2013, ജൂലൈ 30, ചൊവ്വാഴ്ച

സ്വര്‍ണപാദസരം പിണഞ്ഞു കിടയ്ക്കുന്ന കാപ്പിനിറമാര്‍ന്ന 
കാല്‍വണ്ണകളിലെ നീല ഞരമ്പുകളിലൂടെ കുതിച്ചു പായുന്ന 
പച്ച ചോരയുടെ സ്വാദ് ചെറു സര്‍പ്പകുഞ്ഞുങ്ങളുടെ ഇരട്ട 
നാവുകളെ അറിയിച്ചു കൊടുക്കണമെന്നുണ്ട്

മറ്റു ചിലപ്പോള്‍ ............

പഠിച്ചു പൂര്‍ത്തിയാക്കാന്‍ കഴിയാത്താ നൃത്തത്തിന്‍ മുദ്ര 
ഒരു നീണ്ട കയറിന്‍ അറ്റത്തില്‍ എന്നെ തന്നെ കുരുക്കി 
വീണ്ടും കളിച്ചു പടിയ്ക്കണമെന്നുണ്ട് ,അവസാനമായി 

ഇനിയുമോരിയ്ക്കല്‍ . ..............

അലയ്ക്കുന്ന കടലിന്‍റെ നീലിമയുടെ ഘനമളക്കാന്‍ 
ആഴങ്ങളില്‍ ഒന്ന് തൊട്ടു നിവര്‍ന്നു ഭാരമില്ലാത്ത 
പൊങ്ങു തടികളായി ഒഴുകി നീന്താന്‍ മോഹമുണ്ട് 

നിറങ്ങള്‍ മാറ്റി കളിച്ചു സര്‍വം ദഹിപ്പിയ്ക്കുന്ന
അഗ്നിതന്‍ കെടാത്ത വിശപ്പു ശമിയ്പ്പിയ്ക്കാന്‍ 
എന്നെ തന്നെ എറിഞ്ഞു കൊടുക്കണമെന്നുണ്ട് 

ഇനിയും ഒരു കൊച്ചു മുറിവിലൂടെ രക്തയോട്ടതിന്‍ 
ഗതി തിരിച്ചു വിട്ടു എന്നെ തന്നെ ഇല്ലാതാക്കണമെന്നുണ്ട് 

വേണ്ട ,ഇതൊന്നും ............

എത്ര നിസ്സാരം ............

നിന്‍റെ മടിയില്‍ തലചായ്ച്ചു കിടക്കുമ്പോള്‍ ,
സൂര്യന്‍റെ വെയില്‍ കുട്ടികള്‍ എനിയ്ക്ക് ചുറ്റും 
നിലാവായി നൃത്തം ചവിട്ടുമ്പോള്‍ ,നേര്‍ത്ത 
മോതിരവിരല്‍ കൊണ്ടു എന്‍റെ കണ്ണിനും 
ചുണ്ടിനുമിടയില്‍ മറഞ്ഞു കിടക്കുന്ന ഒരു 
ത്രികോണത്തിന്‍റെ ലംബങ്ങളും കര്‍ണങ്ങളും 
വരയ്ക്കുമ്പോള്‍ വിരലുകള്‍ കൊണ്ടെന്റെ 
ഉച്വാസങ്ങളെ തടുത്തു നിര്‍ത്തി എന്നെ 
തന്നെ ഇല്ലാതാക്കുക ...........
----രഹസ്യം ----

''ഇതൊരു രഹസ്യമാണ്.. എന്‍റെ ....എന്‍റെ.. മാത്രം സ്വത്ത്‌
അമ്മയുടെ അലമാരയോന്നില്‍ ഉറങ്ങിക്കിടയ്ക്കുന്ന സത്യം
എന്നെ കാത്തു പഴകിയൊരു നോവിന്‍ ചവര്‍പ്പുള്ള നേര്
തടിച്ച കള്ളികളോന്നില്‍ മടക്കി വച്ച പട്ടു വിരിപ്പാവിനും,
അപ്പയുടെ ഭംഗിയില്ലാത്ത കൈയക്ഷരം പേറുന്ന കള്ള
പ്രേമലേഖനങ്ങല്‍ക്കുമപ്പുറം ,കറുപ്പും വെളുപ്പുമിടകലര്‍ന്ന
കല്യാണആല്‍ബങ്ങള്‍ക്കുമടിയില്‍ മുഷിഞ്ഞു കിടക്കുന്നൊരു
കുഞ്ഞുടുപ്പ്‌ ചുവന്ന പട്ടു നാടകളാല്‍ മുദ്രവെച്ച വെള്ള
പരുത്തിയുടുപ്പ്.....

