2014, ജൂലൈ 10, വ്യാഴാഴ്‌ച

പോസ്റ്റുമോര്‍ട്ടത്തില്‍ കാണാത്തത്



വയസ്സ് -14
ലിംഗം -പെണ്ണ്
നാലടി
നാല്പത് കിലോ
സ്വപ്നങ്ങളുടെ ഭാരമായിരിയ്ക്കാം
കണ്ണുകളില്‍ നനഞ്ഞ പ്രതീക്ഷകള്‍
നീല നിറത്തിലുള്ള ശ്വാസകോശങ്ങള്‍

പൊള്ളിയ പാടുകള്‍ പെന്‍സിലുകളെ ഓര്‍മിപ്പിച്ചു
കല്ല്‌ പെന്‍സിലുകള്‍, കളര്‍ പെന്‍സിലുകള്‍,
ചോക്ക്‌ പെന്‍സിലുകള്‍ പലവിധം.

ഹൃദയത്തിന്‍റെ സ്ഥാനത്തു
ഒരുകുഞ്ഞു പെട്ടി,
നിറയെ വളപ്പൊട്ടുകളും തീപ്പെട്ടി പടങ്ങളും,
ഒരുതുണ്ട് മയില്‍പീലിയും അടച്ചു വെച്ച പെട്ടി.

തലച്ചോറിന്റെ ഉള്ളില്‍
പിഞ്ഞി പഴകിയ പുസ്തകം
അതിനും ഉള്ളില്‍
വാസന സോപ്പിന്റെ കൂട് ഭദ്രമായി.

അവളൊരു കുഞ്ഞു പെണ്‍കുട്ടി
ഗര്‍ഭപാത്രത്തിനുള്ളില്‍
തുണിപ്പാവകളെ കൊഞ്ചിച്ചു
മതിയാവാത്ത ഒരമ്മ പെണ്ണ്.

കാണാത്ത കാര്യങ്ങളുടെ
കണ്‍കെട്ടോടെവായന അവസാനിപ്പിക്കുന്നു

പേരില്ലാ കവിത

നീലതടാകത്തിന്റെ
ആഴവും തണുപ്പുമറിയാന്‍
ഞാനാണ് നിന്നെ
വിരല്‍ തുമ്പുകള്‍കൊണ്ട്
പറഞ്ഞു വിട്ടത് ...
ഒടുവില്‍ നീല ബലൂണ്‍പോലെ
നിയിങ്ങനെ പൊങ്ങു തടിയായി

തണുപ്പു തിന്നു തീര്‍ത്തിട്ടില്ലാത്ത
ചുണ്ടുകളും ,മലര്‍ന്ന കണ്ണുകളും
ഉമ്മകള്‍ കൊണ്ട് പൂട്ടിയിട്ടത്
ഞാനാണ്...

അവസാനം ഭാരമില്ലാത്ത
നിന്‍റെ ദേഹം
മണ്ണിനടിയില്‍ സൂക്ഷിച്ചു
വെച്ചിട്ടുണ്ട്

തളിരിനെക്കാളും
പൂവിനെക്കാളും മുന്‍പേ
വസന്തമറിയുന്നത്
വേരുകളായത് കൊണ്ടാണ്
ഞാന്‍ നിന്നെ
മണ്ണിനടിയില്‍
വേരുകളോട് ചേര്‍ത്ത്
കുഴിച്ചിട്ടത്.
വസന്തം ആദ്യം നിന്നെ തൊടട്ടെ

പൊരുത്തം

പത്തില്‍ പത്തു പൊരുത്തമുണ്ട്
പക്ഷെ നീ വെള്ളക്കെട്ട് കാണുമ്പോള്‍
ഞാന്‍ കടലും ,നീ നിറങ്ങള്‍ എന്ന്
പറയുമ്പോള്‍ ഞാന്‍ പൂക്കളും
നീ അക്ഷരങ്ങളായി കാണുമ്പോള്‍
ഞാന്‍ കവിതയും കാണുമെന്നു
ഒരു തലക്കുറിയിലും
എഴുതാതെ പോയതെന്താണ് ??

