2015, ജനുവരി 17, ശനിയാഴ്‌ച

കവിത എഴുതുന്ന പെണ്‍കുട്ടികളെ പ്രേമിക്കുന്ന ചെക്കന്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 tongue emoticon tongue emoticon
'' പഞ്ചേന്ദ്രിയങ്ങൾ ഒന്നും പോരാ
ആറാമത്തെ അതീന്ദ്രീയ
ജ്ഞാനം കൊണ്ടു വേണം 
അവളെ കീഴ്പ്പെടുത്താന്‍
ഒറ്റ വാക്കുകള്‍ കൊണ്ടു മനുഷ്യര്‍
ദൈവവും പിശാചുമാകുന്നത് പോലെ
കാമുകനാവുക എന്ന
ആ പരിവര്‍ത്തനം ചാക്രീകവും
വളരെ എളുപ്പവുമാണ്
പല നിറങ്ങളിലുള്ള ഒരുപാട്
ഹൃദയങ്ങള്‍
കേവലമൊരു കുത്തു കൊണ്ടോ
കൊമ കൊണ്ടോ ചോദ്യ ചിഹ്നം
കൊണ്ടോ വളരെയെളുപ്പത്തില്‍
വളച്ചൊടിക്കേണ്ട
ഒരു കവിതയാണവള്‍
ശ്രെദ്ധിക്കുക :
നീ സംസാരിക്കുമ്പോള്‍
സ്വപ്നത്തിലെന്ന പോലെ
ഉപമകളിലൂടെ സംസാരിക്കുക
പിന്നെയാണ് ഇടം കവിളിലെ
ഒറ്റ നുണകുഴി രഹസ്യത്തിന്റെ
കെട്ടഴിക്കുക
എത്രയധികം നിഷേധിക്കുന്നുവോ
അത്രയധികം സ്വന്തമാക്കുകയതിനെ heart emoticon
ആത്മനിയന്ത്രണത്തിന്റെ
വേലിക്കുരുക്കുകളെ
അഴിക്കുന്ന ഗൂഡസമവാക്യം
നീ ഭദ്രമായി പകര്‍ന്നു കൊടുക്കുക
ഇടത്തെ കണ്ണുകള്‍ പിടക്കുമ്പോള്‍
നെഞ്ചിലെ ചോക്കളേറ്റ്
നിറമുള്ള മഴ മുത്തുകള്‍
പൊട്ടി വിരിയുമ്പോള്‍ മാത്രം
അവളെ പ്രാപിക്കണം
പ്രണയം കൊണ്ട്
വേശ്യയാക്കുന്നതിലും എളുപ്പം
കാമം കൊണ്ട് മാലാഖയാക്കി
മാറ്റുന്നതിലാണ്
ഒരു കുറിഞ്ഞി പൂച്ചയെന്നപോലെ
നിന്നില്‍ കഴുത്തുരസുമ്പോള്‍
ജാലവിദ്യയിലൂടെ കാമുകിയെ
ഉപ്പു നീരിലെ മീനാക്കുക '
എന്നിട്ടു ചെകിളയിലൂടെ
സ്നേഹത്തിന്‍റെ ആ ഒറ്റ ചൂണ്ട
ഹൃദയത്തിലേക്ക് കുത്തിയിറക്കുക
കവിത കൊണ്ടു ഒരേസമയം ഇത്രയധികം
വിശുദ്ധവല്ക്കരിക്കപ്പെട്ടതും
വ്യഭിചരിക്കപ്പെട്ടതുമായ
വികാരത്തിന്‍റെ
മാദ്ധ്യസ്ഥയാക്കുക .."