അമ്മയുടെ കണ്ണീരു വീണു പിഞ്ഞിയ വസ്ത്രം ...
ആശുപത്രി വരാന്തയിലെ അപ്പയുടെ നീണ്ട കാത്തിരിപ്പിന്‍
കഥകള്‍ എനിയ്ക്ക് പറഞ്ഞു തരുന്നു ...
മഞ്ഞ മരുന്നുകളുടെ ഗന്ധം ,മുലപ്പാലിനോടോട്ടി ഇല്ലാതായി
ഔഷധകറകള്‍ ,മഞ്ഞ മലപൊട്ടുകള്‍ ,പാല്‍ തുപ്പലം വഹിയ്ക്കുന്ന കുട്ടി മണങ്ങള്‍ കൂട്ടി വെച്ചു കഴുകാതെ
കാത്തു പോന്ന ഒരു കുട്ടി കുപ്പായം
ഇതിനുള്ളിലേറി ഒരു സായം സന്ധ്യയുടെ ചിറകിലലേറി
സൂര്യനൊപ്പം ഈ കൊച്ചു സൂര്യനും ഹൃദയമിടിപ്പുകളുടെ
താഴപ്പിഴകള്‍ക്കൊപ്പം സഞ്ചരിയ്ക്കാന്‍ കെല്‍പ്പില്ലാതെ
ഉദയമില്ലാതെ അസ്തമിച്ചു ഇല്ലാതായത് ..
എനിയ്ക്ക് മുന്നേ എന്‍ വഴിയിലൂടെ നടക്കാന്‍ ശ്രമിച്ചു
ഇല്ലാതായ പൊന്നെട്ടന്റെ കൈപിടിച്ചു നടക്കേണമീ
കുഞ്ഞുടു പ്പിലൂടെ

എനിയ്ക്ക് മനസിലാകുന്നുണ്ടമ്മേ ചില കറകള്‍
ബാക്കി നിറുത്തുന്നതെന്താണെന്നു........''
L
____ആശു പത്രിയില്‍ നിന്നും ____

മരുന്നുടപ്പികളില്‍ മധുരം മണക്കുന്നു
ഗുളിക പൊട്ടുകളില്‍ നിറങ്ങളുടെ ഘോഷയാത്ര
ചോരകുപ്പികളില്‍ മഞ്ജാടി മണികള്‍ ഇറ്റുന്നു
ഉറക്കത്തെ തോല്പ്പിക്കാതെ കുഴയുന്ന കണ്ണുകളുമായി
ഞാനും കാവലിരിയ്ക്കുന്നു വേദനിയ്ക്കുന്ന
ഒരു കൂട്ടം രോഗികള്‍ക്ക് സര്‍വം ശാന്തം ....

ചിതലരിയ്ക്കുന്ന എന്‍റെ ചിന്തകള്‍ ...
അബോധത്തിന്‍റെ നേര്‍ത്ത അതിര്‍ വരമ്പുകള്‍ക്കുള്ളില്‍
നേര്‍ത്തലയ്ക്കുന്ന കണ്ണീര്‍ ഒച്ചകള്‍
മരണം ചുറ്റുന്ന ശരീരത്തില്‍ കുഴയുന്ന ശബ്ദം
ഒരേ ഒരു ഭാഷ സ്നേഹത്തിന്‍റെ ...
ആരെയോ തിരയുന്ന കലര്‍പ്പില്ലാത്ത
സ്നേഹത്തിന്‍റെ വിളി ഒച്ചകള്‍ ...
നിത്യമാം ശാന്തതയിലേയ്ക്കു വഴുതുന്ന
ആത്മാവിന്റെ അവസാന തേങ്ങലുകള്‍
ഞാന്‍ മാത്രം കേട്ടു ...

