2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കളവ്

നേരാണ്, ഞാനാണതു പറഞ്ഞത്
കഥ പറഞ്ഞു നാവു കൈയ്ചപ്പോള്‍
നക്ഷത്രങ്ങളെ ചൂണ്ടി
കാട്ടി അവനോടൊരു
കളവു പറഞ്ഞു
നിലാവത്ത് ആകാശതൂന്നു
വീണ നക്ഷത്രതരികള്‍
നമ്മുടെ കിണറ്റില്‍ വീണു
ഉറങ്ങുന്നുവെന്നു
അത്രമാത്രം....
ഒടുക്കം പുലര്‍ച്ചെ .
അവന്‍ കിണറ്റില്‍
ചത്തു മലച്ചങ്ങനെ ...
ഇല്ല ഞാന്‍ മിണ്ടുന്നില്ല
കുഞ്ഞുങ്ങളോട് കളവു പറയുന്നതും
ഞാന്‍ നിര്‍ത്തി

വിശുദ്ധവല്ക്കരിക്കപ്പെടാത്ത നമ്മുടെ പ്രണയം

കളവാണ് പ്രണയം കാരണം
നീ പറയുന്നു ആത്മാവ് കൊണ്ട്
സ്നേഹിക്കുവാന്‍ ശരീരം ആവശ്യമെന്നു
പിന്നെയും പിടക്കുന്നുണ്ട് ഇടത്തെ കണ്ണ്
നീയിറങ്ങി പോകേണ്ട ചുഴികലുള്ള കടലില്‍
ഞാന്‍ ഒറ്റയ്ക്കാവുന്നു
കളവാണ് പ്രണയം വിശുദ്ധമല്ലത്
അല്ലായിരുന്നെങ്കില്‍ ചിരിക്കുമ്പോള്‍
തെളിയുന്ന നുണക്കുഴികള്‍ ഞാന്‍
നിനക്ക് മാത്രം തന്നേനെ
വിശുദ്ധവല്ക്കരിക്കപ്പെടാത്ത നമ്മുടെ പ്രണയം

പിന്നെയും ...

നമ്മുടെ പ്രണയത്തിനു
ഒരു ജപമാലയുണ്ടായിരുന്നു
രഹസ്യങ്ങളോക്കെ നമ്മള്‍
ഒരുമിച്ചാണ് കണ്ടു പിടിച്ചത്
പക്ഷെ ആറാമത്തെ രഹസ്യത്തിന്റെ
താക്കോല്‍ നീ കാണാതെ ഞാന്‍
ഒളിപ്പിച്ചു വെച്ചു..

നീ എന്നെ ഉപേക്ഷിക്കുമ്പോള്‍
നിന്‍റെ ഹൃദയത്തിന്‍റെ
ഏതറകളിലാണ് എന്നെ
പൂട്ടാന്‍ പോകുന്നത് ?
ഒന്നാമത്തെ അറയിലെ
അഷിതയുടെ കവിതകള്‍ക്കൊപ്പോമോ
അതോ രണ്ടാം അറയിലെ
വട്ട പൊട്ടുകള്‍ക്കൊപ്പോമോ
അതോ മൂന്നും നാലും അറകളിലെ
പേരറിയാത്ത നേരുകള്‍ക്കൊപ്പമോ
ഇല്ല ഇനി എന്നെ മറവു ചെയ്യാന്‍
നിനക്ക് അറകളില്ല
ചിലപ്പോള്‍ ലഹരിയായി ഞാന്‍
നിന്‍റെ തലച്ചോറിലേയ്ക്ക്‌
ചോണനുറുമ്പു പോലെ
ഓടി കയറും എന്നിട്ട് നിന്നെ
മധുരം പോലെ കാര്‍ന്നു തിന്നും

കറുത്ത പെണ്‍കുട്ടി


ഇളവെയില്‍ വെളിച്ചത്തില്‍
നിങ്ങളുടെ കണ്ണുകള്‍
ഒരിക്കല്‍ കൂടി
അവളുടെ നിറത്തെ
കറുപ്പെന്നു ഉറപ്പിക്കും
എന്നിട്ടു മാറി നിന്നു
വിയര്‍പ്പിറ്റുന്ന നെറ്റിയിലെ
കറുത്ത പൊട്ടിനു പകരം
നല്ല ചുവപ്പ് മതിയായിരുന്നെന്നു
മന്ത്രിക്കും

കറുത്ത നിറത്തില്‍
പൂവില്ലാത്തതിനാല്‍
നിങ്ങളവളെ വയലറ്റ്
നിറമുള്ള കാക്കപൂവിനോടു
ഉപമിക്കും....
എന്നിട്ടു മാറി നിന്നു
റോസാ പൂവെന്നു പേരിട്ടവരെ
കുറ്റം പറഞ്ഞു കാക്ക കറുമ്പി
എന്ന് ഒളിഞ്ഞും തെളിഞ്ഞും
വിളിക്കും
ഓറന്ജും ,മഞ്ഞയും ചുവപ്പും
ചേരാത്ത നിറങ്ങളെന്നു
മാറ്റി നിര്‍ത്തി എല്ലായ്പ്പോഴും
നിങ്ങളവളെ ചാരനിറവും ചന്ദനനിറവും
പോന്ന കുപ്പായങ്ങള്‍ മാറി
അണിയിപ്പിക്കും ..
അപ്പോളവള്‍ പല നിറമുള്ള
ബ്രാകള്‍ വാങ്ങികൂട്ടി വാശി
തീര്‍ക്കും...
മൈലാഞ്ചി ഇട്ട വിരലുകള്‍
ചന്തം കാണിക്കുമ്പോള്‍
ചെമ്പഴുക്കാ നിറമെങ്ങു
പോയന്നവള്‍ ആശ്ചര്യപ്പെടും
വെയില്‍ വാട്ടിക്കുറിക്കിയ
വേനലില്‍ വെയിലിനോടൈക്യപ്പെട്ടു
അവള്‍ കുടയില്ലാതെ നടക്കും
ഇനി കാമറയുടെ പ്രകാശകണ്ണുകള്‍
അവളുടെ നേരെ മിന്നി തുറക്കുമ്പോള്‍
വെളിച്ചം പോരന്നു ആര്‍ത്തലയ്ക്കും
പിന്നെ എല്ലായ്പ്പോഴും നിന്‍റെ
ചിത്രങ്ങള്‍ സീബ്രാവരകളെ പോലെ
കറുപ്പിലും വെളുപ്പിലും
ആണല്ലോ എന്നു തമാശ പറയും
ഒറ്റനുണക്കുഴിയില്‍ നിനക്കു
മാത്രമൊളിപ്പിച്ചൊരു ശോണിമ
നീ കാണാതെ,
ചുംബിക്കുമ്പോള്‍ മുന്തിരി പ്പഴം
പോലെ കറുക്കുന്നല്ലോ ഈ ചുണ്ടുകള്‍
എന്നു നീ പതം പറയുന്നു .
ചില അടയാളപ്പെടുത്തലുകള്‍
കറുത്ത നിറമുള്ള പൊട്ടുകളായി
അങ്ങനെ മായ്ക്കാനാവതങ്ങനെ കിടക്കും

ചിത്രകാരനോട് ......


