2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കളവ്

നേരാണ്, ഞാനാണതു പറഞ്ഞത്
കഥ പറഞ്ഞു നാവു കൈയ്ചപ്പോള്‍
നക്ഷത്രങ്ങളെ ചൂണ്ടി
കാട്ടി അവനോടൊരു
കളവു പറഞ്ഞു
നിലാവത്ത് ആകാശതൂന്നു
വീണ നക്ഷത്രതരികള്‍
നമ്മുടെ കിണറ്റില്‍ വീണു
ഉറങ്ങുന്നുവെന്നു
അത്രമാത്രം....
ഒടുക്കം പുലര്‍ച്ചെ .
അവന്‍ കിണറ്റില്‍
ചത്തു മലച്ചങ്ങനെ ...
ഇല്ല ഞാന്‍ മിണ്ടുന്നില്ല
കുഞ്ഞുങ്ങളോട് കളവു പറയുന്നതും
ഞാന്‍ നിര്‍ത്തി

വിശുദ്ധവല്ക്കരിക്കപ്പെടാത്ത നമ്മുടെ പ്രണയം

കളവാണ് പ്രണയം കാരണം
നീ പറയുന്നു ആത്മാവ് കൊണ്ട്
സ്നേഹിക്കുവാന്‍ ശരീരം ആവശ്യമെന്നു
പിന്നെയും പിടക്കുന്നുണ്ട് ഇടത്തെ കണ്ണ്
നീയിറങ്ങി പോകേണ്ട ചുഴികലുള്ള കടലില്‍
ഞാന്‍ ഒറ്റയ്ക്കാവുന്നു
കളവാണ് പ്രണയം വിശുദ്ധമല്ലത്
അല്ലായിരുന്നെങ്കില്‍ ചിരിക്കുമ്പോള്‍
തെളിയുന്ന നുണക്കുഴികള്‍ ഞാന്‍
നിനക്ക് മാത്രം തന്നേനെ
വിശുദ്ധവല്ക്കരിക്കപ്പെടാത്ത നമ്മുടെ പ്രണയം

പിന്നെയും ...

നമ്മുടെ പ്രണയത്തിനു
ഒരു ജപമാലയുണ്ടായിരുന്നു
രഹസ്യങ്ങളോക്കെ നമ്മള്‍
ഒരുമിച്ചാണ് കണ്ടു പിടിച്ചത്
പക്ഷെ ആറാമത്തെ രഹസ്യത്തിന്റെ
താക്കോല്‍ നീ കാണാതെ ഞാന്‍
ഒളിപ്പിച്ചു വെച്ചു..

നീ എന്നെ ഉപേക്ഷിക്കുമ്പോള്‍
നിന്‍റെ ഹൃദയത്തിന്‍റെ
ഏതറകളിലാണ് എന്നെ
പൂട്ടാന്‍ പോകുന്നത് ?
ഒന്നാമത്തെ അറയിലെ
അഷിതയുടെ കവിതകള്‍ക്കൊപ്പോമോ
അതോ രണ്ടാം അറയിലെ
വട്ട പൊട്ടുകള്‍ക്കൊപ്പോമോ
അതോ മൂന്നും നാലും അറകളിലെ
പേരറിയാത്ത നേരുകള്‍ക്കൊപ്പമോ
ഇല്ല ഇനി എന്നെ മറവു ചെയ്യാന്‍
നിനക്ക് അറകളില്ല
ചിലപ്പോള്‍ ലഹരിയായി ഞാന്‍
നിന്‍റെ തലച്ചോറിലേയ്ക്ക്‌
ചോണനുറുമ്പു പോലെ
ഓടി കയറും എന്നിട്ട് നിന്നെ
മധുരം പോലെ കാര്‍ന്നു തിന്നും

കറുത്ത പെണ്‍കുട്ടി


ഇളവെയില്‍ വെളിച്ചത്തില്‍
നിങ്ങളുടെ കണ്ണുകള്‍
ഒരിക്കല്‍ കൂടി
അവളുടെ നിറത്തെ
കറുപ്പെന്നു ഉറപ്പിക്കും
എന്നിട്ടു മാറി നിന്നു
വിയര്‍പ്പിറ്റുന്ന നെറ്റിയിലെ
കറുത്ത പൊട്ടിനു പകരം
നല്ല ചുവപ്പ് മതിയായിരുന്നെന്നു
മന്ത്രിക്കും