എല്ലാമറിയുന്നവര്‍...

അവര്‍ക്ക് അറിയാത്തതായി ഒന്നുമില്ല
അല്ലെങ്കില്‍
മഞ്ഞറോസയുടെ പൂമൊട്ട്
ഞെരിച്ചമര്‍ത്തി ദൂരെ എറിയുമ്പോള്‍…
പിങ്കുനിറമുള്ള ലൈഫ്ബോയ്‌ സോപ്പ്
വായില്‍ വെക്കുമ്പോള്‍…
അവര്‍ ഓടി വരുന്നതെങ്ങനെ?

അവര്‍ക്ക് ക്ഷമിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല
അല്ലെങ്കില്‍
കുറുമ്പോടെ മിണ്ടാതിരിക്കുന്ന,
ചുവന്ന റിബണിട്ട് മുടി മെടഞ്ഞ
നാലു വയസ്സുകാരിയോട്
പിണങ്ങാതിരിക്കുന്നതെങ്ങനെ?

അവര്‍ക്ക് ഉത്തരമില്ലാത്തതായി ഒന്നുമില്ല
അല്ലെങ്കില്‍
കിടക്കയില്‍ ആദ്യമായി കണ്ട
രക്തഭൂപടങ്ങളുടെ സാരംശം
എങ്ങനെ അറിയുമായിരുന്നു?

വായിച്ചു പകുതിവച്ച
വലിയ ഗ്രന്ഥകെട്ടുകളിലെ ബാക്കി ഭാഗം
ഓര്‍ത്തു വെയ്ക്കുന്ന മനസ്സ്
മകള്‍ വീട്ടിലുണ്ടാവാത്ത
വിശേഷ ദിവസങ്ങളില്‍
ചമയ്ക്കുന്ന വിശിഷ്ട മധുരം
അവര്‍ക്ക് കൈപ്പായി
രുചിക്കുന്നതെന്താണ്?

കണക്കിന് മാര്‍ക്ക് കുറഞ്ഞതിനു
വാശിയെടുത്തു
വീട്ടില്‍ നിന്നിറങ്ങി പോയ
ഒന്നാം ക്ലാസ്സുകാരി പിന്നീട്
അതേ ലാഘവത്തോടെ
ഒരു കുറിപ്പെഴുതി
സ്വപ്ന ലോകത്തേക്ക്
രാജകുമാരനൊപ്പം
നടന്നു കയറിയപ്പോഴും
ക്ഷമിച്ചിട്ടുണ്ടാവാം

എരിയുന്ന മെഴുതിരി കൂട്ടങ്ങളെക്കാളും
തീവ്രതയോടെ കത്തിക്കയറിയ
അമ്മ മനസ്സ് കാണാത്ത
തീവണ്ടി പാളങ്ങളില്‍
തല ചേര്‍ത്തവള്‍
സല്‍വാറിനെ ചുവപ്പണിയിച്ച്
മണ്ണിനോടിണങ്ങി…
നിശ്ചയമായും അവര്‍ക്കതു
മറക്കാനും പൊറുക്കാനുമാവും

ഞായര്‍ കാഴ്ച്ച

പന്ത്രണ്ടാം സ്ഥലം
അലങ്കരിച്ചതു പോരാതെ
അവിടെ മന:പൂര്‍വം
കുമ്പിടാതെ പോയ
ത്രേസ്യ ചേച്ചിയെയും ,
സല്‍വാറിന്റെ സ്ലിട്ടുകള്‍ക്കിടയിലൂടെ
സദാചാരം വീക്ഷിക്കുന്ന ഫ്രീക്കനെയും,
അടിക്കടി മൊബൈലില്‍
മിസ്സ്ഡ് കാള്‍ പരതുന്ന
ന്യൂജെനറെഷന്‍ കാമുകിയെയും കണ്ടു
മരക്കുരിശില്‍ ഒരുവന്‍ കിടപ്പുണ്ട്.

