുടെ അതി വേഗ പെരുക്കങ്ങളില്‍ 
വെളിച്ചം ശത്രുവാണ്
ചിന്തകളും സ്വപ്നങ്ങളുമെരിയുന്ന
മസ്തിഷ്കത്തില്‍ വഴിതെറ്റിക്കുന്ന ,
ഒളിഞ്ഞു കിടക്കുന്ന വലിയൊരു
വേദന ചുഴി
വേദന സംഹാരികള്‍ നിഷ്പക്ഷതയെ
ജയിപ്പിച്ചു വിടുന്ന
വിഷാദം കുത്തുന്ന തലവേദനകള്‍
വെളുത്ത കാളകൂറ്റന്മാര്‍
ചെമ്പട്ടുകത്തുന്ന തൂവാല വീശുമ്പോള്‍
വിളറിപിടിച്ചങ്ങു പായുംപോലെ
തെക്ക് വടക്കങ്ങു ഉലാത്തുന്നു
നനഞ്ഞ തോര്‍ത്തിന്‍റെ
തണുത്ത കൈകളാല്‍
നെറ്റിതടത്തില്‍ ഒരു കടും കെട്ടുകെട്ടി
നോവാറ്റി കളയുന്നു
ഒഴിഞ്ഞു പോവാത്ത ,ആരും കാണാത്ത,
നിറമുള്ള പൂമ്പാറ്റ കുഞ്ഞുങ്ങള്‍
എന്‍റെ ഇരട്ടവാലന്‍ തലവേദനയ്ക്ക് കൂടെ
തകിലു കൊട്ടുന്നു
നച്ചതിരത്തിന്‍ കതൈലെ
മിന്നാമിന്നി കൂട്ടങ്ങള്‍
തലക്ക് ചുറ്റും വെളിച്ചം നിറക്കുന്നു
എല്ലമടങ്ങി തലയുയര്‍ത്തുമ്പോള്‍
വലത്തേ കണ്ണിന്‍റെ അരികത്തുകൂടെ
നെറ്റിമേല്‍ ഇഴഞ്ഞു ഒരു കുഞ്ഞു നോവ്
വഴി തെറ്റാതെ
ഒരു കട്ടഞ്ചായയിലോ
സ്മിര്‍ണോഫിലോ തീര്‍ത്തു
കളയാനാവാത്തവിധം
നോവിന്‍റെ പെരുക്കപട്ടികകള്‍
ആണീ തലവേദനാ -
ദിനസരികുറിപ്പ്‌