kiss of love

പ്രിയപ്പെട്ടവനെ,
നഗരങ്ങള്‍ ഉറക്കം നടിക്കുന്ന രാത്രികളിലേക്കോ
ജഡികാഭിലാഷങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന അരണ്ട വെളിച്ചം
നിറഞ്ഞ മുറികളിലേക്കോ അല്ല
ഞാന്‍ നിന്നെ ക്ഷണിക്കുന്നത് ,
സംശയിക്കണ്ട തെരുവുകളിലേക്ക് തന്നെ
ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒറ്റയ്ക്കാവാന്‍
പ്രേമം കൊണ്ട് ചുണ്ടുകള്‍ ബന്ധിക്കപ്പെടുവാന്‍ ...
നാം തമ്മില്‍ ചുംബിക്കുമ്പോള്‍
കുഞ്ഞുങ്ങള്‍ വഴി തെറ്റുമെന്നും,
ആകാശം താഴേയ്ക്ക് നിപതിക്കുമെന്നും
അവര്‍ പറയുന്നു
താഴെ വീഴുന്ന ആകാശം ഒറ്റ കൈ കൊണ്ട്
നീ തടുത്തു നിറുത്തുക
എന്നിട്ട് ,നീണ്ടു വിളര്‍ത്ത നാരങ്ങാ നിറമുള്ള
വിരലുകള്‍ എന്‍റെ വീര്‍ത്ത അടി വയറ്റില്‍ വെച്ചു
എന്നിലൂടെ അവളെയും ചുംബിക്കുക
ഒരു കുഞ്ഞി പൂവിനെയെന്നെ പോലെ ..
എല്ലാ കുഞ്ഞുങ്ങള്‍ക്കും വേണ്ടി...
മാറ്റപ്പെടേണ്ട ഈ ലോകത്തിനു വേണ്ടി .

പകലോര്‍മ്മകള്‍

വേവിക്കുന്ന വേനല്‍ ചെല്ലാന്‍ മടിക്കുന്ന
റബ്ബര്‍ തോട്ടങ്ങളുടെ നടുവിലെ വലിയ വീട്ടില്‍
ഒറ്റപ്പെട്ടുപോയൊരു കൊച്ചു പെണ്‍കുട്ടിയുണ്ട്
മിട്ടായി പൊതിയും ,ടോട്ടോ ച്ചാനും,മാലി രാമായണവും
വായിക്കുന്ന ഡയറിയെഴുതുന്ന കുട്ടി 
ഇടയ്ക്കൊക്കെ ഫീലിയാസ് ഫോഗിനോപ്പം ലോകം ചുറ്റും
ഇന്‍ വിസിബിള്‍ മാനിനൊപ്പം ഒളിച്ചു കളിക്കും
നിങ്ങള്‍ക്കറിയാമോ ചില നേരത്തു പകല്‍
പാല പൂക്കാറുണ്ട് ,പൂക്കുന്ന പാലകളില്‍ നിന്നും
വന്യ ഗന്ധം ഒഴുകി പടര്‍ന്നു തൂവാറുണ്ട്
അപ്പോഴൊക്കെ ആളുകളുടെ രൂപം മാറും
ആണുങ്ങളൊക്കെ നാട്യങ്ങള്‍ അഴിച്ചു വെച്ച്
ആണുങ്ങളാവും
അടച്ചിട്ട മുറിക്കുള്ളില്‍ ഇപ്പോഴും അവളുണ്ട്
തുടുത്ത നെഞ്ചും തിണര്‍ത്ത തുടകളുമായി
പുറത്തു ചിതറി കിടക്കുന്ന പുസ്തക കൂട്ടങ്ങള്‍
പകല്‍ തണല്‍ വിരിക്കുന്ന വൃക്ഷങ്ങള്‍
തന്നെയത്രേ രാത്രിയില്‍ നിഴലുകലായി
ഭീതിപ്പെടുത്തുന്നവ ...
ആ ഉച്ച പകുതിയില്‍ നിഴലുകള്‍ നിറയുന്നു
മുഖമില്ലാത്ത നിഴലിനടിയില്‍ അവള്‍
വിഷം തൊട്ട് നീലിച്ചു കിടക്കുന്നു
വളരുമ്പോള്‍ കാരണമില്ലാതെ ഉറക്കത്തില്‍ ഞെട്ടുന്നു
അമ്മയുടെ സാരി തലപ്പില്‍ കെട്ടായി കുരുങ്ങുന്നു
മുന്നറിയിപ്പില്ലാതെ കറന്‍റ് മായുമ്പോള്‍
ഉറക്കെ അലറുന്നു
പരീക്ഷക്ക്‌ ഒന്നോ രണ്ടോ മാര്‍ക്ക് കുറയുമ്പോള്‍
വിങ്ങി വിതുമ്പുന്നു
കൂടെ വളരുന്ന സംശയിക്കുന്ന മിഴികളോടെ
ലോകത്തെ കാണുന്നു
സ്നേഹത്തിലാണെല്ലാം പൊതിയുന്നതെന്നു
തിരിച്ചറിയുന്നു
അനാവൃതമാക്കുമ്പോള്‍ കടും കയ്പ്പിതെന്നു
സ്നേഹത്തെ തന്നെ സംശയിക്കുന്നു
നിന്നെയും ..............
ചേര്‍ന്ന് കിടക്കുമ്പോഴും
ഇല്ലാത്ത സങ്കടത്തെ പ്രതി കരഞ്ഞു തീര്‍ക്കുന്നു
അരക്ഷിതത്വം നിറഞ്ഞ പകലോര്‍മ്മകള്‍
നിറഞ്ഞ രാത്രികള്‍
മറന്നാലും മരിച്ചാലും ഇല്ലതാവാത്ത നശിച്ച പകല്‍
നീ നിന്‍റെ എത്ര സ്നേഹം കൊണ്ട്
ഒപ്പിയെടുക്കും ? frown emoticon