പിന്നെ ഫേസ്ബുക്കിലെ
ലൈക്കും കമന്റും ഓര്‍ത്തു
വ്യാകുലപ്പെടുന്ന എന്നെയും നോക്കി
പിണങ്ങി കണ്ണ് തുറന്നു
ഈ കുരിശില്‍ നിന്നും
ഇറങ്ങാന്‍ ശ്രമിച്ചേക്കരുത്
കാരണം ,ഞങ്ങള്‍ക്ക് എളുപ്പം
നിന്നെ വിമര്‍ശിക്കാനാണ്.

അയാളും ഞാനും തമ്മില്‍....

അയാള്‍ക്ക് പേരില്ലായിരുന്നു
കണ്ടപ്പോള്‍ ചോദിക്കാനും വിട്ടു പോയി
എങ്കിലും എനിക്കറിയാം
മതമില്ലാത്ത ജീവനെക്കുറിച്ച്
അവര്‍ കത്തിച്ചു ചാമ്പലാക്കിയ
ചാരക്കട്ടകളെ അയാള്‍
ജ്വലിപ്പിക്കുന്നുണ്ടായിരുന്നു

പലനിറങ്ങള്‍ കൊണ്ട് അശുദ്ധമായ
എന്‍റെ ഭാരതത്തിന്‍റെ ഭൂപടം
നിറമില്ലാത്ത ചായംകൊണ്ട്
അവന്‍ വരച്ചെടുക്കുന്നുണ്ടായിരുന്നു

അവന്‍ തന്നെയാണത് ഓര്‍മ്മിപ്പിച്ചത്
പെണ്‍കുട്ടികളുടെ പേരുകള്‍
വെറും സ്ഥലനാമങ്ങളായി
പ രിവര്‍ത്തനം ചെയ്യപ്പെടുന്നകാലത്താണ്
അവന്‍ മല കയറിയതു
സൂര്യനെല്ലിയും വിതുരയും
കിളിരൂരും പറവൂരും കടന്നു
ആ വിരല്‍ത്തുമ്പുകള്‍ എന്നോട് പറഞ്ഞത്
കൂടെപ്പിറന്നവന്‍റെ കണ്ണുനീരിന്‍റെഉപ്പുകട്ടകളായിരുന്നു

പിന്നെയും യാത്ര തുടരുകയാണവന്‍
ആള്‍ദൈവങ്ങളുടെയുംരൂപക്കൂടുകളുടെയും
പാല്‍, നെയ്യഭിഷേകങ്ങള്‍ക്കിടയിലാണ്
അവന്‍ ആദ്യമായി വിതുമ്പിക്കരഞ്ഞത്
പോഷകാഹാരം കുറഞ്ഞു
വിളര്‍ത്തു തൊലി കറുത്ത
എന്‍റെ (നമ്മുടെ) ?
മാലാഖ കുട്ടികള്‍ക്കുവേണ്ടി വാദിച്ചത്.

അവന്‍ പലപ്പോഴും എന്നെ
വിസ്മയിപ്പിക്കുന്ന സ്നേഹമാകുന്നു... 

ഋതുവായ പെണ്ണിനു തീണ്ടല്‍ കല്‍പ്പിച്ചു
അവര്‍ എന്നെ പുറത്തു നിര്‍ത്തിയ
ശ്രീകോവിലിനു മുന്നില്‍
അവന്‍ എനിക്കൊപ്പം മാറി നിന്നിരുന്നു.

ചെറു സസ്യകുഞ്ഞുങ്ങളെ
വേനലില്‍ പാകി വെള്ളം നനച്ചു
ഹരിതവനം ചമയ്ക്കുന്ന
എന്‍റെ പ്രിയപ്പെട്ട വിപ്ലവകാരി.