രഹസ്യം

പാടകെട്ടിയ നരച്ചയാകാശത്തിനു താഴെ
നമുക്കിടയില്‍ രഹസ്യങ്ങളരുതെന്ന
വാക്കുടമ്പടിയനുസരിച്ചു ആദ്യ കാമുകന്‍റെ
ഒന്നാമത്തെ ചോദ്യമതിനെപറ്റിയായിരുന്നു
"ആ രഹസ്യങ്ങളെ പറ്റി"
ചില രഹസ്യങ്ങള്‍ അങ്ങനെയാണ്
പത്തു പതിനാലു വര്‍ഷം വേണം
തുടുക്കാന്‍ ...
അല്ലെങ്കിലും അവനതു ചോദിക്കേണ്ടവന്‍ തന്നെ
കണ്ണുകളിരുസമുദ്രങ്ങളായി നിന്നരുകില്‍
നിന്നാലും നോട്ടമാദ്യമെത്തുക
കാഴ്ചയില്ലാത്ത നെഞ്ചിലെയാ
ഇരട്ടകണ്ണുകളില്‍ തന്നെയാണ്
രതിയുന്മാദപ്രേമപ്പെരുംമഴക്കാലയവസാന
രാത്രികളില്‍ മുലകളില്‍ വീണുറങ്ങിയ
ആദ്യത്തെ കാമുകനു മുന്‍പില്‍
അമ്മയോളം വളരുന്നു ചുരത്തുന്നു
പിന്നീടോരിക്കലും കണ്ടതേയില്ലവനെ
വേദനയുടെ ആഴം എത്ര വരും ?
അത്രയും ആഴത്തില്‍ ഞാന്‍ ഒറ്റയ്ക്കായി
രണ്ടാമത്തെ കാമുകന്‍;
ഒരു ശിശിരകാലത്താണതു
ബഹളങ്ങളില്ലാതെ ശാന്തമായി
പുഴതിരിഞ്ഞോഴുകുന്ന കൈവഴിയില്‍
അലസനായി ,ആട്ടിന്‍ പറ്റങ്ങളെ മേയിച്ചിരുന്നവന്‍
മഴനൂലുകളില്‍ കെട്ടി ദൈവം തണുപ്പിറക്കുന്ന
സന്ധ്യക്കെന്നെ ആഞ്ഞു ചുംബിച്ചവന്‍
ചുംബിച്ചമാത്രയില്‍ ചുണ്ടുകള്‍ ഇരുളുകയും
മുലകള്‍ നീലിച്ചു,പിന്നെയും കറുക്കുകയും ചെയ്തു
വിഷം തൊട്ടപോലെ ...
ആ നിമിഷം തന്നെ മറ്റൊരു ഭൂഗര്‍ഭനദിപോലെയവന്‍
താഴേയ്ക്ക് പോയി
വിഷാദത്തിനന്ത്യമായി....
നീലിച്ച സ്തനങ്ങളുമായി ഞാനാ വിഷാദം
പേറിആയുഷ്ക്കാലം നീറ്റുമ്പോള്‍
മൂന്നാമത്തവനും അവസാനത്തവനുമാണ്
ആ രഹസ്യങ്ങളുടെ കടും കുരുക്കഴിച്ചത്
ഓറഞ്ച് തൊലികള്‍ക്കും മാതളനാരകങ്ങള്‍ക്കും
മീതെ ഒരു തുടം നിറങ്ങള്‍ ഒഴിക്കുകയും
നിരാശകള്‍ കൊണ്ടുള്ള വിഷാദവരകളെ
ഇളം പച്ച ബ്രഷുകൊണ്ട് കൂട്ടി യോജിപ്പിച്ചു
തെറ്റി പോയ വഴികളെ കണ്ടു പിടിച്ചു
വീണ്ടും വീണ്ടും വരച്ചു കൊണ്ടേയിരുന്നു
വിഷം തൊട്ട നീലകള്‍ ഒറ്റ തലോടലാല്‍
പുഷ്പ്പിക്കുകയും ,ചുണ്ടുകള്‍ കൊണ്ട് മീട്ടുന്ന
ഗിതാറിലെ പ്ലാസ്റ്റിക്‌ വല്ലികളെ പോലെ
ശ്രുതികള്‍ മുറുക്കിയും അയച്ചും
ഇല്ലാത്ത വേലി പടര്‍പ്പിലെ
ചെമ്പന്‍ പൂവിതളുകള്‍ ഞെരടിയും
വസന്തമാഘോഷിച്ചു
വിഷാദപെയ്ത്തുകളുടെ ചുരുള്‍ .
നഗ്നതയില്‍ ഇരട്ട മാലാഖകുഞ്ഞുങ്ങളെ
ലാളിക്കുകയും,പരിഭാഷ എന്ന താളിലെ
ഒരു വരിയുടെ കനത്തില്‍
നാല് കണ്ണുമ്മകള്‍ കൊണ്ട്
ചിത്രമെഴുതിയ
ദ്വൈതമാംസപിണ്ഡങ്ങള്‍ക്കു
ശാപമോക്ഷം കൊടുക്കുകയും ചെയ്തു