അരിച്ചിറങ്ങുന്ന പ്രകാശത്തിന്‍റെ
കീറിലൂടെ നീ നിറങ്ങളുടെ
അളവെടുക്കുന്നു
അവയെയുടുപ്പിക്കുവാന്‍
വെളിച്ചം മെനഞ്ഞു പുതിയ
കുപ്പായങ്ങള്‍ ഉണ്ടാക്കുന്നു

ഞാന്‍ കണ്ണ് തുറക്കുമ്പോള്‍
ചുറ്റിനും ചുവന്ന ചായം
ഒഴുകി പടരുന്നു
ചിതറിയ ചായകൂട്ടുകള്‍
പല നിറങ്ങള്‍

പച്ച നിറം കൊണ്ടെന്‍റെ
നെറ്റിയില്‍ മുദ്രയിടും
നീല കൊണ്ട് കണ്ണിലും
ചുവപ്പ് കൊണ്ട് ചുണ്ടിലും
വയലറ്റ് കൊണ്ട് നെഞ്ചിലും
നീ അടയാളപ്പെടുത്തും

ഇനി നിനക്ക് വരയ്ക്കാന്‍
നിറങ്ങളില്ലതാകുമ്പോള്‍
നീ കറുപ്പിലേയ്ക്കും
വെളുപ്പിലേയ്ക്കും
തിരിയും ...
വെളുപ്പ്‌ നേര്‍ത്ത്,നേര്‍ത്ത്
കറുപ്പാകും ,അപ്പോള്‍
നീ നിന്‍റെ നിറങ്ങളെ
അവിടെ കണ്ടെത്തും ,
രൂപങ്ങളെ കാണും
നമുക്ക് ചുറ്റിനും നിന്നും
നിറങ്ങള്‍ ഓടി ഒളിക്കും
നീ നിറങ്ങളെ വെറുക്കാന്‍
ശീലിയ്ക്കും.....

വിചിത്രമായൊരു സ്വപ്നം


ലോകത്തിലെ അവസാന
കവിതയെഴുതുവാന്‍
നീ ഒരുങ്ങുകയായിരുന്നു
ആ വിരലില്‍ ചുംബിച്ചു
ഞാന്‍ ഉറങ്ങുകയായിരുന്നു

അപ്പോള്‍ ആകാശവും ഭൂമിയും
അതി വിദഗ്ധമായൊരു
കൈമാറ്റ ചര്‍ച്ചയ്ക്കു തയ്യാറെടുക്കുന്നു
മഴവില്ലൂന്നി ആകാശം
ഭൂമിയെ വിലക്കെടുക്കുന്നു
ചുവപ്പില്ലാത്ത മഴവില്ല്
രക്തവിപ്ലവങ്ങളുടെ
കറയേറ്റു ചുവക്കുന്നു
മണ്ണിന്‍റെ പച്ചപ്പിനെ
ഓസോണ്‍ സുഷിരങ്ങളിലൂടെ
ഭൂമി തന്നെ ആകാശത്തിനു കടത്തുന്നു
വറ്റി പോയ നദികളെല്ലാം
മേഘത്തിനു കുറുകെ
ചാലുകളായി രൂപാന്തരം
പ്രാപിയ്ക്കുന്നു
നിറങ്ങളെയും കള്ളങ്ങളെയും
ഒപ്പിയെടുത്തു
വാര്‍ത്തകള്‍ എന്ന് വിളിക്കുന്ന
ഒരു കൂട്ടം ആളുകള്‍ക്ക് മുന്നിലൂടെ
സമാധാന ഉടമ്പടി ഒളിച്ചു നടക്കുന്നു
ഒടുവില്‍ നിന്‍റെ വിരലും ഛെദിക്കപ്പെട്ടു
ഭൂമിയിലെ മനുഷ്യരെ പറ്റി
ഇനിയാരു കവിത കുറിക്കും ?
ഗര്‍ഭത്തിലേ ബലാല്‍ക്കാരം
ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ
ഭ്രൂണത്തിന് മുകളിലിരുന്നു
ദൈവങ്ങളൊക്കെ
പുതിയ ആകാശത്തെയും
പുതിയ ഭൂമിയേയും
പറ്റി ചര്‍ച്ച ചെയ്യുന്നു
പിന്നീടൊരിക്കലും ഭൂമിയില്‍
കവിത പിറന്നിട്ടില്ല

കടല്‍തിണ്ണയിലെ ശലഭകാഴ്ചകള്‍

പുലരി കടലിനോട് പറയുന്ന
സ്വകാര്യത്തെ കുറിച്ച് കവിത
എഴുതുവാനാണ് അതിരാവിലെ
കടല്‍ക്കരയില്‍ ചെന്നത്
അല്ലാതെ വേശ്യകളുടെ
ശലഭാഗമനങ്ങള്‍ കാണാന്‍
ആയിരുന്നില്ല