ഓടി അടുത്ത എന്‍റെ വിരലുകള്‍ നനഞ്ഞ
നെറ്റിമേല്‍ തലോടി പലയാവര്‍തി ഞാന്‍ മന്ത്രിച്ചു
''ഞാന്‍ വന്നിരിയ്ക്കുന്നു വരുവാ തിരിക്കാനായില്ല
ഒടുവില്‍ വിട്ടു പോകില്ലന്നു സത്യം ചെയ്തു
സ്വച്ഛനമാം മരണത്തിലേയ്ക്ക് പറത്തി വിട്ടു

തണുപ്പുറഞ്ഞ ശരീരം കരിനീല ചുണ്ടുകള്‍
എന്‍റെ വാഗ്ദ്ധതം കേട്ടു ആരെയോ എന്നില്‍
കണ്ടു മരിച്ചു പോയ ചെറുപ്പക്കാരാ
നിന്‍റെ വിളര്‍ത്ത ചുംബനങ്ങള്‍ ഇപ്പോഴുമെന്‍
കൈ വിരലുകളെ പോള്ളിയ്ക്കുന്നല്ലോ
ഇത്ര മേല്‍ ആത്മാവിനാല്‍ പകരം വയ്ക്കപ്പെട്ട
ഉമ്മകള്‍ ഇനിയെന്നില്‍ ആവര്‍ത്തിയ്ക്കപ്പെടുകയില്ല 

2013, ജൂലൈ 11, വ്യാഴാഴ്‌ച

രണ്ടാം തരം

___രണ്ടാം തരം______

നിന്‍റെ അളന്നെഴുത്തലുകള്‍ക്ക് മുന്‍പില്‍
ഞാനൊരിയ്ക്കലും ഒന്നമാതായിരുന്നില്ല
രണ്ടാമത് മാത്രം ..പകരക്കാരിയായ
ഒരു കാമുകി ,സുവിദ്യയ്ക്ക് പകരം
അനുതാരയ്ക്ക് പകരം അതിങ്ങനെ
നീണ്ടു പോകുന്നു പരാതികളില്ലാതെ
കുറിയ്ക്കട്ടെ ഞാന്‍ യഥാര്‍ത്ഥത്തില്‍
ഒരു വിധവ സുമംഗലിയെ പോല്‍
ചുവന്ന പട്ടുടുത്തു കണ്‍ മഷി ഇട്ട
നിറഞ്ഞ കണ്‍കളുമായി ജീവിതം
പറയുന്നു ,ഞാന്‍ അര്‍ഹതയ്ക്കുമപ്പുറം
സ്നേഹമറിഞ്ഞവള്‍ പകരം വയ്ക്കേണ്ട
മറ്റൊരു ജന്മത്തിനുടമ

സുവിദ്യയ്ക്ക് ....

കാലം തെറ്റി പെയ്ത മഴ നനച്ച ഇടനാഴിയുടെ
അവസാനത്തെ മുറികളോന്നില്‍ ഞാന്‍
അവളുടെ ജീവനു കാവല്‍ ഇരിയ്ക്കുന്നു
എന്‍റെ കാമുകന്‍റെ പ്രണയിനിയ്ക്കായി
അവളുടെ നീല ഞരമ്പുകള്‍ക്കുള്ളിലെ പച്ച
രക്ത പ്രവാഹമളന്നു ഞാന്‍ കൂട്ടിരുന്നു
കണ്ണ് നിറയാതെ കാത്തിരുന്നു അവനു വേണ്ടി
മരുന്ന് മണക്കുന്ന വാടിയ ദേഹം ..
സ്തനാര്‍ബുധതോടു പടവെട്ടി തോറ്റിരുന്നു
ഞാന്‍ നിന്‍റെ പകരക്കാരി ഈ ഓര്‍മകളില്‍
നീ അവനു കുറിച്ച മറ്റൊരു കവിത എന്‍റെ
നാവിന്‍ തുമ്പില്‍ കുരുങ്ങി കിടക്കുന്നു ..