.13-2-2038 @ 9:10 PM 52 sec

.....
നിനക്കെപ്പോഴും കാപ്പി പൂക്കളുടെ ഗന്ധമാണ്
ഓരോ രാത്രികളും പൂക്കുന്ന കാപ്പി ചെടികള്‍ നമ്മള്‍
നിലാവിന്‍റെ നിറമുള്ളവനെ എന്നെ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുക 
എന്നിട്ടാ നിലാവിന്‍റെ വെളുത്ത തൊണ്ട്
എനിക്ക് കൈമാറ്റം ചെയ്യുക
"അവള്‍ (നിശ്ചയമായും അത് അവളായിരിയ്ക്കും
എന്‍റെ സ്വാര്‍ത്ഥത തന്നെ )
അവള്‍ നടക്കുമ്പോള്‍ അവര്‍ അത്ഭുതപ്പെടും
മുസ്ലിമിന് ക്രിസ്ത്യാനിയില്‍ ജനിച്ച കുട്ടിയോ
എന്ന് സംശയിക്കും
സങ്കരണം നടക്കെണ്ടുന്നത് ,സ്വജാതിയില്‍ എന്നു
പഠിപ്പിച്ച പഠിച്ച എല്ലാവരും
അവളുടെ ചുരുണ്ട മുടിയിഴകളില്‍ തൊട്ടു
ജീവനുള്ളതെന്നു ഉറപ്പു വരുത്തും
സ്വന്തം വര്‍ഗത്തില്‍ നിന്നല്ലാതെ കുഞ്ഞുങ്ങള്‍
ഉണ്ടാകുന്നതെങ്ങനെയെന്നവര്‍ ചിന്തിക്കും
എന്നിട്ട് മഴ എന്ന പേരിന്‍റെ ജാതിയെ പറ്റി
പരസ്പരം തര്‍ക്കിക്കും
തീര്‍ന്നിട്ടില്ല .....
അവള്‍ക്കു നടക്കാന്‍ വഴികളുണ്ടായിരിക്കുകയില്ല
ഇസ്ലാമിക് സ്ട്രീറ്റും ,മേരി മാതാ റോഡും അമ്പാടി ലെയിനും
അവളെ പ്രവേശിപ്പിക്കയില്ല
എന്നാലും ഭരണഘടനയില്‍ കാലഹരണപ്പെട്ട
ന്യൂനപക്ഷ,ഭൂരിപക്ഷ , ദളിത്‌ സംവരണത്തിന്‍റെ ഒരു
കുരുക്കില്‍ അവള്‍ ഇങ്ങനെ ....
ഇനി അവള്‍ക്കൊരു കുഞ്ഞു പനി വരുമ്പോള്‍
എത്ര നാള്‍ നമ്മളിങ്ങനെ മരുന്നുകള്‍ മോഷ്ടിച്ചു കടത്തും
ഒരേ ഒരു കോളത്തിന്‍റെ അഭാവത്തില്‍
ചികിത്സ നിഷേധിക്കപ്പെടും
ക്രൈസ്റ്റ് നഗര്‍ സ്കൂളും,വിശ്വവിദ്യാപീഠവും
ജമായത്ത് പബ്ലിക്ക് സ്കൂളും
നമ്മളെ പറഞ്ഞു വിട്ടത് പോലെ
ഇവിടുന്നും ......
നിനക്കറിയില്ലേ മനുഷ്യര്‍ക്ക്‌ വേണ്ടിയല്ലാത്ത
സഹായസഹകരണ സംഘങ്ങള്‍
ഹെല്‍പ്പ്ലൈനുകള്‍ ,ഐക്യവേദികള്‍
ഇതിനെല്ലാമിടക്ക് മനുഷ്യകുഞ്ഞുങ്ങള്‍
എങ്ങനെ ജീവിക്കും
മനുഷ്യര്‍ എല്ലാ കാലവും സാമൂഹ്യ ജീവി
എന്ന് തന്നെ യാണല്ലോ നമ്മള്‍ പഠിച്ചിട്ടുള്ളത്
നിശ്ചയമായും അവളൊരു കവിയായി കൂടാ ,കലാകാരിയും
അസംഖ്യം എഴുത്തുകള്‍ക്കിടയില്‍ അവര്‍ അക്ഷരങ്ങളെ
തരം തിരിച്ചു കാണും
മനുഷ്യര്‍ക്ക്‌ സഞ്ചരിക്കാന്‍ വാഹനങ്ങളില്ലാത്ത
നാട്ടിലേയ്ക്ക് അവളെ ക്ഷണിച്ചു കൂടാ
ഇത്രയും അതി സങ്കീര്‍ണ്ണതകളെക്കാള്‍
എത്രയോ നല്ലതാണ് സഹെലിയുടെയും
മൂഡ്‌സിന്റെയും സുരക്ഷിതത്വം നിറഞ്ഞ രാത്രികള്‍
അസ്വസ്ഥതയില്ല
നിന്നെ കാണണമെന്നുണ്ട്...

