2015, ജൂലൈ 3, വെള്ളിയാഴ്‌ച

രഹസ്യം

പാടകെട്ടിയ നരച്ചയാകാശത്തിനു താഴെ
നമുക്കിടയില്‍ രഹസ്യങ്ങളരുതെന്ന
വാക്കുടമ്പടിയനുസരിച്ചു ആദ്യ കാമുകന്‍റെ
ഒന്നാമത്തെ ചോദ്യമതിനെപറ്റിയായിരുന്നു
"ആ രഹസ്യങ്ങളെ പറ്റി"
ചില രഹസ്യങ്ങള്‍ അങ്ങനെയാണ്
പത്തു പതിനാലു വര്‍ഷം വേണം
തുടുക്കാന്‍ ...
അല്ലെങ്കിലും അവനതു ചോദിക്കേണ്ടവന്‍ തന്നെ
കണ്ണുകളിരുസമുദ്രങ്ങളായി നിന്നരുകില്‍
നിന്നാലും നോട്ടമാദ്യമെത്തുക
കാഴ്ചയില്ലാത്ത നെഞ്ചിലെയാ
ഇരട്ടകണ്ണുകളില്‍ തന്നെയാണ്
രതിയുന്മാദപ്രേമപ്പെരുംമഴക്കാലയവസാന
രാത്രികളില്‍ മുലകളില്‍ വീണുറങ്ങിയ
ആദ്യത്തെ കാമുകനു മുന്‍പില്‍
അമ്മയോളം വളരുന്നു ചുരത്തുന്നു
പിന്നീടോരിക്കലും കണ്ടതേയില്ലവനെ
വേദനയുടെ ആഴം എത്ര വരും ?
അത്രയും ആഴത്തില്‍ ഞാന്‍ ഒറ്റയ്ക്കായി
രണ്ടാമത്തെ കാമുകന്‍;
ഒരു ശിശിരകാലത്താണതു
ബഹളങ്ങളില്ലാതെ ശാന്തമായി
പുഴതിരിഞ്ഞോഴുകുന്ന കൈവഴിയില്‍
അലസനായി ,ആട്ടിന്‍ പറ്റങ്ങളെ മേയിച്ചിരുന്നവന്‍
മഴനൂലുകളില്‍ കെട്ടി ദൈവം തണുപ്പിറക്കുന്ന
സന്ധ്യക്കെന്നെ ആഞ്ഞു ചുംബിച്ചവന്‍
ചുംബിച്ചമാത്രയില്‍ ചുണ്ടുകള്‍ ഇരുളുകയും
മുലകള്‍ നീലിച്ചു,പിന്നെയും കറുക്കുകയും ചെയ്തു
വിഷം തൊട്ടപോലെ ...
ആ നിമിഷം തന്നെ മറ്റൊരു ഭൂഗര്‍ഭനദിപോലെയവന്‍
താഴേയ്ക്ക് പോയി
വിഷാദത്തിനന്ത്യമായി....
നീലിച്ച സ്തനങ്ങളുമായി ഞാനാ വിഷാദം
പേറിആയുഷ്ക്കാലം നീറ്റുമ്പോള്‍
മൂന്നാമത്തവനും അവസാനത്തവനുമാണ്
ആ രഹസ്യങ്ങളുടെ കടും കുരുക്കഴിച്ചത്
ഓറഞ്ച് തൊലികള്‍ക്കും മാതളനാരകങ്ങള്‍ക്കും
മീതെ ഒരു തുടം നിറങ്ങള്‍ ഒഴിക്കുകയും
നിരാശകള്‍ കൊണ്ടുള്ള വിഷാദവരകളെ
ഇളം പച്ച ബ്രഷുകൊണ്ട് കൂട്ടി യോജിപ്പിച്ചു
തെറ്റി പോയ വഴികളെ കണ്ടു പിടിച്ചു
വീണ്ടും വീണ്ടും വരച്ചു കൊണ്ടേയിരുന്നു
വിഷം തൊട്ട നീലകള്‍ ഒറ്റ തലോടലാല്‍
പുഷ്പ്പിക്കുകയും ,ചുണ്ടുകള്‍ കൊണ്ട് മീട്ടുന്ന
ഗിതാറിലെ പ്ലാസ്റ്റിക്‌ വല്ലികളെ പോലെ
ശ്രുതികള്‍ മുറുക്കിയും അയച്ചും
ഇല്ലാത്ത വേലി പടര്‍പ്പിലെ
ചെമ്പന്‍ പൂവിതളുകള്‍ ഞെരടിയും
വസന്തമാഘോഷിച്ചു
വിഷാദപെയ്ത്തുകളുടെ ചുരുള്‍ .
നഗ്നതയില്‍ ഇരട്ട മാലാഖകുഞ്ഞുങ്ങളെ
ലാളിക്കുകയും,പരിഭാഷ എന്ന താളിലെ
ഒരു വരിയുടെ കനത്തില്‍
നാല് കണ്ണുമ്മകള്‍ കൊണ്ട്
ചിത്രമെഴുതിയ
ദ്വൈതമാംസപിണ്ഡങ്ങള്‍ക്കു
ശാപമോക്ഷം കൊടുക്കുകയും ചെയ്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