വികിരണ പ്രഭാവത്തില്‍ പൊഴിഞ്ഞുര്‍ന്ന
നിന്‍റെ നീല മുടിയില്‍ ഇനിയുമാവന്‍
കെട്ടപ്പെട്ടിരിയ്ക്കുന്നല്ലോ ഞണ്ടിന്‍ കുഞ്ഞുങ്ങള്‍
കാര്‍ന്നു തിന്ന വിളവില്ലാത്ത ഗര്‍ഭനിലങ്ങളും
പാലൂറാത്ത വരണ്ട മുലകളും എന്‍റെ മുന്നില്‍
വച്ചാണ് അറുത്തുകളഞ്ഞത്..കൂടെ അവന്‍
നിനക്കു കടം തന്ന ഉമ്മകളും ....

ഒടുവില്‍ ആശുപത്രി കിടക്കയില്‍ ആത്മാവിനെ
വിവസ്ത്രണം ചെയ്തു എന്‍റെ വിരല്‍ തുമ്പുകള്‍
അവന്റെ പരുക്കന്‍ കയ്യില്‍ കോര്‍ത്ത്‌ നീ മടങ്ങി
എന്നെ പകരക്കാരിയാക്കി....

അവന്‍റെ ചുവന്ന ചുംബങ്ങള്‍ക്കിപ്പോഴും
നിന്‍റെ മനം മടുപ്പിക്കുന്ന മരുന്ന് ഗന്ധം
അവന്‍റെ ഹൃദയ മിടിപ്പുകള്‍ക്ക് ചെവിടോര്‍ത്താല്‍
കേള്‍ക്കുന്ന പേര് നിന്‍റെ ....
ഇനിയുമീ കഥകളാവര്‍ത്തിച്ചു കൂടാ
വിസ്മൃതിയിലേയ്ക്കു തള്ളിയിട്ടു ഞാന്‍
ഒരിക്കല്‍ കൂടി കൊല്ലട്ടെ നിന്നെ ....

വയ്യ ...എത്ര മറന്നിട്ടും മറക്കാനാവാതെ
ചുവന്നു പോയ നിന്‍റെ നെഞ്ചിലെ വെള്ള
നിറമുള്ള കെട്ടുകള്‍ എന്‍റെ പ്രണയത്തെ
തോല്പ്പിയ്ക്കുന്നു ഇനി ഈ ഭാവങ്ങള്‍ ഇല്ല
ആട്ടങ്ങള്‍ക്കവസാനം എനിയ്ക്ക് ഞാന്‍ ആവണം
ഞാന്‍ ..ഞാന്‍ മാത്രമാവണം ..

2013, ജൂലൈ 8, തിങ്കളാഴ്‌ച

വീട്

വീട് .....

എനിയ്ക്കൊരു വീടുവേണം വാടകയ്ക്ക് ..
നക്ഷത്ര രാജ്ഞിമാര്‍ കാവല്‍ നില്‍ക്കുന്ന പടിപ്പുര ..
പൂന്തോട്ടങ്ങളോ,വള്ളി ചെടികളോ മുള്‍വേലിയോ
അതിര്‍ വരമ്പുകളിടാത്ത എന്‍റെ കൊച്ചു സ്വര്‍ഗം
ചന്ദനമരങ്ങളും ,പൂവരശും ,പ്ലാശും,കൊന്നയും
തഴച്ചു പൊങ്ങുന്ന ചോലകള്‍ക്കിടയിലെ
സ്വസ്ഥമായോരിടമാവണമത് ...

വെയില്‍ പൊട്ടുകള്‍ നെറ്റിയിലണിഞ്ഞു ഈ
പ്രഭാതങ്ങളോക്കെഎനിയ്ക്ക് വരവേല്‍ക്കണം
ചോദിക്കാതെ വന്നുമ്മ വെച്ചു പോയ
മഴ കനത്ത സന്ധ്യകളില്‍ മുഖം തുടുപ്പിച്ചു
നിന്നോടെനിയ്ക്ക് പരിഭവം പറയാനൊരിടം ...
നീണ്ടു പരന്ന ഇടനാഴിയുടെ ഇരുളില്‍ പറയാതെ
നീയെന്നെ നെഞ്ചോടു ചേര്‍ക്കണമവിടെ ..