പക്ഷെ അവള്‍ ...
ഇങ്ങേ ചരുവില്‍ കടല്‍തിണ്ണയില്‍
അവളുടെ കഴിഞ്ഞ രാത്രിയിലെ വീട്
വെറും ഉപ്പ് മണലിനോട് ചേര്‍ന്ന്
തലേന്നത്തെ വീട്ടുകാരന്‍ ഏമാന്റെ
യൂണിഫോമിന്റെ തൊപ്പി
വള്ളചെരുവില്‍
പാത്തിരിക്കുന്നുണ്ടായിരുന്നു
തിരിച്ചു ഞാന്‍ നടന്നപ്പോള്‍
തൊട്ടടുത്ത്‌ ബസില്‍ അവള്‍..
മീന്‍ മണക്കുന്നു
പുഴുങ്ങുന്ന ചേരി തെരുവിലൂടെ
അവള്‍ നടന്നപ്രത്യക്ഷയായി
അവര്‍ക്കപ്പോള്‍ അമ്മയുടെ
മുഖമായിരുന്നു വീടെത്താന്‍
കൊതിക്കുന്ന അമ്മപക്ഷി
ഞാന്‍ ഒറ്റയ്ക്ക് ചിറകു വെട്ടിയ
പക്ഷികളെ പറ്റി ഓര്‍ത്തു നീറി
കരി പിടിച്ച ഉടുപ്പ് ഇട്ട
ഒന്നര വയസുകാരി ഉണ്ടാകാമെന്ന
ഓര്‍മയെറ്റു എന്‍റെ
മുലകള്‍ വിങ്ങി
ഈ കവിത ഒരിയ്ക്കലും
വേശ്യകളെ പറ്റി അല്ല
അത് കൊണ്ട് ഞാനിതിനെ
കടല്‍തിണ്ണയിലെ ശലഭകാഴ്ചകള്‍
എന്ന് പറയുന്നു

2014, ജൂലൈ 10, വ്യാഴാഴ്‌ച

പോസ്റ്റുമോര്‍ട്ടത്തില്‍ കാണാത്തത്



വയസ്സ് -14
ലിംഗം -പെണ്ണ്
നാലടി
നാല്പത് കിലോ
സ്വപ്നങ്ങളുടെ ഭാരമായിരിയ്ക്കാം
കണ്ണുകളില്‍ നനഞ്ഞ പ്രതീക്ഷകള്‍
നീല നിറത്തിലുള്ള ശ്വാസകോശങ്ങള്‍

പൊള്ളിയ പാടുകള്‍ പെന്‍സിലുകളെ ഓര്‍മിപ്പിച്ചു
കല്ല്‌ പെന്‍സിലുകള്‍, കളര്‍ പെന്‍സിലുകള്‍,
ചോക്ക്‌ പെന്‍സിലുകള്‍ പലവിധം.

ഹൃദയത്തിന്‍റെ സ്ഥാനത്തു
ഒരുകുഞ്ഞു പെട്ടി,
നിറയെ വളപ്പൊട്ടുകളും തീപ്പെട്ടി പടങ്ങളും,
ഒരുതുണ്ട് മയില്‍പീലിയും അടച്ചു വെച്ച പെട്ടി.

തലച്ചോറിന്റെ ഉള്ളില്‍
പിഞ്ഞി പഴകിയ പുസ്തകം
അതിനും ഉള്ളില്‍
വാസന സോപ്പിന്റെ കൂട് ഭദ്രമായി.

അവളൊരു കുഞ്ഞു പെണ്‍കുട്ടി
ഗര്‍ഭപാത്രത്തിനുള്ളില്‍
തുണിപ്പാവകളെ കൊഞ്ചിച്ചു
മതിയാവാത്ത ഒരമ്മ പെണ്ണ്.

കാണാത്ത കാര്യങ്ങളുടെ
കണ്‍കെട്ടോടെവായന അവസാനിപ്പിക്കുന്നു

പേരില്ലാ കവിത

നീലതടാകത്തിന്റെ
ആഴവും തണുപ്പുമറിയാന്‍
ഞാനാണ് നിന്നെ
വിരല്‍ തുമ്പുകള്‍കൊണ്ട്
പറഞ്ഞു വിട്ടത് ...
ഒടുവില്‍ നീല ബലൂണ്‍പോലെ
നിയിങ്ങനെ പൊങ്ങു തടിയായി

തണുപ്പു തിന്നു തീര്‍ത്തിട്ടില്ലാത്ത
ചുണ്ടുകളും ,മലര്‍ന്ന കണ്ണുകളും
ഉമ്മകള്‍ കൊണ്ട് പൂട്ടിയിട്ടത്
ഞാനാണ്...

അവസാനം ഭാരമില്ലാത്ത
നിന്‍റെ ദേഹം
മണ്ണിനടിയില്‍ സൂക്ഷിച്ചു
വെച്ചിട്ടുണ്ട്

തളിരിനെക്കാളും
പൂവിനെക്കാളും മുന്‍പേ
വസന്തമറിയുന്നത്
വേരുകളായത് കൊണ്ടാണ്
ഞാന്‍ നിന്നെ
മണ്ണിനടിയില്‍
വേരുകളോട് ചേര്‍ത്ത്
കുഴിച്ചിട്ടത്.
വസന്തം ആദ്യം നിന്നെ തൊടട്ടെ

പൊരുത്തം

പത്തില്‍ പത്തു പൊരുത്തമുണ്ട്
പക്ഷെ നീ വെള്ളക്കെട്ട് കാണുമ്പോള്‍
ഞാന്‍ കടലും ,നീ നിറങ്ങള്‍ എന്ന്
പറയുമ്പോള്‍ ഞാന്‍ പൂക്കളും
നീ അക്ഷരങ്ങളായി കാണുമ്പോള്‍
ഞാന്‍ കവിതയും കാണുമെന്നു
ഒരു തലക്കുറിയിലും
എഴുതാതെ പോയതെന്താണ് ??

എല്ലാമറിയുന്നവര്‍...

അവര്‍ക്ക് അറിയാത്തതായി ഒന്നുമില്ല
അല്ലെങ്കില്‍
മഞ്ഞറോസയുടെ പൂമൊട്ട്
ഞെരിച്ചമര്‍ത്തി ദൂരെ എറിയുമ്പോള്‍…
പിങ്കുനിറമുള്ള ലൈഫ്ബോയ്‌ സോപ്പ്
വായില്‍ വെക്കുമ്പോള്‍…
അവര്‍ ഓടി വരുന്നതെങ്ങനെ?

അവര്‍ക്ക് ക്ഷമിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല
അല്ലെങ്കില്‍
കുറുമ്പോടെ മിണ്ടാതിരിക്കുന്ന,
ചുവന്ന റിബണിട്ട് മുടി മെടഞ്ഞ
നാലു വയസ്സുകാരിയോട്
പിണങ്ങാതിരിക്കുന്നതെങ്ങനെ?