മൂടപ്പെട്ട കറുത്ത വിശുദ്ധ വസ്ത്രത്തിലൂടെ
എന്‍റെ പളുങ്ക് കണ്ണുകളുടെ ഭാഷ
ഈ ലോകത്തിനു വിവര്‍ത്തനം ചെയ്തവനെ
ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടിരിക്കുന്നു

കുരിശിനു മുന്നില്‍ ഞാന്‍ കണ്ണ് നിറയ്ക്കുമ്പോള്‍
വിപ്ലവകാരീ, നീ തന്നെയാണ്
നമ്മുടെ മതം സ്നേഹം എന്നോര്‍മ്മിപ്പിച്ചത്

ഏറ്റവും ഒടുവില്‍ നീ നടന്നു കയറിയത്
കരങ്ങള്‍ ഛേദിക്കപ്പെട്ടഗുരുനാഥന്‍റെ
അരികിലേക്കായിരുന്നു
അദ്ദേഹത്തിന്‍റെ നാവാകാന്‍...

ഞാന്‍ മാത്രം കാണുന്നു നിന്നെ

വിപ്ലവവാദി

ആത്യന്തികമായി
ഞാനൊരു വിപ്ലവത്തിന്‍റെ
ഭാഗഭാക്കാവുകയാണ്..
എന്നിലെ സമാധാനവാദിയും,
വിപ്ലവവാദിയും കൂടി കലഹിച്ചെന്നെ
തോല്‍പ്പിച്ചു കൊണ്ടിരിയ്ക്കുന്നു

ഇന്ദുലേഖയുടെ
പട്ടുനൂല്‍ മുടിയിഴകള്‍ക്കുള്ളില്‍
ഞാന്‍ കുരുങ്ങിക്കിടന്നപ്പോഴാണവള്‍
കീമോ വാര്‍ഡിലെ മൊട്ടതലകളുമായി
വന്നെന്‍റെ സ്വൈര്യം നശിപ്പിച്ചത്
എന്നെ മൌനിയാക്കിയത് ...

അതേ വിപ്ലവവാദിയാണ്
ഫെയര്‍ ആന്‍ഡ്‌ ലൌലിയുടെ
വശീകരിപ്പിയ്ക്കുന്ന
ശ്വേതവര്‍ണത്തോടുള്ള ആരാധന
പൊളിച്ചടുക്കി കൈയില്‍ തന്നത്
സകല ഫോര്‍മാലിറ്റിയുടെയും
വെച്ചു കെട്ടലിന്‍റെയും,
നിറമാക്കിയ വെളുപ്പിനെ
സ്വപ്നം കണ്ടപ്പോഴാണ്
ചിന്തകളുടെ നാഡീവ്യൂഹത്തിലേക്ക്
ബേര്‍ണസ് വാര്‍ഡിലെ
പാതി വെന്ത മുഖമുള്ള
വീണയെ പറഞ്ഞു വിട്ടു
എന്നെയവള്‍ നിശബ്ദയാക്കിയതും
പിന്നെയും
സ്വന്തം അഴകളവുകളെ പറ്റി
അമിതവിശ്വാസത്തോടെ
അഹങ്കരിച്ചു നിന്നപ്പോള്‍
ആ അവള്‍ ആണ് അത് കാണിച്ചു തന്നത്
നിറഞ്ഞ മാറുകള്‍
അപ്പക്കൂടുകളായി മാറണമെ
എന്ന് പ്രാര്‍ഥിക്കുന്ന
വഴിയോര ജന്മങ്ങള്‍ക്ക് മുന്നില്‍
സകല സൗന്ദര്യ സങ്കല്‍പ്പങ്ങളും
വാര്‍ന്നു പോയി

വിപ്ലവകാരികള്‍ തോല്‍ക്കാറില്ല ....
അവള്‍ ജയിച്ചുകൊണ്ടേയിരിയ്ക്കുന്നു

ഉപരിപ്ലവങ്ങള്‍

നിലത്തു നോക്കി നടക്കുന്ന സംശയകണ്ണുള്ള, കറുത്ത

മെലിഞ്ഞ അഭിപ്രായങ്ങളില്ലാത്ത ആ പെണ്‍കുട്ടി

 "ഹിന്ദു ച്ഛായഉള്ള മുസ്ലിം പുരുഷനെ*"