എന്‍റെ ഒറ്റയില മരം

ദൂരേയൊരിടത്തു ഗ്രീഷ്മത്തില്‍
വിഷാദം പൊഴിക്കുന്ന
ഒരൊറ്റയില മരം
പുലരുമ്പോള്‍ ഘനീഭവിച്ചു
കിടക്കുന്ന വിഷാദകണങ്ങളെ 
എല്ലാ പകലുകളും ആരും ,
കാണാതെ തുടച്ചെടുക്കുന്നു
നീയിങ്ങനെ നിറഞ്ഞു തുളുമ്പി
ഒറ്റ ഇല പൊട്ടായി ഞാന്‍
ഈ ചില്ലയുടെ നെഞ്ചില്‍
പറ്റി കിടക്കുന്നു
ഇളം വെയിലുകള്‍ ,കടും വെയിലുകള്‍
ഒക്കെയും ചിത്രങ്ങളായി
മാറി മാറി നിന്നെ
ഉമ്മ വെയ്ക്കുന്നു
നീ മുന്‍പ് കണ്ട ആ പച്ചിലയുണ്ടല്ലോ
ഇല ഞെരമ്പുകള്‍ ,പ്യൂപ്പകുഞ്ഞുങ്ങള്‍
പഴുക്കാത്തയാ പച്ചില
അതൊരു ഛായാപടമാണ്
വിരസതയുടെ നീണ്ടു വിളര്‍ത്ത
വിരലുകള്‍ കോറി വരച്ച പടം
ഒറ്റയ്ക്കിരുന്നു ഞാന്‍ വിങ്ങുന്നു
ഞാനിപ്പോള്‍ ചെയ്യാത്ത കുറ്റത്തിന്
തനിയെ ചാരനിറക്കുപ്പായം
അണിഞ്ഞ കുട്ടി
എന്‍റെ മള്‍ബറി മരമേ
ഞാന്‍ എവിടെയാണ് .....?