അവര്‍ക്ക് ഉത്തരമില്ലാത്തതായി ഒന്നുമില്ല
അല്ലെങ്കില്‍
കിടക്കയില്‍ ആദ്യമായി കണ്ട
രക്തഭൂപടങ്ങളുടെ സാരംശം
എങ്ങനെ അറിയുമായിരുന്നു?

വായിച്ചു പകുതിവച്ച
വലിയ ഗ്രന്ഥകെട്ടുകളിലെ ബാക്കി ഭാഗം
ഓര്‍ത്തു വെയ്ക്കുന്ന മനസ്സ്
മകള്‍ വീട്ടിലുണ്ടാവാത്ത
വിശേഷ ദിവസങ്ങളില്‍
ചമയ്ക്കുന്ന വിശിഷ്ട മധുരം
അവര്‍ക്ക് കൈപ്പായി
രുചിക്കുന്നതെന്താണ്?

കണക്കിന് മാര്‍ക്ക് കുറഞ്ഞതിനു
വാശിയെടുത്തു
വീട്ടില്‍ നിന്നിറങ്ങി പോയ
ഒന്നാം ക്ലാസ്സുകാരി പിന്നീട്
അതേ ലാഘവത്തോടെ
ഒരു കുറിപ്പെഴുതി
സ്വപ്ന ലോകത്തേക്ക്
രാജകുമാരനൊപ്പം
നടന്നു കയറിയപ്പോഴും
ക്ഷമിച്ചിട്ടുണ്ടാവാം

എരിയുന്ന മെഴുതിരി കൂട്ടങ്ങളെക്കാളും
തീവ്രതയോടെ കത്തിക്കയറിയ
അമ്മ മനസ്സ് കാണാത്ത
തീവണ്ടി പാളങ്ങളില്‍
തല ചേര്‍ത്തവള്‍
സല്‍വാറിനെ ചുവപ്പണിയിച്ച്
മണ്ണിനോടിണങ്ങി…
നിശ്ചയമായും അവര്‍ക്കതു
മറക്കാനും പൊറുക്കാനുമാവും

ഞായര്‍ കാഴ്ച്ച

പന്ത്രണ്ടാം സ്ഥലം
അലങ്കരിച്ചതു പോരാതെ
അവിടെ മന:പൂര്‍വം
കുമ്പിടാതെ പോയ
ത്രേസ്യ ചേച്ചിയെയും ,
സല്‍വാറിന്റെ സ്ലിട്ടുകള്‍ക്കിടയിലൂടെ
സദാചാരം വീക്ഷിക്കുന്ന ഫ്രീക്കനെയും,
അടിക്കടി മൊബൈലില്‍
മിസ്സ്ഡ് കാള്‍ പരതുന്ന
ന്യൂജെനറെഷന്‍ കാമുകിയെയും കണ്ടു
മരക്കുരിശില്‍ ഒരുവന്‍ കിടപ്പുണ്ട്.

പിന്നെ ഫേസ്ബുക്കിലെ
ലൈക്കും കമന്റും ഓര്‍ത്തു
വ്യാകുലപ്പെടുന്ന എന്നെയും നോക്കി
പിണങ്ങി കണ്ണ് തുറന്നു
ഈ കുരിശില്‍ നിന്നും
ഇറങ്ങാന്‍ ശ്രമിച്ചേക്കരുത്
കാരണം ,ഞങ്ങള്‍ക്ക് എളുപ്പം
നിന്നെ വിമര്‍ശിക്കാനാണ്.

അയാളും ഞാനും തമ്മില്‍....

അയാള്‍ക്ക് പേരില്ലായിരുന്നു
കണ്ടപ്പോള്‍ ചോദിക്കാനും വിട്ടു പോയി
എങ്കിലും എനിക്കറിയാം
മതമില്ലാത്ത ജീവനെക്കുറിച്ച്
അവര്‍ കത്തിച്ചു ചാമ്പലാക്കിയ
ചാരക്കട്ടകളെ അയാള്‍
ജ്വലിപ്പിക്കുന്നുണ്ടായിരുന്നു

പലനിറങ്ങള്‍ കൊണ്ട് അശുദ്ധമായ
എന്‍റെ ഭാരതത്തിന്‍റെ ഭൂപടം
നിറമില്ലാത്ത ചായംകൊണ്ട്
അവന്‍ വരച്ചെടുക്കുന്നുണ്ടായിരുന്നു

അവന്‍ തന്നെയാണത് ഓര്‍മ്മിപ്പിച്ചത്
പെണ്‍കുട്ടികളുടെ പേരുകള്‍
വെറും സ്ഥലനാമങ്ങളായി
പ രിവര്‍ത്തനം ചെയ്യപ്പെടുന്നകാലത്താണ്
അവന്‍ മല കയറിയതു
സൂര്യനെല്ലിയും വിതുരയും
കിളിരൂരും പറവൂരും കടന്നു
ആ വിരല്‍ത്തുമ്പുകള്‍ എന്നോട് പറഞ്ഞത്
കൂടെപ്പിറന്നവന്‍റെ കണ്ണുനീരിന്‍റെഉപ്പുകട്ടകളായിരുന്നു

പിന്നെയും യാത്ര തുടരുകയാണവന്‍
ആള്‍ദൈവങ്ങളുടെയുംരൂപക്കൂടുകളുടെയും
പാല്‍, നെയ്യഭിഷേകങ്ങള്‍ക്കിടയിലാണ്
അവന്‍ ആദ്യമായി വിതുമ്പിക്കരഞ്ഞത്
പോഷകാഹാരം കുറഞ്ഞു
വിളര്‍ത്തു തൊലി കറുത്ത
എന്‍റെ (നമ്മുടെ) ?
മാലാഖ കുട്ടികള്‍ക്കുവേണ്ടി വാദിച്ചത്.

അവന്‍ പലപ്പോഴും എന്നെ
വിസ്മയിപ്പിക്കുന്ന സ്നേഹമാകുന്നു... 

ഋതുവായ പെണ്ണിനു തീണ്ടല്‍ കല്‍പ്പിച്ചു
അവര്‍ എന്നെ പുറത്തു നിര്‍ത്തിയ
ശ്രീകോവിലിനു മുന്നില്‍
അവന്‍ എനിക്കൊപ്പം മാറി നിന്നിരുന്നു.

