2013, ജൂൺ 26, ബുധനാഴ്‌ച

വിശുദ്ധമാക്കപ്പെട്ട സകലത്തിലും
ഞാന്‍ ഉണ്ടായിരുന്നു ,ഞാന്‍ മാത്രം ...

ലഹരിയേറ്റ സിരകള്‍ വിഷം
തിന്ന കരിഞ്ഞ ശ്വാസകോശങ്ങള്‍
ഭ്രാന്തനും ദരിദ്രനുമായ കാമുകന്‍
നിന്‍റെ ഓരോ അണൂവിലും നിറഞ്ഞു
പെയ്തത് ഞാന്‍ ആയത് കൊണ്ട്
നീ പുണ്യവാനും പ്രണയത്തിന്‍റെ
വാഴ്ത്തപ്പെട്ടവനുമാണെനിയ്ക്ക്‌ ........
സഹയാത്രികാ ...

ഭാവനകളുടെ അതി ചാരുത മെനയാതെ
ഊര്‍ന്നുപോയ അക്ഷരങ്ങളെ
ചികഞ്ഞേടുത്തു കോര്‍ത്ത്‌ വച്ചപ്പോള്‍
വരും കാലങ്ങളിലെയ്ക്ക് ഒരു
കവിത പിറന്നു പ്രണയ കവിത
കാരണം എഴുതിയതോക്കെയും
എഴുതാന്‍ പോകുന്നതോക്കെയും
എന്നെ പറ്റി..
ഞാന്‍ അവന്‍റെ നിത്യ കാമുകി
 
ആഴ്ച്ചകളോട്.....?

ആഴ്ച്ചകള്‍ക്കെന്തവകാശം എന്‍റെ
നല്‍ ദിനങ്ങളെ മോഷ്ട്ടിചോടുവാന്‍ ?
കള്ളികള്‍ തിരിച്ചു അക്കങ്ങള്‍
നിറച്ചു വെള്ള പ്രതലത്തില്‍
നിങ്ങളെ പിടിച്ചു കെട്ടുന്ന
കളികളെന്നാണിനി നിറുത്തുക ?
ദിവസങ്ങളില്‍ നിന്നോടി മറയണം
ഗ്രഹങ്ങള്‍ ഭരിയ്ക്കുന്ന രാവുകള്‍ ,
പകലുകളില്‍ നിന്നും
ഞായര്‍ സൂര്യനും തിങ്കള്‍ ചന്ദ്രനും
വൈരുധ്യമിടുന്ന പെരും
കള്ളങ്ങളുടെ ദിവസങ്ങള്‍

രാധികയുടെ ചൊവ്വയും
ഹരീഷിന്റെ വ്യാഴവും സലാമിന്റെ
വെള്ളിയും റോസ്മിന്റെ ഞായറും
പരസ്പരം മാറ്റി വയ്ക്കണം ആരുമറിയാതെ
എന്നിട്ട് കാണണം ഈ പുണ്യം
കല്‍പ്പിച്ച ദിവസങ്ങളെ ...
പാപവും പുണ്യവും വരുന്ന വഴികള്‍ ..

എത്ര മാറ്റിയാലും മാസത്തില്‍
വിരുന്ന വരുന്ന ആ അഞ്ചു
ചുവന്ന ദിനങ്ങളുണ്ടികലണ്ടറില്‍
അടയാളമിട്ട അനുഗ്രഹദിവസങ്ങളായീ
മാറാതെ ...

''നമുയ്ക്കിടയില്‍ ഇനി ദിവസങ്ങളില്ല
മഞ്ഞു വീഴുന്ന സന്ധ്യകളുടെ കനം
നോക്കി ശൈത്യമറിയാം...
തെളിയുന്ന വേനല്‍ ചൂടില്‍ മീനത്തിന്‍
ഗമനവും പെയ്യുന്ന ഇടവത്തില്‍
വര്‍ഷത്തിന്‍റെ നേരും രുചിച്ചറിയാം ...
ആഴ്ചകളെ ദൂരെഎറിയാം
ഇരുളും വെളിച്ചവും ഇടക്കെപ്പോഴോ
വിശ്രമവും ...
വഴികള്‍

നേരും നെറിവും തികഞ്ഞ വഴികളാ
യിരുന്നില്ല ഒന്നും .....
ഒക്കെയും പിഴച്ചു പോയ വഴികള്‍
തെറ്റിയ വഴികളോക്കെയും
നിന്നിലെയ്ക്ക് എത്തുന്നതെന്താണ്?
ഇതേ പഴയ പാതയില്‍ തട്ടി വീണാണ്
ഞാന്‍ പണ്ടില്ലാതായതും ..