വായിച്ചു കൊണ്ടിരിയ്ക്കുന്ന ആ നേരത്തു തന്നെയാണ്

അവന്‍ അവളുടെ മനസ്സില്‍ മുട്ടി വിളിക്കുന്നത്‌

ക്രിസ്ത്യന്‍ ച്ഛായയുള്ള മുസ്ലിം യുവാവ്

 R...വയസ് 27 കവിയും വിപ്ലവകാരിയും ആയ അവനില്‍

മറ്റൊരു ജീവിതം കണ്ടു അവള്‍

ജീവിതത്തെക്കാളുപരി വിപ്ലവങ്ങളെ ,

മാറ്റങ്ങളെ പ്രണയിച്ച സ്ത്രീ ,

മറ്റൊരു തുടര്‍ കലാപങ്ങളായി

തന്റെടിയല്ലാത്ത അവള്‍ ഒരിക്കലെങ്കിലും ജയിക്കട്ടെ ......



ഇടയിലെ പ്പോഴോ ആണ് ഒരലകസ് ജൊസഫ്

വഴിതെറ്റി ,അനുവാദം ചോദിക്കാതെ

അവളുടെ വീടിന്‍ മനസ്സില്‍ താമസമുറപ്പിച്ചത്

അഭിപ്രായമില്ലാത്തവള്‍....എല്ലാം ഉറപ്പിച്ച വീട്ടുകാരും ,

ഇനി നാല് സുന്ദര ദിനങ്ങള്‍ ഇതാണ് സമയം ,

കാമുകന് ഒളിച്ചോടാന്‍ ഗൂഡ സന്ദേശമിട്ടവള്‍

കോണിപ്പടവുകള്‍ ഇറങ്ങി

ഡാഡിക്കു മുന്നില്‍ മുരടനക്കി ,

വായിച്ചു കൊണ്ടിരുന്ന മനോരമ പത്രം അര ഇഞ്ചു താണു

ഉം ......''ഞാന്‍ പ്രേമിക്കുന്നു ''(ഉയര്‍ന്നു വന്ന അമ്മയുടെ ചോദ്യ ശരങ്ങള്‍ ഒറ്റ നോട്ടം കൊണ്ടു ഡാഡി ഞെരിച്ചു കളഞ്ഞു )"

ആഹാ അത്രയ്ക്കുള്ള ധൈര്യം ഒക്കെ നിനക്കുണ്ടോ ?"

അരുത് ,തോല്‍ക്കാന്‍ പാടില്ല എതിര്‍പ്പുകളെ ധീരമായി അവഗണിച്ചു വേണം ഞങ്ങള്‍ക്കോരുമിയ്ക്കാന്‍ വീണ്ടും ഞാന്‍ " അവന്‍ വിപ്ലവകാരിയും അന്യമതസ്ഥനു മാണ് ''''ആദര്‍ശം പ്രവൃത്തിയിലൂടെ കാട്ടിതന്ന മിടുക്കികുട്ടി

"വിട്ടു കൊടുക്കരുതല്ലോ ''അവന്‍ ദരിദ്രനും കവിയുമാണ്

വീണ്ടും ''കവിത്വം ആണ് ധനം "പിന്നെയും തോറ്റല്ലോ ഈ അഭിപ്രായമില്ലാത്തവള്‍



ചേര്‍ത്തു നിര്‍ത്തി ഡാഡി തോളില്‍ തട്ടി പറഞ്ഞു

 നാളതന്നെ അവനെ കൂട്ടി വരിക



പിടക്കുന്ന ഹൃദയത്തോടെ ചുവന്ന ലാപ്ടോപ്തുറന്നു

നീല നിറമുള്ള മുഖപുസ്തകത്തിന്റെ സന്ദേശപ്പെട്ടിയില്‍

ഇങ്ങനെ കുറിച്ച് പ്രിയ R.....,

വിപ്ലവകരമായ വിവാഹം ഇനിയുണ്ടാകുമെന്നു തോന്നുന്നില്ല

തല്ക്കാലം വിട ...

