2015, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ഓന്തുചരിതം


മധ്യകേരളത്തിലെ അത്രയൊന്നും പ്രശസ്തമല്ലാത്ത ഇപ്പോള്‍ ഖദര്‍ദേശീയ വസ്ത്രമായി ധരിക്കുന്ന പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്‍റ് എബി എല്‍ദോ ഐസക്കിന്റെ ഭവനത്തിന്റെ,കൃത്യമായി പറഞ്ഞാല്‍ വടക്ക് കിഴക്ക് ഈശാനകോണില്‍ ആണെന്റെതാമസം .കുടുംബത്തോടുള്ള അനന്യമായ കടപ്പാടും പതിമൂന്നു ആണ്ടുകള്‍ക്ക് അപ്പുറം മരണപ്പെട്ട പാര്‍ട്ടിയുടെ മുന്‍ മേഖലാ സെക്രെട്ടറിയുമായ ഐസക്‌ ജോഷ്വാ ഇല്ലിക്കാടനോടുള്ള ആദരസൂചകമായി ഞാന്‍ എന്നെ ശ്രീ സണ്ണി ഇല്ലിക്കാടന്‍ എന്ന് അടുത്തിടെ നാമകരണം ചെയ്തതാണ് ( ഒരു ഓന്തിനു പേരനാവശ്യമാണെന്നും ആലോചിച്ചു വിഷമിക്കുന്ന മാന്യ വായനക്കാരോട് ഒരു വാക്ക് എബിയുടെ പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ ഏറ്റവും പ്രസക്തി ആര്‍ജിച്ചതും അവര്‍ കൂടെ കൂടെ രഹസ്യത്തില്‍ പറയുന്ന പേരിതു ആയത് കൊണ്ടാണ് ഞാനിത് തന്നെ ഇട്ടതു ,ഇപ്പോള്‍ ഇത്രയും പറയാന്‍ കാരണം കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ മൂന്നു മുപ്പതു മുതല്‍ എനിക്ക് നിറം മാറാന്‍ കഴിയുന്നില്ല

എബിയുടെ അമ്മ ശ്രീമതി ത്രെസ്യ ഐസക്‌ പറയുന്നത് ഞാന്‍ എന്റെ തൊലിയിലൂടെ കേട്ടതാണ് കുഞ്ഞുങ്ങളുടെ പൊക്കിള്‍ കൊടിയിലൂടെ രക്തം വലിച്ചു കുടിച്ചാണത്രേ ഞങ്ങളുടെ വര്‍ഗം നിറം മാറാനുള്ള കഴിവ് നില നിറുത്തുന്നത്
“ഹും പാതകം കൊടും നുണ’’
അതില്‍ പിന്നെയാണ് വിറകു പുരയില്‍ താമസിച്ചിരുന്ന എന്നെ ആ കിലുക്കാംപെട്ടി പെണ്ണ് പേടിക്കാനും കല്ലെടുത്ത് എറിയാനും തുടങ്ങിയത് .പ്രശ്നമതൊന്നും അല്ല നിറമില്ലായ്മ ,നിറം മാറാന്‍ കഴിവില്ലായ്മ അതൊന്നു മാത്രമാണ് ,പാരമ്പര്യമായി ഞങ്ങളീകുടുംബത്തില്‍ നിന്നും പുറത്തോട്ടു ഇറങ്ങാത്തതിനാല്‍ കൂട്ടക്കാരെ ആരെയും കാണാനുമില്ല,ഇച്ചിരി വെയിലടിച്ചാല്‍ ബുദ്ധി തെളിയുമെന്നോര്‍ത്തു,വെയിലത്ത്‌ ഇട്ടിരുന്ന ഓല മടലിന്റെ മണ്ടയില്‍ ചെന്നിരുന്നപ്പോഴാണ് വേലക്കാരി പെണ്ണിന്‍റെ അലറല്‍
‘ പോ അസത്തെ അവിടുന്ന്
കഴിഞ്ഞ കാലത്തെപറ്റി ചിന്തിക്കാനും സമ്മതിക്കാണ്ട് ഓരോരോ നശൂലങ്ങള്‍ ഹും ഇതിനും മുന്‍പ്‌ കൃത്യമായിട്ട് ഓര്‍മയില്ല ഒരു നാല് നാലര വര്ഷം മുന്‍പ്‌ എബിയുടെ കൊടിയുടെ നിറം നല്ല ചുവപ്പായിരുന്നു ‘’ ആ അതങ്ങനെ മാറിയും മറഞ്ഞും ഇരിക്കും’’ ഒരിക്കല്‍ കൂടി നിറം മാറാന്‍ ശ്രമിച്ചു ശ്രീ: സണ്ണി ഇല്ലിക്കല്‍ പരാജയപ്പെട്ടു, പഴുത്ത വരിക്ക ചക്കയിലെ ഈച്ചയെ പിടിക്കാന്‍ നാവു നീട്ടി. അന്നൊന്നും ചുവപ്പില്‍ നിന്നിറങ്ങാന്‍ നേരം കിട്ടാത്ത വീടിനെ പറ്റി ചിന്തിച്ചു കൊണ്ടിരുന്നു രക്ത ഹാരങ്ങള്‍ ,ചോന്ന കാര്‍ ചോപ്പ് ഉടുപ്പ് ,ഒടുവില്‍ മനസ് മടുത്ത ടിയാന്‍  ചോപ്പില്‍ നിന്നിറങ്ങാന്‍ ഓന്തു വംശത്തിന്റെ വിശുദ്ധ നഗരമായ ഓന്തു പുരിയിലെ മാതാ ഓന്തനന്ദ  ഈശ്വരിയോടുള്ള നൊവേനയുടെയും പ്രാര്‍ത്ഥനയുടെയും ഫലമായത് കൊണ്ടാവാം ഒരു സുപ്രഭാതം പൊട്ടി വിടര്‍ന്നത് റബ്ബറിന്റെ വില ഇടിച്ചും കൊണ്ടായിരുന്നു ,എബിച്ചായനു മുന്നും പിന്നും നോക്കനുണ്ടായിരുന്നില്ല റബ്ബറിന് താങ്ങ് വില നല്‍കാത്ത സര്‍ക്കാറിനിട്ടൊരു താങ്ങും താങ്ങി എബി ഖദര്‍ ഇട്ടു സമധാനവാദി ആയി .വീടും വണ്ടികളും ഒക്കെ മൂവര്‍ണകൊടി അങ്ങനെ പാറി. നാശം പിടിക്കാന്‍ മുന്‍ സഖാവ് എബി ഐസക്കിനതു പറ്റിയ പോലെ എനിക്കതിനു വയ്യായിരുന്നു പലപ്പോഴും നിറം മാറാന്‍ കഴിയാതെ ഞാന്‍ പിടിക്കപ്പെട്ടു ,ആ ശ്രീകരം പിടിച്ച വേലക്കാരിയുടെ വായില്‍ നിന്ന് നല്ല ചീത്തയും കേട്ടു ആ സംഭവമായിരുന്നു ഒന്നാമത്തെ ലെക്ഷ്ണം

