2015 ജൂലൈ 3, വെള്ളിയാഴ്‌ച

മൊബൈല്‍

ചോ :IMEI നമ്പര്‍ അറിയാമോ ?
പ്രധാനപ്പെട്ട മറ്റെന്തെങ്കിലും ?
ഉ:ഇല്ല സാര്‍ കാലഹരണപ്പെട്ട ഒരൊറ്റ നമ്പറുണ്ട്
വിളിക്കുമ്പോഴൊക്കെ താല്‍കാലികമായി 
സേവനം നിര്‍ത്തലാക്കി എന്നോര്‍മിപ്പിച്ചു കൊണ്ടു
സ്വയം നിന്ന് പോകുന്ന ഒരൊറ്റ നമ്പര്‍
പിന്നെ കറുപ്പിലും വെളുപ്പിലും
വരെഞ്ഞെ ഒരു കൂട്ടം ചിത്രങ്ങളുണ്ട്
അവന്‍റെതായി
ഒരേ ഒരു പാട്ടുണ്ട് അതില്‍
അമ്മ വിളിക്കുമ്പോള്‍ മാത്രം പാടുന്ന പാട്ട്
"മലര്‍കൊടി പോലെ വര്‍ണതുടി പോലെ ...മയങ്ങൂ..."
ഇപ്പോഴുമത് നിറുത്താതെ പാടുന്നുണ്ടാവണം
ഇനി ,ഒരിയ്ക്കലുമൊരിക്കലും
എഴുതി പൂര്‍ത്തിയാക്കാത്ത ഒറ്റവരിക്കവിതയിലെ
ഒരു വാക്കോ മറ്റോ കണ്ടേയ്ക്കാം സാര്‍
എല്ലാ ചൊവ്വാഴ്ചയും അലാം അടിക്കുന്നുണ്ടാവാം
എന്നെ അടയാളപ്പെടുത്തുന്ന ഒരു ഫോട്ടോ പോലും കണ്ടെക്കുകയില്ല
അല്ല ,
ഇരുണ്ട വൈകുന്നെരത്തില്‍ ചുവന്ന ചായകൊപ്പയിലെ
തട്ടി മറഞ്ഞ ചായതുള്ളികള്‍ വയറിനു കുറുകെ പടര്‍ത്തിയ
കറുത്ത പോളങ്ങളെ അലുക്കുകളിട്ട അരഞ്ഞാണത്തിനൊപ്പം
അവനുമ്മ വെയ്ക്കാനയച്ചതിന്റെ
ഓര്‍മ്മപടങ്ങള്‍ കണ്ടേയ്ക്കാം
ഒന്നും എവിടെയും അടയാളപ്പെടുത്താതെ
പോകരുതെന്ന് നീ വാശി പിടിച്ചു
കോമ്പല്ലാഴ്ത്തിയ ഇടത്തെ മുലയുടെ താഴെയുള്ള
വയലറ്റ് മറുകില്‍ നീ മുങ്ങി മരിക്കുന്നതും
നാലുകൈകളും നാലു കാലുകളുമുള്ള
ഏകകോശ ജീവിയായി നമ്മള്‍ മാറുന്നതും
പകര്‍ത്തപ്പെട്ട നീല നിറമുള്ള ഒരു ഫയലും
കണ്ടേക്കാം അതില്‍
തീര്‍ന്നു സാര്‍ ..
ഇതിലൊന്നിലും എന്നെ അടയാളപ്പെടുത്തിയിട്ടില്ല
പക്ഷെ കളഞ്ഞു പോയത് എന്റെ തന്നെ മൊബൈല്‍ ആണ് സാര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