കറുത്ത നിറത്തില്‍
പൂവില്ലാത്തതിനാല്‍
നിങ്ങളവളെ വയലറ്റ്
നിറമുള്ള കാക്കപൂവിനോടു
ഉപമിക്കും....
എന്നിട്ടു മാറി നിന്നു
റോസാ പൂവെന്നു പേരിട്ടവരെ
കുറ്റം പറഞ്ഞു കാക്ക കറുമ്പി
എന്ന് ഒളിഞ്ഞും തെളിഞ്ഞും
വിളിക്കും
ഓറന്ജും ,മഞ്ഞയും ചുവപ്പും
ചേരാത്ത നിറങ്ങളെന്നു
മാറ്റി നിര്‍ത്തി എല്ലായ്പ്പോഴും
നിങ്ങളവളെ ചാരനിറവും ചന്ദനനിറവും
പോന്ന കുപ്പായങ്ങള്‍ മാറി
അണിയിപ്പിക്കും ..
അപ്പോളവള്‍ പല നിറമുള്ള
ബ്രാകള്‍ വാങ്ങികൂട്ടി വാശി
തീര്‍ക്കും...
മൈലാഞ്ചി ഇട്ട വിരലുകള്‍
ചന്തം കാണിക്കുമ്പോള്‍
ചെമ്പഴുക്കാ നിറമെങ്ങു
പോയന്നവള്‍ ആശ്ചര്യപ്പെടും
വെയില്‍ വാട്ടിക്കുറിക്കിയ
വേനലില്‍ വെയിലിനോടൈക്യപ്പെട്ടു
അവള്‍ കുടയില്ലാതെ നടക്കും
ഇനി കാമറയുടെ പ്രകാശകണ്ണുകള്‍
അവളുടെ നേരെ മിന്നി തുറക്കുമ്പോള്‍
വെളിച്ചം പോരന്നു ആര്‍ത്തലയ്ക്കും
പിന്നെ എല്ലായ്പ്പോഴും നിന്‍റെ
ചിത്രങ്ങള്‍ സീബ്രാവരകളെ പോലെ
കറുപ്പിലും വെളുപ്പിലും
ആണല്ലോ എന്നു തമാശ പറയും
ഒറ്റനുണക്കുഴിയില്‍ നിനക്കു
മാത്രമൊളിപ്പിച്ചൊരു ശോണിമ
നീ കാണാതെ,
ചുംബിക്കുമ്പോള്‍ മുന്തിരി പ്പഴം
പോലെ കറുക്കുന്നല്ലോ ഈ ചുണ്ടുകള്‍
എന്നു നീ പതം പറയുന്നു .
ചില അടയാളപ്പെടുത്തലുകള്‍
കറുത്ത നിറമുള്ള പൊട്ടുകളായി
അങ്ങനെ മായ്ക്കാനാവതങ്ങനെ കിടക്കും

ചിത്രകാരനോട് ......


അരിച്ചിറങ്ങുന്ന പ്രകാശത്തിന്‍റെ
കീറിലൂടെ നീ നിറങ്ങളുടെ
അളവെടുക്കുന്നു
അവയെയുടുപ്പിക്കുവാന്‍
വെളിച്ചം മെനഞ്ഞു പുതിയ
കുപ്പായങ്ങള്‍ ഉണ്ടാക്കുന്നു

ഞാന്‍ കണ്ണ് തുറക്കുമ്പോള്‍
ചുറ്റിനും ചുവന്ന ചായം
ഒഴുകി പടരുന്നു
ചിതറിയ ചായകൂട്ടുകള്‍
പല നിറങ്ങള്‍

പച്ച നിറം കൊണ്ടെന്‍റെ
നെറ്റിയില്‍ മുദ്രയിടും
നീല കൊണ്ട് കണ്ണിലും
ചുവപ്പ് കൊണ്ട് ചുണ്ടിലും
വയലറ്റ് കൊണ്ട് നെഞ്ചിലും
നീ അടയാളപ്പെടുത്തും

ഇനി നിനക്ക് വരയ്ക്കാന്‍
നിറങ്ങളില്ലതാകുമ്പോള്‍
നീ കറുപ്പിലേയ്ക്കും
വെളുപ്പിലേയ്ക്കും
തിരിയും ...
വെളുപ്പ്‌ നേര്‍ത്ത്,നേര്‍ത്ത്
കറുപ്പാകും ,അപ്പോള്‍
നീ നിന്‍റെ നിറങ്ങളെ
അവിടെ കണ്ടെത്തും ,
രൂപങ്ങളെ കാണും
നമുക്ക് ചുറ്റിനും നിന്നും
നിറങ്ങള്‍ ഓടി ഒളിക്കും
നീ നിറങ്ങളെ വെറുക്കാന്‍
ശീലിയ്ക്കും.....