ഉസ്കൂള്‍

എപ്പോളും ഇങ്ങനെ മിണ്ടാണ്ടിരുന്നാ
ഈ സ്ലേറ്റിലൊക്കെ അമ്പതിലമ്പതു കിട്ട്വോ ?
മിണ്ടിട്ടും മിണ്ടിട്ടും കിട്ടുന്ന മൊട്ടകകളൊക്കെയും
മായിച്ചു മായിച്ചു നിയ്ക്ക് വയ്യ
ഇത് കണ്ടോ ?
വെളുവെളുക്കെ ചിരിക്കണ ഉമ്മെടെ
കണ്ണില്‍ പെടാണ്ട് വരച്ചതാ
സൂര്യനാ ?
അല്ല സൂര്യന്റെ് കുഞ്ഞാ
അതല്ലേ ചെര്‍തായി പോയത്
മ്മക്ക് ഓടിയാലോ
ഓടിട്ടും ഓടിട്ടും എത്താത്ത
മൊട്ടക്കുന്നിന്റെ കശുമാവിന്‍
ഏറ്റം താഴത്തെ ചില്ലയില്‍
പേര് പകുതിയായി എഴുതീട്ടുണ്ട്
“ഞ്ചു “ ന്ന എഴ്ത്യാ ,ന്ജൂ ന്നാ
ഓര്‍മ്മയില്ലല്ലോ
ചിഞ്ചമ്മേ
മോളിടീച്ചര്‍ പഠിപ്പിച്ചതൊക്കെ
പിന്നേം പിന്നേം മറന്നുപോവാ
ഇല്ലല്ലോ
ഒന്നും മറക്കുന്നില്ലല്ലോ
ഇതിലൊക്കെ അപ്പിടി പുസ്തകങ്ങളാ
പാതി മാത്രം ചായം കൊടുത്തവ
ബാക്കിയൊക്കെ നിനക്കാ
നിറമടിക്കാന്‍
അതിപ്പോ നിന്നെ പോലെ
എങ്ങനെയാ വരക്കുക
ചിലപ്പോ, നിന്റെ
ഈ ചായപെന്സി്ലോണ്ടായിട്ടാരിക്കും
ഞാനതങ്ങ് വിഴുങ്ങിയാലോ ഹാഫിസേ
നിയ്ക്കും വരയ്ക്കാന്‍ പറ്റൂലോ
കല്ലുവെട്ടു കുഴിയിലെ വെള്ളത്തില്‍
താഴ്ന്ന ഉറുമ്പ്കുട്ടനെ രക്ഷിച്ച
കടലാസു വഞ്ചിയില്‍ എന്റെ പേരെഴുതി
കൊടി നാട്ടിയവനാ അവന്‍
പച്ച പ്യാരീസ്‌
കറുത്ത കമര്‍ക്കെട്ട്
മിട്ടായി മണമുള്ളവന്‍
നിയെപ്പോം പച്ച വളയിട് പെണ്ണെന്നും
പറഞ്ഞു പാകമാവാത്ത ചെറ്യ കുപ്പിവള
കയ്യുമേല്‍ തിരുകി ഒടുക്കം
വള പൊട്ടി ,ചില്ലൊക്കെ
കുഴിച്ചിട്ടു വെള്ളോഴിച്ചു
മൂന്നൂസം നോക്കിയിരുന്നു
വളമരം പൊടിക്കാന്‍
പിന്നെ കണ്ടപ്പോള്‍ ചെമ്പന്‍ പൂച്ചെടെ
ഏറ്റവും ആദ്യത്തെ കുഞ്ഞിനെ
തന്നോനാണ് അവന്‍
അടുക്കളയിറയത്തു
ചാക്കുകെട്ടില്‍ അതങ്ങനെ
നിറയെ പെറ്റുപെരുകി
അത്തര്‍ മണക്കുന്ന
പുസ്തകതാളുകളില്‍ നിന്നും
കട്ടെടുത്ത പേരാലില
നെടുകെ പിളര്ന്നാ ല്‍
ആലിലയുടെ ഊര്ന്നു വരുന്ന
ഉണ്ണികണ്ണനോട്
എന്ത് ചോദിച്ചാലും
തരും ന്നുപറഞ്ഞ
മൂന്നു ബിയിലെ നുണയന്‍
ഗണേഷാ...
കുഞ്ഞി കണ്ണാ
ഇന്റോടെക്ക്
സ്വപ്നത്തില് വരണ
അവനെ ഒന്നൂടി മുന്നില്‍
കൊണ്ടുവായോ