വിഷം വീണു ,മുള്ളു നിറഞ്ഞു ,ചില്ല്
പാകി നീണ്ടു നിവര്‍ന്നങ്ങനെ കാത്തു
കിടക്കുന്നു ഒറ്റ ചിലമ്പണിഞ്ഞ എന്‍
കാല്‍ പാദങ്ങളെ കാത്ത്..

മറ്റൊരയനം അനിവാര്യം സഖേ
നിന്നിലെയ്ക്ക് തന്നെ .വേറൊന്നിനുമല്ല,
ഞാന്‍ എന്നെ നിന്നില്‍ മറന്നിട്ടിരിയ്ക്കുകയാണ്
അവളെ തിരിയെ വാങ്ങാന്‍ മാത്രം ...

ഭൂതകാലത്തില്‍ നിന്നെന്നെ കടം
കൊണ്ട നിനയ്ക്കിനി തിരിച്ചടവിന്‍
ദിനങ്ങള്‍ ,ഒരുങ്ങിയികൊള്‍ക.
1

2013, ജൂൺ 14, വെള്ളിയാഴ്‌ച

മരണാനന്തരം

''രാത്രിയായിരുന്നില്ല പകല്‍ അസ്തമിച്ചിട്ടും
മരിച്ചിരുന്നില്ല ജീവനും അന്യമായിരുന്നു
നീര്‍ മരുതുകള്‍ പൂത്തു നില്‍ക്കുന്ന
ശവ കുടീരത്തിമേല്‍ പാറുന്ന കൊച്ചു
പൂമ്പാറ്റകളുടെ ഉത്സവങ്ങള്‍ക്കിടയിലൂടെ
ഞാനിതാ ഉയര്‍ത്തെഴുന്നെല്‍ക്കുന്നു
മരണത്തിന്‍റെ ദീര്‍ഘ സുഷുപ്തി പിന്തള്ളി
ശരീരമില്ലാതെ പുനരവതരിക്കുന്നു
നിന്നിലെയ്ക്ക് .......
എനിയ്ക്കും നിനക്കുമിടയില്‍
വര്‍ഷങ്ങളുടെ വിടവും
വെള്ളി നാരുകളുടെ തിളക്കവും

ഉമ്മറകോലായില്‍ ,നനഞ്ഞഈ സന്ധ്യക്ക്‌
മിണ്ടാതെ അറിയാതെ തൊടാതെ ഞാന്‍
കാണട്ടെ ഒരു മാത്ര നിങ്ങളെ
ഓര്‍മയില്‍ ഒരു മണി കിലുക്കം
പനിനീരില്‍ മുങ്ങിയ കൊച്ചു ദേഹം
വെള്ളിക്കിങ്ങിണി പാകിയ അരവയര്‍
ഓര്‍മയിലെ നിറവായീ എന്‍
മഴകുട്ടി നീയും ....
സ്നേഹിച്ചു മതിയാവാതെ ഞാന്‍
നീണ്ടു കോലുന്ന ചുരുള്‍ മുടി ക്കാരിയെ
കണ്ണാലുഴിഞ്ഞു ഞാന്‍ മതി വരാതെ ..
നിന്‍റെ നെഞ്ചിലിട്ടു മരണത്തിലേയ്ക്ക്
തള്ളിവിട്ട ദൈവത്തോടെനിയ്ക്ക്
പക പോക്കണം ....

കവിതകള്‍ പൂക്കുന്ന വീട് [നമ്മുടെ ]
ചായങ്ങള്‍ മാറി ,തിരശീല മാറി
മാറാത്തതൊന്നായീ വെള്ള ചുമരില്‍
പച്ച പട്ടുടുത് മാലയ്ക്കുള്ളില്‍ ഞാന്‍
കാലം തികയാതെ പൊഴിഞ്ഞ
പച്ചില ചാര്‍ത്തായ് നിറയുന്നു

തുടരുന്നെന്‍ യാത്രകള്‍ നിത്യമാം
അനന്തതയിലേയ്ക്ക് ..നടന്നടുക്കുന്നു ഞാന്‍
വിദൂരതയിലെയ്ക്ക് ,ശാന്തിയെകുക
എനിയ്ക്കായീ ജ്വലിപ്പിക്കുക ഒരു
നേര്‍ത്ത മണ്‍ചിരാത് ,ഒരു കൈത്തിരി
നേരുന്നു നന്മകള്‍ .......