ചെറു സസ്യകുഞ്ഞുങ്ങളെ
വേനലില്‍ പാകി വെള്ളം നനച്ചു
ഹരിതവനം ചമയ്ക്കുന്ന
എന്‍റെ പ്രിയപ്പെട്ട വിപ്ലവകാരി.

മൂടപ്പെട്ട കറുത്ത വിശുദ്ധ വസ്ത്രത്തിലൂടെ
എന്‍റെ പളുങ്ക് കണ്ണുകളുടെ ഭാഷ
ഈ ലോകത്തിനു വിവര്‍ത്തനം ചെയ്തവനെ
ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടിരിക്കുന്നു

കുരിശിനു മുന്നില്‍ ഞാന്‍ കണ്ണ് നിറയ്ക്കുമ്പോള്‍
വിപ്ലവകാരീ, നീ തന്നെയാണ്
നമ്മുടെ മതം സ്നേഹം എന്നോര്‍മ്മിപ്പിച്ചത്

ഏറ്റവും ഒടുവില്‍ നീ നടന്നു കയറിയത്
കരങ്ങള്‍ ഛേദിക്കപ്പെട്ടഗുരുനാഥന്‍റെ
അരികിലേക്കായിരുന്നു
അദ്ദേഹത്തിന്‍റെ നാവാകാന്‍...

ഞാന്‍ മാത്രം കാണുന്നു നിന്നെ

വിപ്ലവവാദി

ആത്യന്തികമായി
ഞാനൊരു വിപ്ലവത്തിന്‍റെ
ഭാഗഭാക്കാവുകയാണ്..
എന്നിലെ സമാധാനവാദിയും,
വിപ്ലവവാദിയും കൂടി കലഹിച്ചെന്നെ
തോല്‍പ്പിച്ചു കൊണ്ടിരിയ്ക്കുന്നു

ഇന്ദുലേഖയുടെ
പട്ടുനൂല്‍ മുടിയിഴകള്‍ക്കുള്ളില്‍
ഞാന്‍ കുരുങ്ങിക്കിടന്നപ്പോഴാണവള്‍
കീമോ വാര്‍ഡിലെ മൊട്ടതലകളുമായി
വന്നെന്‍റെ സ്വൈര്യം നശിപ്പിച്ചത്
എന്നെ മൌനിയാക്കിയത് ...

അതേ വിപ്ലവവാദിയാണ്
ഫെയര്‍ ആന്‍ഡ്‌ ലൌലിയുടെ
വശീകരിപ്പിയ്ക്കുന്ന
ശ്വേതവര്‍ണത്തോടുള്ള ആരാധന
പൊളിച്ചടുക്കി കൈയില്‍ തന്നത്
സകല ഫോര്‍മാലിറ്റിയുടെയും
വെച്ചു കെട്ടലിന്‍റെയും,
നിറമാക്കിയ വെളുപ്പിനെ
സ്വപ്നം കണ്ടപ്പോഴാണ്
ചിന്തകളുടെ നാഡീവ്യൂഹത്തിലേക്ക്
ബേര്‍ണസ് വാര്‍ഡിലെ
പാതി വെന്ത മുഖമുള്ള
വീണയെ പറഞ്ഞു വിട്ടു
എന്നെയവള്‍ നിശബ്ദയാക്കിയതും
പിന്നെയും
സ്വന്തം അഴകളവുകളെ പറ്റി
അമിതവിശ്വാസത്തോടെ
അഹങ്കരിച്ചു നിന്നപ്പോള്‍
ആ അവള്‍ ആണ് അത് കാണിച്ചു തന്നത്
നിറഞ്ഞ മാറുകള്‍
അപ്പക്കൂടുകളായി മാറണമെ
എന്ന് പ്രാര്‍ഥിക്കുന്ന
വഴിയോര ജന്മങ്ങള്‍ക്ക് മുന്നില്‍
സകല സൗന്ദര്യ സങ്കല്‍പ്പങ്ങളും
വാര്‍ന്നു പോയി

വിപ്ലവകാരികള്‍ തോല്‍ക്കാറില്ല ....
അവള്‍ ജയിച്ചുകൊണ്ടേയിരിയ്ക്കുന്നു

ഉപരിപ്ലവങ്ങള്‍

നിലത്തു നോക്കി നടക്കുന്ന സംശയകണ്ണുള്ള, കറുത്ത

മെലിഞ്ഞ അഭിപ്രായങ്ങളില്ലാത്ത ആ പെണ്‍കുട്ടി

 "ഹിന്ദു ച്ഛായഉള്ള മുസ്ലിം പുരുഷനെ*"

വായിച്ചു കൊണ്ടിരിയ്ക്കുന്ന ആ നേരത്തു തന്നെയാണ്

അവന്‍ അവളുടെ മനസ്സില്‍ മുട്ടി വിളിക്കുന്നത്‌

ക്രിസ്ത്യന്‍ ച്ഛായയുള്ള മുസ്ലിം യുവാവ്

 R...വയസ് 27 കവിയും വിപ്ലവകാരിയും ആയ അവനില്‍

മറ്റൊരു ജീവിതം കണ്ടു അവള്‍

ജീവിതത്തെക്കാളുപരി വിപ്ലവങ്ങളെ ,

മാറ്റങ്ങളെ പ്രണയിച്ച സ്ത്രീ ,

മറ്റൊരു തുടര്‍ കലാപങ്ങളായി

തന്റെടിയല്ലാത്ത അവള്‍ ഒരിക്കലെങ്കിലും ജയിക്കട്ടെ ......



ഇടയിലെ പ്പോഴോ ആണ് ഒരലകസ് ജൊസഫ്

വഴിതെറ്റി ,അനുവാദം ചോദിക്കാതെ

അവളുടെ വീടിന്‍ മനസ്സില്‍ താമസമുറപ്പിച്ചത്

അഭിപ്രായമില്ലാത്തവള്‍....എല്ലാം ഉറപ്പിച്ച വീട്ടുകാരും ,

ഇനി നാല് സുന്ദര ദിനങ്ങള്‍ ഇതാണ് സമയം ,

കാമുകന് ഒളിച്ചോടാന്‍ ഗൂഡ സന്ദേശമിട്ടവള്‍

കോണിപ്പടവുകള്‍ ഇറങ്ങി

ഡാഡിക്കു മുന്നില്‍ മുരടനക്കി ,

വായിച്ചു കൊണ്ടിരുന്ന മനോരമ പത്രം അര ഇഞ്ചു താണു

ഉം ......''ഞാന്‍ പ്രേമിക്കുന്നു ''(ഉയര്‍ന്നു വന്ന അമ്മയുടെ ചോദ്യ ശരങ്ങള്‍ ഒറ്റ നോട്ടം കൊണ്ടു ഡാഡി ഞെരിച്ചു കളഞ്ഞു )"

ആഹാ അത്രയ്ക്കുള്ള ധൈര്യം ഒക്കെ നിനക്കുണ്ടോ ?"