വിഷാദ വല്ലരി

ഒരാള്‍ക്ക്‌ ഒറ്റയ്ക്കെത്ര ദൂരം പോകാന്‍ കഴിയും ?
വഴി തെറ്റാതെ ,കാലങ്ങളുടെ പിന്‍ബലമില്ലാതെ
ഇരുട്ടുമുറിയില്‍നിന്ന് ഞാന്‍ യാത്ര പോകുന്നു
എഴുതി കഴിഞ്ഞ വാക്കുകള്‍ക്കോ ,കടലാസില്‍
കുത്തി വരഞ്ഞ വരകള്‍ക്കോ പോകാന്‍ 
പറ്റാവുന്നിടത്തോളം ദൂരം
അത്രയും ദൂരമുള്ള ചിന്തകള്‍
കൂടുതല്‍ കൂടുതല്‍ ചുറ്റി പിണഞ്ഞു
തലച്ചോറിനുള്ളില്‍ ഉറുമ്പരിക്കുന്നത് പോലെ
ഒറ്റ നിശ്വാസം കൊണ്ട് വിഷാദത്തെ
പുറന്തള്ളുന്നതെങ്ങനെയാണ്?
ശ്വസിക്കുന്നത് പോലും അവയാകുമ്പോള്‍
വിഷാദവല്ലരി തന്നെയാണ്
വരികളില്‍ കൂട് കൂട്ടി
കടും കെട്ടായി ..
* * * *
പുള്ളിയുടുപ്പിട്ട കടുവാകണ്ണുകളുള്ള
പരല്‍ മീനുകള്‍ ആകാശം കാണാനിറങ്ങുന്ന
ഗ്രീഷ്മകാലത്തായിരിക്കണമത്
ഞാന്‍ ചായമേഘങ്ങളേ പിഴിഞ്ഞ്
നിറമുള്ള മഴയുണ്ടാക്കി
മരിച്ചു പോയ കുഞ്ഞുങ്ങളെ ചിരിപ്പിക്കുന്നു
ബലാല്‍ക്കാരത്തിനിടയില്‍ കൊല്ലപ്പെട്ട
മൂന്നുവയസുകാരിയെന്‍റെ വിരലില്‍
ഉമ്മവെയ്ക്കുമ്പോള്‍
ഞാന്‍ ഞാന്‍ അല്ലാതാവുന്നു
ആ ഒറ്റയോര്‍മയില്‍
നിങ്ങള്‍ നിങ്ങളല്ലാതാവുന്നു
അരികില്‍ കട്ടി കൂടിയ
പാഠപുസ്തകങ്ങളും
ചായകൂട്ടുകളുമുണ്ടെന്നു കാണുമ്പോള്‍
ഒരു ചുവന്നപെന്‍സിലെടുത്തു
ഒരു വഴി വരക്കുന്നു
വിഷാദവഴി
വിഷാദ വര
* * * *
ഞെട്ടിപ്പിക്കുന്ന ശബ്ദത്തോടെ
മൊബൈലിന്റെ അലര്‍ച്ചയിലവള്‍
അപ്രിയത്തോടെ ഭൂമിയിലേക്ക്‌ വീണു
അപ്പോഴവള്‍ക്കു കാമുകനെ ഓര്‍മ വരും
അതി ശക്തമായി കണ്ണുകള്‍ ചിമ്മും
എല്ലാ കാമുകിമാരുടെ കവിതയില്‍ നിന്നും
ഞാന്‍ ഒളിച്ചു കടത്തിയ
കാമുകനെ കാണാതെ പോകുമ്പോള്‍
ഇലഞ്ഞി പൂക്കുന്നു
ചപ്രച്ച തലമുടിയും ,സോഡാകണ്ണാടിയുമായി
കരഞ്ഞു വീര്‍ത്ത കവിളുകളുമായി
എന്റെ സോപ്പുലായനികൊണ്ട്
കുമിളകൂടാരമുണ്ടാക്കി
ഞാന്‍ ഒളിച്ചു വെച്ച ആണ്‍കുട്ടി
എവിടെയായാലും തിരികെ വരിക
നിന്‍റെ ആകാശവും ഭൂമിയും
എന്‍റെ ഹൃദയത്തിലാണ്...