മരിച്ചു പോയവനെ പ്രണയിക്കുമ്പോള്‍

ഞാന്‍ കഴിഞ്ഞ ജന്മങ്ങളിലും
ഈ ജന്മത്തിലും കാമുകി തന്നെയായിരുന്നു
നീറുന്ന ചൂളയിലെന്നപോലെ
എന്നെ തന്നെ നീറ്റിയുരുക്കി
ആണുങ്ങളെയുംപെണ്ണുങ്ങളെയും
മാറി മാറി പ്രേമിച്ചു നൊന്തു പോയവള്‍
എന്നാല്‍ സത്യത്തില്‍ ഇവരാരുമോ ,
മുന്‍പുള്ളവരോ ,എന്തിനു ഇപ്പൊഴുള്ളവനോ
അല്ലെന്‍റെ യഥാര്‍ത്ഥ കാമുകന്‍
മരണപ്പെട്ടു പോയ ഒരുവനുണ്ടായിരുന്നു
കവിയോ ,ചിത്രകാരനോ കലാകാരനോ
അല്ലാത്തയൊരുവന്‍
അവനെപറ്റിയെഴുതാന്‍ ഞാനെന്‍റെ
പേനയില്‍ ലോറല്‍ പിങ്കു നിറമുള്ള
മഷി നിറക്കുന്നു
അര്‍വ്വാചീനങ്ങളായ ഭാഷകള്‍
കണ്ടുപിടിക്കുന്നു അവനോടു മിണ്ടാന്‍
മരിച്ചു പോയ ഒരുവനെ സന്ദര്‍ശിക്കുമ്പോള്‍
ഒഴിഞ്ഞ കയ്യും നിറഞ്ഞ ഹൃദയവുമായി ചെല്ലുക
ഇളം റോസ്നിറമുള്ള മെഴുകുതിരികള്‍ ഉരുക്കി
കല്ലറയില്‍ അവന്‍റെ പേരിനോട് ചേര്‍ത്തു
എന്‍റെ പേരു കുറിച്ചിട്ടു ഇലയനക്കങ്ങളില്ലാതെ
പ്രണയത്തെ പറ്റി ഒരു പാട്ട് പാടുക
മരിപ്പിന്‍റെ സുവിശേഷം
ജീവിച്ചിരിക്കുന്നവരുടെ വസ്തുക്കളെക്കാള്‍
കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മരിച്ചവരുടെ
വസ്തുവകകളാണെന്ന പ്രാകൃത നിയമം
കാറ്റില്‍ കളഞ്ഞു
അവന്‍റെ ആകാശ നീല കുപ്പായത്തിന്‍റെ
വെളുമ്പന്‍ ബട്ടന്‍ കൈവെള്ളയിലിട്ടു
ഉരുക്കുക ,നാല് കണ്ണുകൊണ്ടവന്‍
നിങ്ങളെ കാണുമ്പോള്‍
ഒരു പൊട്ടായി മാറില്‍ പതിക്കുകയോ
ഇളം പച്ച മറുകായി കയ്യില്‍
ഒട്ടിച്ചു വെയ്ക്കുകയോ ചെയ്യേണ്ടതാണ്
മരിച്ചവരെ അങ്ങനെയാണ് പ്രേമിക്കേണ്ടത്
ഇനിയും നിങ്ങളവന്‍റെ പ്രണയത്തെ
സംശയിക്കുകയോ ,ചോദ്യം ചെയ്യുകയോ അരുത്
കാരണം അവന്‍ മാത്രമാണ് സത്യം
ഓരോ രാത്രികളിലും പിരിയില്ലന്നു വാക്കുതരുന്ന
എന്‍റെ സത്യസന്ധനായ ഒരേ ഒരു കാമുകന്‍
നിങ്ങള്‍ക്കറിയുമോ ? മരിച്ചവരുടെ
കൈകളുടെ ചൂടിനോളം വലുതല്ലോന്നും
രാത്രികളില്‍ ഐസ് കട്ടകളുടെ ചൂടു പോലെ
അവയെന്നെ പൊള്ളിച്ചുകൊണ്ടു
എന്നില്‍ ഇഴഞ്ഞു നടക്കുന്നു
ചുണ്ടുകളില്‍ ,മുലകളില്‍ ,അടിവയറ്റില്‍
ഉരുകിയൊഴിച്ച ലാവ പോലെ
ചത്തവിരലുകളുടെ അപഥ സഞ്ചാരം
ഒരു രാത്രിയില്‍ കഴുത്തില്‍ കുരുക്കിട്ട്
തൂങ്ങിയാടലിന്റെആ രഹസ്യം,
അന്നത്തെ രഹസ്യം എനിക്കും
പകുത്തു തരാമെന്നു ഉറപ്പ്‌ പറഞ്ഞിട്ടുണ്ടവന്‍
അവന്‍ മാത്രമാണ് യാഥാര്‍ത്ഥ്യം
പുലരുമ്പോള്‍ ഒറ്റമുറിയിലെ
എന്‍റെ കൂട്ടുകാരി കണ്‍ മിഴിക്കുകയും
നീയാകെ നീലിച്ചിരിക്കുന്നുവല്ലോ
മരിച്ചവളെ പോലെയെന്നു പറയുന്നു
സത്യം !
അവള്‍ക്കറിയില്ലല്ലോ
ഇന്നലെ രാത്രി ഞാന്‍ മരിച്ചവന്‍റെ കൂടെ
മരിച്ചു പോയതാണെന്ന്