കവിതകളുടെ കൂട്ടുകാരനായി നീയും
അക്ഷരങ്ങളുടെ സഹയാത്രികയായി ഞാനും
ചിട്ടയില്ലാതെ ചിതറി കിടക്കുന്ന പുസ്തക
ജാലങ്ങളെ സാക്ഷി നിറുത്തി നമ്മുടെ
വാക്കുകളെ ചുംബിച്ചുറക്കണം
വലിയമുറികളോ ചായം പൂശിയ ചിത്രങ്ങളോ
ഭാരമാവാത്ത നമ്മുടെ താഴ്വാരങ്ങളില്‍ ഒത്തിരി
കവിതകള്‍ പൂത്തുലയണം

കരി മഷിയോ കാല്‍ തളകളോ ,കൈ വളകളോ
അണിയാത്ത കുസൃതി കുരുന്നുകളുടെ പാദങ്ങള്‍
പൂക്കളം തീര്‍ക്കേണമീ മണ്ണില്‍
കൊഞ്ചലലുകളുടെ അകമ്പടിയില്‍
കളി പ്പാട്ടങ്ങളി ല്ലാത്ത തളത്തിന്റെ തെക്കെയറ്റതു
തെളിഞ്ഞു കത്തുന്ന നിലവിളക്കിന്‍ മുന്നില്‍
സകല കലകളും ആടിതെളിയേണമെന്‍ മക്കള്‍
മഴ കുട്ടിയായും അനാമികയായും
സ്നേഹം കൊണ്ടൊരു കൂട് ...
മക്കളെ വിദ്യാലയങ്ങള്‍ക്ക് വില്‍ക്കാതെ
നെഞ്ചോടടുക്കിപ്പിടിയ്ക്കാന്‍ ഒരു
നന്മ കൂട് വേണം ഇനി

ഋതു ഭേദങ്ങളില്‍ പുല്‍ക്കൂട്‌ ചമച്ചും
കണിയൊരുക്കിയും,ദീപം തെളിച്ചും
പുണ്യം നിറയുന്ന ഉപവാസ മേടുത്തും
ത്രിസന്ധ്യകളില്‍ മെഴുതിരി നാളങ്ങല്‍ക്കൊപ്പം
ഒരു നൂറാവര്‍ത്തി ജപങ്ങള്‍ ചൊല്ലിയീ
നല്ദിനങ്ങളെ എതിരേല്‍ക്കാന്‍ ഒരു
വീട് വേണം ....

പറയാതെ അറിയുന്ന ഇഷ്ടങ്ങളില്‍
ഒരു ജന്മമായി ജീവിച്ചു മരിയ്ക്കാന്‍
ഇനിയൊരു വീട് വേണമെനിയ്ക്ക്..

2013, ജൂലൈ 6, ശനിയാഴ്‌ച

അക്കതെറ്റുകള്‍

മുന്‍പേ ഏകീഭവിച്ച ആത്മാക്കളുടെ
സമ്മേളനങ്ങള്‍ക്കിടയില്‍ ഈ
ശരീരങ്ങള്‍ക്കെന്തു പ്രസക്തി ?
നനുത്ത ചുംബനങ്ങളുടെ ചപലതയില്‍
നീ എന്നില്‍ കുറിച്ച അക്ഷരതെറ്റുകളുടെ
കവിതകളാണിവയോരോന്നും
ചിലപ്പോള്‍ പ്രണയവും മറ്റു ചിലപ്പോള്
ആവശ്യകവും ഇനിയുമൊരിക്കല്‍
അവിഹിതവും ആയേക്കാവുന്ന
കവിതകള്‍ ...
വിശേഷണങ്ങള്‍ക്കതീതനായ സഹയാത്രികാ
നിശ്ചലമാക്കപ്പെട്ട നമ്മുടെ കാമനകള്‍
ഉയിര്‍പ്പ് കൊണ്ട മഞ്ഞിന്‍ മണമാര്‍ന്ന രാത്രി
ഞാനറിയുന്നു എന്‍റെ നഗ്നതകള്‍ക്കുള്ളിലൂടെ
നിന്‍റെ കണ്ണുകളില്‍ പൂക്കുന്ന വസന്തത്തിന്‍റെ
തേനറകള്‍ ഭദ്രമാക്കപ്പെട്ടിരുന്നു