വിചിത്രമായൊരു സ്വപ്നം


ലോകത്തിലെ അവസാന
കവിതയെഴുതുവാന്‍
നീ ഒരുങ്ങുകയായിരുന്നു
ആ വിരലില്‍ ചുംബിച്ചു
ഞാന്‍ ഉറങ്ങുകയായിരുന്നു

അപ്പോള്‍ ആകാശവും ഭൂമിയും
അതി വിദഗ്ധമായൊരു
കൈമാറ്റ ചര്‍ച്ചയ്ക്കു തയ്യാറെടുക്കുന്നു
മഴവില്ലൂന്നി ആകാശം
ഭൂമിയെ വിലക്കെടുക്കുന്നു
ചുവപ്പില്ലാത്ത മഴവില്ല്
രക്തവിപ്ലവങ്ങളുടെ
കറയേറ്റു ചുവക്കുന്നു
മണ്ണിന്‍റെ പച്ചപ്പിനെ
ഓസോണ്‍ സുഷിരങ്ങളിലൂടെ
ഭൂമി തന്നെ ആകാശത്തിനു കടത്തുന്നു
വറ്റി പോയ നദികളെല്ലാം
മേഘത്തിനു കുറുകെ
ചാലുകളായി രൂപാന്തരം
പ്രാപിയ്ക്കുന്നു
നിറങ്ങളെയും കള്ളങ്ങളെയും
ഒപ്പിയെടുത്തു
വാര്‍ത്തകള്‍ എന്ന് വിളിക്കുന്ന
ഒരു കൂട്ടം ആളുകള്‍ക്ക് മുന്നിലൂടെ
സമാധാന ഉടമ്പടി ഒളിച്ചു നടക്കുന്നു
ഒടുവില്‍ നിന്‍റെ വിരലും ഛെദിക്കപ്പെട്ടു
ഭൂമിയിലെ മനുഷ്യരെ പറ്റി
ഇനിയാരു കവിത കുറിക്കും ?
ഗര്‍ഭത്തിലേ ബലാല്‍ക്കാരം
ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ
ഭ്രൂണത്തിന് മുകളിലിരുന്നു
ദൈവങ്ങളൊക്കെ
പുതിയ ആകാശത്തെയും
പുതിയ ഭൂമിയേയും
പറ്റി ചര്‍ച്ച ചെയ്യുന്നു
പിന്നീടൊരിക്കലും ഭൂമിയില്‍
കവിത പിറന്നിട്ടില്ല

കടല്‍തിണ്ണയിലെ ശലഭകാഴ്ചകള്‍

പുലരി കടലിനോട് പറയുന്ന
സ്വകാര്യത്തെ കുറിച്ച് കവിത
എഴുതുവാനാണ് അതിരാവിലെ
കടല്‍ക്കരയില്‍ ചെന്നത്
അല്ലാതെ വേശ്യകളുടെ
ശലഭാഗമനങ്ങള്‍ കാണാന്‍
ആയിരുന്നില്ല

പക്ഷെ അവള്‍ ...
ഇങ്ങേ ചരുവില്‍ കടല്‍തിണ്ണയില്‍
അവളുടെ കഴിഞ്ഞ രാത്രിയിലെ വീട്
വെറും ഉപ്പ് മണലിനോട് ചേര്‍ന്ന്
തലേന്നത്തെ വീട്ടുകാരന്‍ ഏമാന്റെ
യൂണിഫോമിന്റെ തൊപ്പി
വള്ളചെരുവില്‍
പാത്തിരിക്കുന്നുണ്ടായിരുന്നു
തിരിച്ചു ഞാന്‍ നടന്നപ്പോള്‍
തൊട്ടടുത്ത്‌ ബസില്‍ അവള്‍..
മീന്‍ മണക്കുന്നു
പുഴുങ്ങുന്ന ചേരി തെരുവിലൂടെ
അവള്‍ നടന്നപ്രത്യക്ഷയായി
അവര്‍ക്കപ്പോള്‍ അമ്മയുടെ
മുഖമായിരുന്നു വീടെത്താന്‍
കൊതിക്കുന്ന അമ്മപക്ഷി
ഞാന്‍ ഒറ്റയ്ക്ക് ചിറകു വെട്ടിയ
പക്ഷികളെ പറ്റി ഓര്‍ത്തു നീറി
കരി പിടിച്ച ഉടുപ്പ് ഇട്ട
ഒന്നര വയസുകാരി ഉണ്ടാകാമെന്ന
ഓര്‍മയെറ്റു എന്‍റെ
മുലകള്‍ വിങ്ങി
ഈ കവിത ഒരിയ്ക്കലും
വേശ്യകളെ പറ്റി അല്ല
അത് കൊണ്ട് ഞാനിതിനെ
കടല്‍തിണ്ണയിലെ ശലഭകാഴ്ചകള്‍
എന്ന് പറയുന്നു