വസന്തം റോസിനോട് ചെയ്തത് :-


നീ ചിത്ര ശലഭങ്ങളെ ചൂണ്ടയില്‍ കുരുക്കി
പൂക്കളെ പിടിക്കുന്നവന്‍
പൂമ്പാറ്റ ചിറകുകള്‍ മാലയാക്കി 
പനിനീര്‍ തണ്ടില്‍ കോര്‍ത്തു
നാലു ഋതുക്കളെയും തെറ്റി
ധരിപ്പിച്ചു
അവളെ സദാ കാലവും പൂത്തു
നിറുത്തിയൊരു കാമുകന്‍
എല്ലാകാലത്തും ,എല്ലാ നേരവും
നൂറ്റാണ്ടുകളില്‍ നിന്നും
പിണങ്ങിയൊരു വസന്തം
നിന്നോട് സമരസപ്പെട്ടു
നീ പോലുമറിയാതെ നിന്നില്‍
നിറഞ്ഞുലയുന്നുണ്ടെന്‍റെ റോസെ...
നീ നടന്നേക്കാവുന്ന വഴികളില്‍
നിന്‍റെ വിത്തുകളില്‍ ,വേരുകളില്‍
നിന്‍റെ ശാഖികളില്‍ ,ദൃഡതയാര്‍ന്ന
പച്ച തണ്ടുകളില്‍ ,കൂര്‍ത്ത മുള്ളുകളില്‍
ഉമ്മവെച്ചോരാള്‍...
നിന്നിലെയ്ക്കുള്ള കുറുക്കു വഴിയില്‍
ചില്ലു ചിറകുകള്‍ കത്രിച്ചു
മുള്ളുകള്‍ കൊരുത്തു,
ചിറകുകള്‍ നിഷ്കരുണം
കീറി , കൂര്‍ത്ത മുള്ളുകളിലൂടെ
കൈവിരലോടിച്ചു
രക്തം തൊട്ടു
ഒടുവില്‍ എത്തിചേരേണ്ടിടത്
തന്നെയെത്തി ചേര്‍ന്ന്
നീയെല്ലായ്പ്പോഴും ഒരു
വസന്തം തന്നെയാണ് റോസെ
എന്നോര്‍മിപ്പിയ്ക്കുന്നു ...