നിന്‍റെ പ്രേമം കൊണ്ടെന്നെ വിലയ്ക്കെടുത്ത
രാത്രി ,വെളുത്ത നീയും കറുത്ത ഞാനും
ഒന്നാക്കപ്പെട്ട കറുത്ത നമ്മുടെ നിഴലുകളും
തരിശാക്കപ്പെട്ട എന്‍റെ ഗര്‍ഭനിലങ്ങള്‍
മറ്റൊരു വെളുത്ത കണ്ണനെ ഉരുവാക്കാന്‍
കാത്തു കിടന്നു.അതായിരുന്നെന്റെ
അവകാശത്തിന്‍റെ ഒന്നാം മുദ്ര
സ്വന്തം മുന്തിരി നിലങ്ങള്‍ പാട്ടത്തിനു
നല്‍കപ്പെട്ട ഉടമസ്ഥയുടെ അവകാശം

വിങ്ങുന്ന കാറ്റില്‍ നിലാവ് തോല്‍പ്പിച്ച
ഇരുളില്‍ എന്‍റെ ഹൃദയ സ്പന്ദനങ്ങള്‍
നിന്‍റെ ചുണ്ടുകളില്‍ തട്ടി നീലിയ്ക്കുന്നു
ഇരട്ടമാന്‍ കിടാക്കള്‍ മേയുന്ന ഇളം
കറുപ്പാര്‍ന്ന മേനിയില്‍ നിന്നെപ്പോഴോ
മധുരങ്ങള്‍ പങ്കു വെയ്ക്കപ്പെട്ടിരുന്നു
അതേ ..ഞാന്‍ കന്യകയും എല്ലായ്പ്പോഴും
പാല്‍ ചുരത്തുന്നവളുമായ അമ്മയാണ്
എന്‍റെ അവകാശത്തിന്റെ രണ്ടാമത്തെ
വെള്ളി താക്കോല്‍ ..

വെള്ളിയരഞ്ഞാണ മണികളില്‍ താളം
പിടിച്ചു നിന്‍റെ പൂര്‍ണതയെ എന്നില്‍
നിക്ഷേപിച്ചു ,ചോദ്യങ്ങളെ ചുംബന
താഴിട്ടു ബന്ധിച്ചു സ്നേഹത്തെ പറ്റി
തോരാതെ പാടുമ്പോള്‍ നമുക്ക് ചുറ്റിലും
പിറക്കാതെ പോയാ ചില കൊച്ചു
കൊച്ചു നിലവിളികള്‍ ഉയര്‍ന്നു
കേള്‍ക്കുന്നല്ലോ പ്രേമത്തിന്‍റെ
നിര്‍വചനം തേടി .......
ഹാ ..കഷ്ടം സ്വാര്‍ഥയായ നിന്‍റെ
അധീശത്വത്തില്‍ അമര്‍ന്നു പോയ
ഒരു പാവം പെണ്ണുണ്ടായിരുന്നു
എവിടെയോ .......
പ്രിയപ്പെട്ടവനെ നീ പ്രണയത്തിന്റെ
വാഴ്തപ്പെട്ടവനെങ്കില്‍ വരൂ
സ്ത്രൈണതയുടെയും പൌരുഷത്തിന്റെയും
ഭാരങ്ങള്‍ മാറ്റി വയ്ക്കുകഎന്നിട്ട്
പ്രണയിച്ചു തുടങ്ങാം ,ആദ്യതെതും
അതി പ്രധാനവുമായ ഒരു കല്പനയാണിത്‌ ......

അവരോടു ...........