2013, ജൂൺ 5, ബുധനാഴ്‌ച

പെണ്‍ പര്‍വം

''പുതുമഴകള്‍ ശുദ്ധസംഗീതം ഉതിര്‍ക്കുന്നു
ഇരുട്ടും വെളിച്ചവും നിറയുന്ന ഇടനാഴിയില്‍
നിറയെ പെണ്‍പൂ പറ്റങ്ങള്‍
മഴയുടെ മേളപ്പെരുക്കങ്ങള്‍ അളന്നു
ഞാനും അലസമായീ ....
രെഹസ്യങ്ങളുമായേ പിന്തുടരുന്ന രണ്ടു
ചെന്നായ്‌ കണ്ണുകള്‍ ,നില തെറ്റിയ നോട്ടങ്ങള്‍
എന്നില്‍ വീണു കൊണ്ടിരിയ്ക്കുന്നു
ലജ്ജ രണ്ടാമതും തൃപ്തി ഒന്നാമതായും
പൂത്തിറങ്ങിയ ഇലഞ്ഞി മരമായ്‌ ഞാന്‍
ആത്മാവിന്‍റെ വസ്ത്രത്തെ കണ്ണുകളാല്‍
വിവസ്ത്രണം ചെയ്യുന്നു നീയും ..
നാം ഇലഞ്ഞി മരങ്ങള്‍ ,തേനീച്ച നുകരാത്ത
പൂവിന്‍ തലപ്പുകള്‍ പൂമ്പൊടി ചിന്തി
ഒരേ വേരില്‍ നിന്നിഴ ചേര്‍ന്ന
പെണ്‍ ഇണ മരങ്ങള്‍

വെയിലേറ്റു കരുവാളിച്ച കറുത്ത ദേഹം
കാമം കൊണ്ടു കൊത്തി വലിയ്ക്കുന്ന
നോട്ടങ്ങള്‍ക്കായ്‌ ഞാന്‍ തുറന്നിട്ടു
അപകര്‍ഷാബോധം തിങ്ങിയ നെഞ്ചില്‍
ഇളം മയില്‍ പീലി ചൂടുകള്‍ നീ
ആസ്വദിച്ച് തീര്‍ത്തു ...
മറ്റൊരു പൊടിക്കാറ്റ് ആയീ ആഞ്ഞു വീശി
എന്‍റെ ഗതി തിരിച്ചു വിടുന്നു
ശ്വാസമില്ലാതെ പിടയുന്നു ഞാന്‍
മാര്‍ദവം തിരയുന്ന വളയിട്ടകൈകളും
നീട്ടി വളര്‍ത്തിയ ചായം പുരണ്ട നഖങ്ങളും
ആഴങ്ങളിലെയ്ക്കെന്നെ എറിഞ്ഞുടയ്ക്കുന്നു
ഞാന്‍ വഴി പിഴച്ച നദി ,ജലം തീര്‍ന്നു താഴ്ന്ന
വികലമാം പുഴ

നന്ദി നിനക്ക് ചുണ്ടുകള്‍ കൊണ്ടെന്‍
ശരീരത്തെ സ്നേഹിക്കാന്‍ പഠിപ്പിച്ച പെണ്
മരകൂട്ടങ്ങള്‍ക്ക് ....

ഇന്ന് പുതു മഴ കൊണ്ടു നാവു നീട്ടുന്ന
പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഒളികണ്ണിട്ടെന്നെ
കാമിയ്ക്കുന്നു .........

NB;സമര്‍പ്പണം ;
സ്റ്റാറ്റസ് ഇന്‍ എ റീ ലെഷന് ഷിപ്‌ ആക്കി മാറ്റി വിപ്ലവം
സൃഷ്‌ടിച്ച രണ്ടു സ്ത്രീ സുഹൃത്തുക്കള്‍ക്ക