അരുത് ,തോല്‍ക്കാന്‍ പാടില്ല എതിര്‍പ്പുകളെ ധീരമായി അവഗണിച്ചു വേണം ഞങ്ങള്‍ക്കോരുമിയ്ക്കാന്‍ വീണ്ടും ഞാന്‍ " അവന്‍ വിപ്ലവകാരിയും അന്യമതസ്ഥനു മാണ് ''''ആദര്‍ശം പ്രവൃത്തിയിലൂടെ കാട്ടിതന്ന മിടുക്കികുട്ടി

"വിട്ടു കൊടുക്കരുതല്ലോ ''അവന്‍ ദരിദ്രനും കവിയുമാണ്

വീണ്ടും ''കവിത്വം ആണ് ധനം "പിന്നെയും തോറ്റല്ലോ ഈ അഭിപ്രായമില്ലാത്തവള്‍



ചേര്‍ത്തു നിര്‍ത്തി ഡാഡി തോളില്‍ തട്ടി പറഞ്ഞു

 നാളതന്നെ അവനെ കൂട്ടി വരിക



പിടക്കുന്ന ഹൃദയത്തോടെ ചുവന്ന ലാപ്ടോപ്തുറന്നു

നീല നിറമുള്ള മുഖപുസ്തകത്തിന്റെ സന്ദേശപ്പെട്ടിയില്‍

ഇങ്ങനെ കുറിച്ച് പ്രിയ R.....,

വിപ്ലവകരമായ വിവാഹം ഇനിയുണ്ടാകുമെന്നു തോന്നുന്നില്ല

തല്ക്കാലം വിട ...

നിന്നെക്കാള്‍ ഉപരി വിപ്ലവങ്ങളെ

പ്രണയിച്ചനിന്‍റെ പഴയ കാമുകി ...



  ഇതു കവിത അല്ല

2014, ജൂലൈ 9, ബുധനാഴ്‌ച

മരിച്ച പെണ്‍കുട്ടി

ഇനി എന്നെ മരിച്ചവരുടെ കൂട്ടത്തില്‍
ചേര്‍ക്കുക
മരണത്തിന്‍റെ സംഗീതം മുഴങ്ങട്ടെ
ചന്ദന മരത്തിന്റെ പെട്ടിയില്‍
ദേവദാരു പൂക്കള്‍ നിറച്ചു എന്നെ
നിന്‍റെ ഹൃദയത്തിന്‍റെ നാലാമത്തെ
അറകള്‍ ഒന്നില്‍ അടക്കം ചെയ്യുക
എന്നന്നെയ്ക്കുമായി ....
വയലറ്റ് മെഴുകുതിരിക്കാടുകള്‍ക്കുള്ളില്‍...
മൂന്നാം ദിവസം എന്‍റെ ശവകുടീരത്തില്‍
മഞ്ഞ ശലഭക്കൂടുണ്ടാകും
മള്‍ബറി നാരു പോലെ നേര്‍ത്തു
മരിച്ച പെണ്‍കുട്ടിയും ....
അന്നും നിയുണ്ടാകും ...
ബന്തികള്‍ പൂത്തുലയുന്ന
പൂമ്പാറ്റ നിറയുന്ന മാര്‍ബിള്‍
കിടക്കയില്‍ ഞാന്‍ മയങ്ങുമ്പോള്‍
എനിക്ക് വേണ്ടി പ്രണയത്തിന്റെ ജപമാല
ചൊല്ലുക ..
പ്രിയപ്പെട്ടവനെ ......
ഞാന്‍ മരിച്ചു പോയിരിയ്ക്കുന്നു

തലക്കെട്ടില്ല

ചിലപ്പോള്‍ നീയും കൂടി ചേര്‍ന്നാവാം
എന്നെ ദിക്കറിയാത്ത നാട്ടിലേയ്ക്ക്
നാടുകടത്തുന്നത്
അറിയാം ഇല്ലാത്ത രാജ്യത്തിന്‍റെ
അതിര്‍ത്തികള്‍ക്കപ്പുറത്തെയ്ക്ക്
ഞാന്‍ നിന്നെ ആട്ടി പായിച്ചിട്ടുണ്ട്
ഒരിക്കല്‍ കൂടി ഞാന്‍ നിന്‍റെ മുന്നില്‍
മുട്ടു മടക്കി ഏറ്റു പറയുന്നു
എന്‍റെ പിഴ ,എന്‍റെ പിഴ
ഞാന്‍ എന്‍റെ ആത്മാവിനെ
നഗ്നമാക്കുന്ന ഈ ഇടങ്ങളില്‍
എന്നെ ബന്ധിച്ചു നിര്‍ത്തണമേ
നിന്നോട് ചേര്‍ത്തു
എന്‍റെ മുന്തിരി തോട്ടങ്ങളുടെ
കാവല്‍ക്കാരാ എന്നില്‍ നിന്നും
അകന്നിരിയ്ക്കരുതെ
മഞ്ഞിന് തണുപ്പും പൂവിനു
വസന്തങ്ങളില്‍ ചായവും പൂശി
മഴയുടെ ഗതിയും നിയന്ത്രിക്കുന്ന
എന്‍റെ കലാകാരാ ഒരിക്കല്‍ കൂടി
നിന്‍റെ കാലില്‍ ഞാന്‍ കണ്ണ് നനയ്ക്കുന്നു
ഈ കുരിശുകള്‍ക്ക് നടുവില്‍
എന്നെ ഉപേക്ഷിക്കരുതേ

2014, മാർച്ച് 9, ഞായറാഴ്‌ച

അക്കത്തെറ്റുകള്‍ : മുറി

അക്കത്തെറ്റുകള്‍ : മുറി: നീല ഭിത്തികള്‍ കൊണ്ട് അതിര് കല്‍പ്പിച്ച മറ്റൊരു ഗര്‍ഭ പാത്രമാണെന്‍റെ മുറി  എന്നിലേയ്ക്ക് , ഞാന്‍ ചുരുങ്ങി ചുരുങ്ങി ഇല്ലാതാകുന്ന ഒരു ...