അവരോടു ;

''മഞ്ഞശലഭങ്ങളോ വയലറ്റ് പൂക്കുന്ന
വള്ളിക്കാടുകളോ കാണെണ്ടിനി
മഴയേല്‍ക്കാത്ത മറ്റൊരു മഴക്കാലം
പെയ്തു തീരട്ടെ എന്നില്‍ ...
ഈ സദാചാരക്കുടകളുയര്‍ത്തീ ഞാനീ
പ്രണയതുള്ളികളെ പ്രതിരോധിക്കട്ടെ
സ്വപ്‌നങ്ങള്‍ മാറ്റി വെച്ചു ജീവിതമീ
തിളങ്ങുന്ന താളുകളിലുപേക്ഷിച്ചിട്ടു
നാളുകള്‍ എത്ര ,എന്നേ ബന്ധിച്ചു
തീര്‍ന്നതാണീ പ്രണയ വഴികളോരോന്നും
എന്നിട്ടും ഇത്ര മനോഹരമായി
എന്നിലേയ്ക്ക് തന്നെ നിന്നെ
എത്തിച്ചതാരാണ് യാത്രികാ ?
ഇനിയും പ്രണയത്തിന്റെ നോവുകള്‍
നേരുകള്‍ അകന്നു നില്‍ക്കട്ടെ
എന്നില്‍ നിന്നും

നിന്നോട് =[എന്നോട് തന്നെ]

ഞാന്‍ വെണ്മ നശിച്ചു ഇരുട്ടറയില്‍
അടയ്ക്കപ്പെട്ട പാതാള രാജ്ഞി
കറുത്ത മാലാഖ പ്രേമത്തിന്‍റെ
വിലക്കപ്പെട്ട കനികളുടെ നിമിഷ
മാധുര്യം നുകര്‍ന്ന് ഇരുളില്‍
ശിക്ഷയെററ് വാങ്ങുന്നു ദൈവത്തെക്കാള്‍
മനോഹരമായി നിന്നെ പ്രണയിച്ചതിനുള്ള
ശിക്ഷ ...ഒറ്റ പ്പെട്ട അമാവാസികളില്‍
പൂര്‍ണ ചന്ദ്രബിംബം തിരയുന്നു
എന്നേ സ്നേഹത്തിന്‍റെ വെള്ള
ചിറകുകള്‍ വെട്ടിമാറ്റപ്പെട്ടിരുന്നു
പുതു മിന്നാമിന്നികൂട്ടം ഉയര്‍ന്നു
പൊങ്ങുന്ന മഞ്ഞു മഴക്കാലക്കാഴ്ചകള്‍
ചുറ്റിനുമില്ല,പ്രകാശത്തിന്റെ വെള്ള യുടുപ്പും
ആത്മാവില്‍ ദരിദ്രയും നഗ്നയും
പിഴച്ചു പോയതുമായ ഒരാത്മാവ്
ആത്മാവും പ്രണയവും വലിച്ചെടുക്കപ്പെട്ടു
ശൂന്യത നിറച്ച മറ്റൊരു ശവക്കൂട്

ഇനിയും എന്നെ പ്രണയത്തിന്‍റെ
കടക്കാരിയാക്കുന്നതെന്താണ് ? നിനയ്ക്കാത്ത
നേരങ്ങളില്‍ എന്നിലെയ്ക്കീ തീവ്ര പ്രണയ
നദികള്‍ ഒഴുകുന്നതെന്താണ് ?

നിന്നോട് =നിന്നോട്=നിന്നോട് മാത്രം

മരിച്ചു പോയവള്‍ക്ക് നിന്നോട്
മിണ്ടാനാവുമോ ? എത്ര നിലവിളിച്ചാലും
മണ്ണിനടിയില്‍ തീരുന്നവളുടെ വിലാപങ്ങള്‍
കണ്ണിരുകള്‍ കരച്ചിലുകള്‍.. ചെക്കാ