നിന്നെക്കാള്‍ ഉപരി വിപ്ലവങ്ങളെ

പ്രണയിച്ചനിന്‍റെ പഴയ കാമുകി ...



  ഇതു കവിത അല്ല

2014, ജൂലൈ 9, ബുധനാഴ്‌ച

മരിച്ച പെണ്‍കുട്ടി

ഇനി എന്നെ മരിച്ചവരുടെ കൂട്ടത്തില്‍
ചേര്‍ക്കുക
മരണത്തിന്‍റെ സംഗീതം മുഴങ്ങട്ടെ
ചന്ദന മരത്തിന്റെ പെട്ടിയില്‍
ദേവദാരു പൂക്കള്‍ നിറച്ചു എന്നെ
നിന്‍റെ ഹൃദയത്തിന്‍റെ നാലാമത്തെ
അറകള്‍ ഒന്നില്‍ അടക്കം ചെയ്യുക
എന്നന്നെയ്ക്കുമായി ....
വയലറ്റ് മെഴുകുതിരിക്കാടുകള്‍ക്കുള്ളില്‍...
മൂന്നാം ദിവസം എന്‍റെ ശവകുടീരത്തില്‍
മഞ്ഞ ശലഭക്കൂടുണ്ടാകും
മള്‍ബറി നാരു പോലെ നേര്‍ത്തു
മരിച്ച പെണ്‍കുട്ടിയും ....
അന്നും നിയുണ്ടാകും ...
ബന്തികള്‍ പൂത്തുലയുന്ന
പൂമ്പാറ്റ നിറയുന്ന മാര്‍ബിള്‍
കിടക്കയില്‍ ഞാന്‍ മയങ്ങുമ്പോള്‍
എനിക്ക് വേണ്ടി പ്രണയത്തിന്റെ ജപമാല
ചൊല്ലുക ..
പ്രിയപ്പെട്ടവനെ ......
ഞാന്‍ മരിച്ചു പോയിരിയ്ക്കുന്നു

തലക്കെട്ടില്ല

ചിലപ്പോള്‍ നീയും കൂടി ചേര്‍ന്നാവാം
എന്നെ ദിക്കറിയാത്ത നാട്ടിലേയ്ക്ക്
നാടുകടത്തുന്നത്
അറിയാം ഇല്ലാത്ത രാജ്യത്തിന്‍റെ
അതിര്‍ത്തികള്‍ക്കപ്പുറത്തെയ്ക്ക്
ഞാന്‍ നിന്നെ ആട്ടി പായിച്ചിട്ടുണ്ട്
ഒരിക്കല്‍ കൂടി ഞാന്‍ നിന്‍റെ മുന്നില്‍
മുട്ടു മടക്കി ഏറ്റു പറയുന്നു
എന്‍റെ പിഴ ,എന്‍റെ പിഴ
ഞാന്‍ എന്‍റെ ആത്മാവിനെ
നഗ്നമാക്കുന്ന ഈ ഇടങ്ങളില്‍
എന്നെ ബന്ധിച്ചു നിര്‍ത്തണമേ
നിന്നോട് ചേര്‍ത്തു
എന്‍റെ മുന്തിരി തോട്ടങ്ങളുടെ
കാവല്‍ക്കാരാ എന്നില്‍ നിന്നും
അകന്നിരിയ്ക്കരുതെ
മഞ്ഞിന് തണുപ്പും പൂവിനു
വസന്തങ്ങളില്‍ ചായവും പൂശി
മഴയുടെ ഗതിയും നിയന്ത്രിക്കുന്ന
എന്‍റെ കലാകാരാ ഒരിക്കല്‍ കൂടി
നിന്‍റെ കാലില്‍ ഞാന്‍ കണ്ണ് നനയ്ക്കുന്നു
ഈ കുരിശുകള്‍ക്ക് നടുവില്‍
എന്നെ ഉപേക്ഷിക്കരുതേ