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

മുറി

നീല ഭിത്തികള്‍ കൊണ്ട് അതിര് കല്‍പ്പിച്ച
മറ്റൊരു ഗര്‍ഭ പാത്രമാണെന്‍റെ മുറി
 എന്നിലേയ്ക്ക് , ഞാന്‍ ചുരുങ്ങി ചുരുങ്ങി
ഇല്ലാതാകുന്ന ഒരു ഗര്‍ഭപാത്രം ....
ഓരോ മുറികളും ഒരു കൂടതന്നെയാണ്
 നമ്മിലെയ്ക്ക് തുറക്കുന്ന വാതില്‍

2014, ജനുവരി 27, തിങ്കളാഴ്‌ച

കാലുകളുടെ സംസാരം



6 am: നാലാം നിലയില്‍ നിന്നും ഗ്രൌണ്ട് ഫ്ലോറിലെത്തിച്ചലിഫ്റ്റിനെ ശപിച്ചു വാഹനങ്ങള്‍ക്കിടയിലൂടെവഴി കണ്ടെത്തുമ്പോഴായിരുന്നത്നിഴലുകള്‍ കെട്ടുപിണയുന്ന ഇരുട്ടിന്‍റെഇടനാഴിയില്‍ പരസ്പരം പുണരുന്ന നാലു കാല്‍പാദങ്ങള്‍ എന്നോട് സംസാരിച്ചത്

7 am: പെയ്തു തീര്‍ന്ന മഴയുടെ ആലസ്യത്തിലൂടെ എന്‍റെ കാലുകള്‍ തിരക്കിട്ടപ്പോള്‍ പാത വക്കിലെ പഴന്തുണി കെട്ടിനുള്ളിലെചെളി പുരണ്ട കറുത്ത കാലുകള്‍ മൊഴിഞ്ഞത് ഞാന്‍ മനപൂവം കേള്‍ക്കാതെ പോയി

പിന്നെയും അവ എന്നോട് സംസാരിച്ചു കൊണ്ടിരുന്നുഒരു പക്ഷെ നാവുകളെക്കാളേറെ,എത്ര കൊട്ടിയടച്ചിട്ടും കണ്ണിനു മുന്നില്‍ നിന്നും നിറുത്താതെ ചിലക്കുന്നവ ....അസഹ്യം ....

ഏറ്റവും ഒടുവിലാണതു സംഭവിച്ചത് ഇന്നഞ്ചു മണിക്കാണത്,മരണത്തിന്‍റെ മണമുള്ള വീട്ടില്‍ അലമുറകള്‍ക്കു നടുവില്‍ ഞാന്‍ എന്‍റെ കണ്ണുനീരിനോടും മനസാക്ഷിയോടും പടവെട്ടി നിര്‍വികാരയായി ജയിച്ചു നിന്നപ്പോള്‍...

വെള്ളത്തില്‍ വീണു മരിച്ച എട്ടു വയസുകാരിയുടെ നനഞ്ഞു വീര്‍ത്ത പാദങ്ങളിലെ വെള്ളികൊലുസുകള്‍ ശവമെടുക്കും നേരം കലങ്ങി ചിരിച്ചു ...എന്‍റെ കാതുകളില്‍, ദാ...തൊട്ടടുത്ത്‌ മറക്കാനാവാത്ത മണികിലുക്കത്തിലൂടെ ഈ കാല്‍പാദങ്ങളുടെ കൊഞ്ചലുകള്‍ഹൃദയത്തെ തന്നെ തുളച്ചു കൊണ്ടിരിക്കുന്നു.....

കാലുകളുടെ സംസാരം തീരുന്നേയില്ല ...

അസംതൃപ്തിയുടെ വേരുകള്‍

 ....


കാലങ്ങളായി നീ ...
അല്ല ഓരോപുരുഷനും
 അവളെ തിരഞ്ഞുകൊണ്ടിരിയ്ക്കുന്നു
 പല ദേഹങ്ങളില്‍
പരതികൊണ്ടിരിയ്ക്കുന്നു
യുഗങ്ങള്‍ കഴിഞ്ഞിട്ടും
 തിരിച്ചറിവില്ലാതെ
പലശരീരങ്ങളില്‍പെയ്തു തീരുമ്പോഴും
 നീ അപൂര്‍ണനുംഅസ്വസ്ഥനുമാണ്
ഒന്ന് വിട്ടു മറ്റൊന്ന് തിരയുമ്പോള്‍ ,
അങ്ങയറ്റം സഹതാപവും അന്യതാബോധവും
 ചിറകടിക്കുന്നെന്നില്‍....എന്തു കൊണ്ടെന്നാല്‍ ...
പൂര്‍ണതയുടെയും പാരമ്യതയുടെയും
ഒരു പിഞ്ചു പൊട്ട് അവളുടെ അടിവയറ്റിലെ
കുഞ്ഞു കൂട്ടിലാണ് മുളയെടുക്കുന്നതും
 പിറവി കൊള്ളുന്നതും,
 അതങ്ങനെതന്നെ ആയിരിക്കുന്നിടത്തോളം
 നീ അലഞ്ഞു കൊണ്ടിരിയ്ക്കും
 ഒന്ന് വിട്ടു മറ്റൊന്നിലേയ്ക്ക്....

വിശുദ്ധത ;



വിശുദ്ധമാക്കപ്പെട്ട സകലത്തിലും
ഞാന്‍ ഉണ്ടായിരുന്നു
ഞാന്‍ മാത്രം ...

ലഹരിയേറ്റ സിരകള്‍
വിഷംതിന്ന കരിഞ്ഞ
ശ്വാസകോശങ്ങള്‍ഭ്രാന്തനും
ദരിദ്രനുമായ കാമുകന്‍ ,നിന്‍റെ
ഓരോ അണൂവിലും നിറഞ്ഞുപെയ്തത്
ഞാന്‍ ആയത് കൊണ്ട്
നീ പുണ്യവാനും
പ്രണയത്തിന്‍റെ
വാഴ്ത്തപ്പെട്ടവനുമാണെനിയ്ക്ക്‌
സഹയാത്രികാ ...