മൌനങ്ങളുടെ ഏട്ടാമത്തെ സ്വരപഴുതിലൂടെ
ഒരു കിളി ഒച്ചയായി ,തെറ്റി പോയൊരു
വിളിയിലൂടെ ഞാന്‍ വന്നു
സ്നേഹത്തിന്‍റെ ആണി പ്പാടുകള്‍
കൊണ്ട നീണ്ടു മെലിഞ്ഞ കൈവിരലുകളില്‍
അനുവാദമില്ലാതെ ഉമ്മ വെച്ചു ഞാന്‍ ,
പഠിയ്ക്കാന്‍ ശ്രമിയ്ക്കുന്നു ...
തെറ്റ് തിരുത്താന്‍ ശ്രമിയ്ക്കുന്നു
രക്ഷകനും നീയുമെനിയ്ക്കു
രണ്ടാണെന്നുള്ള പൊള്ളുന്ന സത്യം

അമ്മ പറഞ്ഞ കാര്യങ്ങള്‍

അമ്മ പറഞ്ഞ കാര്യങ്ങള്‍ ..............

ഗര്‍ഭപാത്രത്തില്‍ നിറയാതെ പോയ 
എന്‍റെ മഴകുട്ടിയ്ക്ക് ,നീയെ-
പ്പോഴുമെനിയ്ക്കൊരു പൊന്‍ മാലാഖ 
വാസ്തവക്കാഴ്ചകള്‍ കണ്ടെടുക്കുന്നത്,
അഴുക്കു ചാല്‍ തുള്ളി കളിക്കുന്ന ഓരത്ത് 
തണുപ്പ് തിന്ന കുഞ്ഞു ദേഹം 
കുഞ്ഞനുറുംബുകള്‍ക്കും വാലാട്ടുന്ന
നായികുഞ്ഞുങ്ങള്‍ക്കുമൊപ്പം 
കരിപിടിച്ചു എണ്ണ മെഴുക്കാര്‍ന്നു
മയങ്ങുന്ന എന്‍റെ സൂര്യകാന്തികുട്ടി

കാഴ്ച ക്കപ്പുറം തെളിഞ്ഞത് ;
മാനത്തുന്നുര്‍ന്നു വീണ ഏതോ ഒന്ന്
സൂര്യവെളിച്ചത്തില്‍ പൊഴിഞ്ഞു പോയ
ലോലമാം ചിറകുകള്‍ നക്ഷത്രകുഞ്ഞുങ്ങള്‍
സമ്മാനിച്ച രണ്ടു പളുങ്ക് ഗോട്ടികള്‍
നിന്‍റെ കണ്ണുകള്‍ പനിനീര്‍ മൊട്ടു
തന്ന കൊച്ചു വിരലികള്‍ അലസമായി
പടര്‍ന്നു വീണ മുടിയിഴകള്‍
ചേര്‍ത്തുപിടിച്ച ആ നിമിഷം ഞാനും
അമ്മയായി കൊഞ്ചലുകള്‍ക്കിടയിലൂടെ
എന്നിലെയ്ക്കൊരു പുഞ്ചിരി ചിമിഴായ്
നീ വരം തന്നു അമ്മയാവനൊരു വരം

ഇനിയും സംശയമോ ?വേണമോ
സ്നേഹമാപിനികള്‍ നമ്മളെ അളന്നെഴുതാന്‍

ഏറെപ്പണ്ടോരിയ്ക്കല്‍ ലോകത്തിന്‍
പാപങ്ങള്‍ പേറി കഴുവില്‍
തൂക്കപ്പെട്ട ഒരു ദൈവം ഉണ്ടായിരുന്നു
അവനും സ്വന്തമായോരമ്മ
കന്യകയായ അമ്മ
നിനക്കു ഞാനെന്ന പോല്‍

ഞാനും മാറ്റൊരു യശോദാ
പേറ്റുനോവറിയാതെ ഭഗവാന്‍റെ
മാ താവായവള്‍... ഇനിയുമോരമ്മ
മരുഭൂമിയിലൂടെ മാര്‍ഗം തെളിക്കാന്‍
മകനെ വിട്ടു കൊടുത്തവള്‍

ഇനിയെങ്കിലുമീ ഉത്തരമില്ലാത്ത ചോദ്യ
മാവര്‍ത്തിക്കതിരിയ്ക്കട്ടെ നന്മക്കുട്ടി
ഞാന്‍ നിനക്കാരാണീ ഭൂമിയിലെന്നു .......