നിങ്ങള്‍ക്കറിയില്ലേ ?
വിഷാദിനിയായവള്‍ ഏകാകിനിയല്ലന്നു
അവള്‍ക്കു ചുറ്റും ഇതെല്ലാമുണ്ടെന്നും
* * * *
വയലിന്‍ കാണുമ്പോള്‍ ,
ഇറ്റാലിയന്‍ കാമുകനെയും
സ്നിക്കേഴ്സിന്‍റെ മധുരമുള്ള
ഫ്രെഞ്ചുകിസ്സുകളും നുണയുമ്പോള്‍
ഒറ്റയ്ക്കാവുന്നില്ല.....
അല്ല അത് ചിലപ്പോള്‍ രോഗമാവില്ല
ഉന്മാദം രതിയും ,വിഷാദമതിന്‍റെ
മൂര്‍ധന്യത്തിന്‍റെ ശാന്തതയുമാവാം
ആകാശത്തുനിന്നും നോക്കി തളര്‍ന്ന
ഒരു നക്ഷത്രത്തിന്‍റെ കണ്ണിലെ
പ്രകാശവഴി പറയുന്നു
വിഷാദം കടലല്ല,കായലല്ല
രാത്രിയല്ല
ഒടുക്കം അതൊരു രോഗമേ അല്ല
അത് ചുവപ്പാണ്
നല്ല കടും ചുവപ്പ്
എന്‍റെ ചുവപ്പിന് വയലറ്റ്‌ ആണ് നിറം
നല്ല ചുവന്ന വയലറ്റ്‌ ...

റിയാലിറ്റി ഷോ

സ്പോണ്‍സറെ കിട്ടാത്തത് കൊണ്ട്
പലവട്ടം നീട്ടി വെച്ചൊരു റിയാലിറ്റി ഷോയുടെ
പരസ്യപ്പെടുതലാണിത് സുഹൃത്തേ ,
നിങ്ങളീ ചുവരില്‍ വായിച്ചു കൊണ്ടിരിക്കുന്നത്
ഒരേയൊരു മത്സരാര്‍ഥിയായ ഞാന്‍
വിധികര്‍ത്താക്കളായ നിങ്ങളോരോരുത്തരേയും
ക്ഷണിക്കുകയാണ് പ്രിയപ്പെട്ടവരേ ..
അതെങ്ങനെയാവണമെന്നു നിങ്ങളുടെ
എസ് എം എസ് പോലെയാണ്
തേഞ്ഞു പോയ പ്രതീക്ഷയുടെ കുരുക്കിലോ
പൂത്തു പോയ സ്വപ്നങ്ങളുടെ വിഷകുപ്പിയിലോ
ചാലു കീറി രക്തനദി സൃഷ്ടിച്ചു കൊണ്ടോ ആവാം
ഇഷ്ടം പോലെ !
വരച്ച വരക്കും വട്ടത്തിനും ഉള്ളിലാവാതെ പോയ
വാക്കുകുഞ്ഞുങ്ങള്‍ എന്നോട്
പിണങ്ങുമായിരിയ്ക്കും
ആത്മഹത്യാകുറിപ്പില്‍ ടാഗ് ചെയ്യപ്പെടെണ്ടവനെ
ഒരു രേഖ കൊണ്ട് ബ്ലോക്കിയതാണ്
അത് കൊണ്ട് അവന്‍ ഒന്നും പറയില്ല
പാവം ,നല്ലൊരു കുട്ടിയായിരുന്നെന്നു നാട്ടാര്
മാര്‍ക്കിട്ടെയ്ക്കാം ,(കളവാണത്,
ഉള്ളില്‍ കലാപത്തിന്‍റെ വിത്ത്‌
കൊണ്ട് നടന്നവള്‍ ആണ്)
ഞാനറിയാത്ത ഒന്നുമവള്‍ക്കുള്ളിലില്ലെന്ന്
അമ്മ ആണയിടും
(അസത്യമാണത് ഇന്നോളമെന്നുള്ളില്‍
വന്നു നിറഞ്ഞ വസന്തമാരുമറിഞ്ഞിരുന്നില്ല
നിങ്ങളുടെ സമയമേതുമപഹരിക്കാതെ
വാര്‍ത്താചാനലിന്‍റെ ഒരരികത്തു കൂടെ
ഒരത്താഴസമയത്ത് നെഞ്ച് പൊട്ടികൊണ്ട്
ഞാനത് ചെയ്യും
മാര്‍ക്കിടാന്‍ നിങ്ങളെ ഓരോരുത്തരായി
ക്ഷണിക്കുന്നു ..