ഭാവനകളുടെ അതി ചാരുത
 മെനയാതെ അക്ഷരങ്ങളെ
ചികഞ്ഞേടുത്തു കോര്‍ത്ത്‌ വച്ചപ്പോള്‍
വരും കാലങ്ങളിലെയ്ക്ക്
ഒരുകവിത പിറന്നു,പ്രണയ കവിത
കാരണം എഴുതിയതോക്കെയും,
എഴുതാന്‍ പോകുന്നതോക്കെയും,
എന്നെ പറ്റി,
ഞാന്‍ അവന്‍റെ നിത്യ കാമുകി

കൃഷ്ണശിലയില്‍ നീ മെനെഞ്ഞ
 നഗ്ന ശില്‍പ്പങ്ങളോരോന്നും ശ്ലീലതയോടും
സദാചാരത്തോടുംകലഹിച്ചിരുന്നില്ല ,കാരണം
നീ കരിങ്കല്‍ പാളികളില്‍ കൊത്തിവരച്ചത്
എന്‍റെ രൂപങ്ങളാണ് കല്‍ത്തളങ്ങളിലും
മാര്‍ബിള്‍ സ്തൂപങ്ങളിലും നിറഞ്ഞു
 നില്‍ക്കുമ്പോള്‍ എന്നെ രതി ചുവച്ചിരുന്നു ...

ഇടറുന്ന കാല്‍ വെയ്പ്പുകളില്‍
തെറ്റി പോയ മുദ്രകള്‍ ഒക്കെയും
നാട്യ ലെക്ഷണം നിറയുന്നതെനിയ്ക്കായ്‌ ,
ഇനിയും മദ്യ ശാലകളിലുംമറപ്പുര
വാതിലുകളിലും വ്യഭിചരിച്ച പിഴച്ച
വാക്കുകളൊക്കെയും പ്രണയ തീവ്രതയില്‍
തിരുത്തപ്പെട്ട വിശുദ്ധന്റെ സങ്കീര്‍ത്തനമായിരുന്നു

നിന്‍റെ ചുംബനമേറ്റു നീലിച്ച ചുണ്ടുകള്‍ ,
നഖഷതങ്ങള്‍ ബാക്കി വെച്ച പൊള്ളി
പഴുത്ത മുറിവുകള്‍ അഗ്നിയുടെ ദംശനമെറ്റ
പ്രേമത്തിന്‍ മുറിപ്പാടുകള്‍
പ്രണയത്തിന്റെ രക്ത സാക്ഷികള്‍

എനിയ്ക്കും നിനയ്ക്കുമിടയി
ല്‍ ശരികളും തെറ്റുകളും ഇല്ല,
 ശ്ലീലതയും അശ്ലീലതയും .
നേരും നുണയും ,
ഒന്നുമാത്രം വ്യാപ്തികളില്ലാത്ത
നിറവറിയാത്ത പ്രണയത്തിന്റെ
ശേഷിപ്പുകള്‍ മാത്രം ....

സ്വപ്നാടനം



''നില തെറ്റി ഉറങ്ങുന്ന രാത്രികളില്‍ ,
നക്ഷത്രപൊട്ടുകള്‍ക്കിടയിലൂടെ
 സൂര്യനെത്തും മുന്‍പേ അങ്ങോട്ടെത്തണം
കഥയില്ലാത്ത,മനുഷ്യരില്ലാത്ത നാട്ടിലെ
 നിന്റെ രാജകുമാരിയായി നിന്നോടൊത്തു
ജീവിച്ചു മരിയ്ക്കണമീ രാവില്‍
എന്നിട്ടങ്ങു പകലിന്‍ ചില്ലയില്‍
കുരുങ്ങികിടക്കുന്ന പട്ടത്തില്‍ സ്വയം കേറി
പറന്നിറങ്ങി ഒരു കുഞ്ഞികുറുമ്പന്‍റെ
ജാലകത്തിനപ്പുറം ഒരു പൊന്‍ കണിയായി
കാത്തിരിയ്ക്ക്കണം പിന്നെ ..പിന്നെ
നേരം തെറ്റിയ നേരത്തൊരു കണ്ണില്ലാത്ത
കുഞ്ഞിന്‍അമ്മയായി അവനെ
കൈപിടിച്ചുനടത്തേണമീ തിരക്കിലൂടെ
 എന്നിട്ട് വെയില്‍ പടര്‍ന്നീ
ഭൂമിയില്‍ കയറും മുന്‍പേ ,
നിഴലുകള്‍ ഉറയ്ക്കുംമുന്‍പേ,
ഈ അലാം കരയും മുന്നേ
സ്വാസ്ഥ്യം തേടി അലസമായിഉറങ്ങുന്ന
എന്‍ ദേഹത്തിലെയ്ക്ക് ചേക്കേറണം ,
സ്വരങ്ങളില്‍ നിന്നും വിടുതലായി ,
ശരീരത്തിലേയ്ക്ക് ആവസിയ്ക്കണം ''

നീ ...



നീ സമത്വത്തെ കുറിച്ച്
പ്രസംഗിച്ചപ്പോള്‍ ഞാന്‍
കൂട്ടം തെറ്റിയ ഉറുമ്പിന്‍ നിരകളെ
കൂട്ടിയോജിപ്പിയ്ക്കുകയായിരുന്നു

നീ കവിത എഴുതിയപ്പോള്‍
ഞാന്‍ അറ്റ് പോയ ശലഭചിറകിലെ
വര്‍ണങ്ങള്‍ കൂട്ടിചേര്‍ക്കുകയായിരുന്നു

നീ പ്രണയത്തെ പറ്റി പറഞ്ഞപ്പോള്‍
ഞാന്‍ പരസ്പരം സ്നേഹിച്ചു
വിഷമുതിര്‍ത്തു ഇല്ലാതായ
സര്‍പ്പ ശരീരങ്ങള്‍ക്ക് മേല്‍
 ശവകുടീരം തീര്‍ത്ത ചിതല്‍പുറ്റുകളെ
തൊട്ടോമനിയ്ക്കുകയായിരുന്നു

നീ ഒരേ സമയം വിപ്ലവകാരിയും
കവിയും എന്‍റെ കാമുകനും ആണ്