2015, ജൂലൈ 3, വെള്ളിയാഴ്‌ച

തലവേദന

വെള്ളകതിരുകള്‍ക്ക് ഇരട്ടവാലന്‍ സ്വഭാവമുണ്ട് 
വാളിന്‍റെ വായ്ത്തല മൂര്‍ച്ചയും 
ഇരുട്ടുമുറിയില്‍ അടിച്ചു വീഴ്ത്തിയെന്നെ
ജയിച്ചു നില്‍ക്കുന്നുണ്ടാ തലനോവ്‌ 
വേദനയുടെ അതി വേഗ പെരുക്കങ്ങളില്‍ 
വെളിച്ചം ശത്രുവാണ്
ചിന്തകളും സ്വപ്നങ്ങളുമെരിയുന്ന
മസ്തിഷ്കത്തില്‍ വഴിതെറ്റിക്കുന്ന ,
ഒളിഞ്ഞു കിടക്കുന്ന വലിയൊരു
വേദന ചുഴി
വേദന സംഹാരികള്‍ നിഷ്പക്ഷതയെ
ജയിപ്പിച്ചു വിടുന്ന
വിഷാദം കുത്തുന്ന തലവേദനകള്‍
വെളുത്ത കാളകൂറ്റന്മാര്‍
ചെമ്പട്ടുകത്തുന്ന തൂവാല വീശുമ്പോള്‍
വിളറിപിടിച്ചങ്ങു പായുംപോലെ
തെക്ക് വടക്കങ്ങു ഉലാത്തുന്നു
നനഞ്ഞ തോര്‍ത്തിന്‍റെ
തണുത്ത കൈകളാല്‍
നെറ്റിതടത്തില്‍ ഒരു കടും കെട്ടുകെട്ടി
നോവാറ്റി കളയുന്നു
ഒഴിഞ്ഞു പോവാത്ത ,ആരും കാണാത്ത,
നിറമുള്ള പൂമ്പാറ്റ കുഞ്ഞുങ്ങള്‍
എന്‍റെ ഇരട്ടവാലന്‍ തലവേദനയ്ക്ക് കൂടെ
തകിലു കൊട്ടുന്നു
നച്ചതിരത്തിന്‍ കതൈലെ
മിന്നാമിന്നി കൂട്ടങ്ങള്‍
തലക്ക് ചുറ്റും വെളിച്ചം നിറക്കുന്നു
എല്ലമടങ്ങി തലയുയര്‍ത്തുമ്പോള്‍
വലത്തേ കണ്ണിന്‍റെ അരികത്തുകൂടെ
നെറ്റിമേല്‍ ഇഴഞ്ഞു ഒരു കുഞ്ഞു നോവ്
വഴി തെറ്റാതെ
ഒരു കട്ടഞ്ചായയിലോ
സ്മിര്‍ണോഫിലോ തീര്‍ത്തു
കളയാനാവാത്തവിധം
നോവിന്‍റെ പെരുക്കപട്ടികകള്‍
ആണീ തലവേദനാ -
ദിനസരികുറിപ്പ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