ഇത്രയുമാലോചിച്ചു മുന്‍ സഖാവ് ശ്രീ സണ്ണി ഇല്ലിക്കാടന്‍ ഒന്ന് നാക്ക് നീട്ടി ,നാക്കാണ് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍റെ ഏറ്റവും വല്യ ആയുധമെന്നു ഞാന്‍ പലപ്പോഴായി പാര്‍ട്ടി ക്ലാസുകളില്‍ നിന്നും മനസിലാക്കിയിട്ടുണ്ട് ,ഞങ്ങള്‍ക്കും അതങ്ങനെ തന്നെ .കിട്ടുന്നതിന്റെയും കൊടുക്കുന്നതിന്റെയും കണക്കുകളുടെ കാര്യത്തില്‍ കണിശക്കാരനായ മുന്‍ സഖാവിന്‍റെ കുടുംബക്കാരനെന്ന നിനയില്‍ ഞാന്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഭജന്‍സ് ശാന്തി കീര്‍ത്തനങ്ങള്‍ ഒക്കെയാണ് .മറ്റൊരു ഓന്തു ജീവി ഇല്ലാത്തതു കൊണ്ട് ഉരലിനപ്പുറം ഇരിക്കുന്ന പേക്കാച്ചി തവളയോടും പൂച്ചയോടും ഞാനീ പ്രസംഗങ്ങള്‍ ഒക്കെ പ്രസംഗിക്കാറുണ്ട്. ഓരോ വാക്കിന്‍റെ ആവേശക്കടലില്‍ നിറം മാറുന്ന എന്നെ കാണുമ്പോള്‍ വാ പൊളിച്ചു നില്‍ക്കുന്ന അവര്‍ക്കിടയിലെ താത്വീകാച്ചര്യനായ ഞാനാണ് ഇങ്ങനെ നിറം മാറാനാവാതെ ഇങ്ങനെ മഴവില്ലിനെ നോക്കി നെടുവീര്‍പ്പിടുന്നത്

എബിയ്ക്ക് ഇന്നേ വരെ ഇല്ലാത്ത നിറങ്ങളുടെ കൂട്ടുകാരായിട്ടു രാത്രി ചില വരുത്പോക്കലുകള്‍ ഈയിടെ അടുത്താണ് ഞാന്‍ കണ്ടു പിടിച്ചത് കാവിയുടെ ലോകത്തേയ്ക്ക് ഞാന്‍ മാറാന്‍ നോക്കി ആ നിറം വരുന്നില്ല .അത് കൊണ്ട് എന്‍റെ കാവിയുടുക്കലിനു വല്യ പ്രസക്തി ഇല്ലാതെ ആയി പോയി .അല്ല അത് സാരമില്ല,പരസ്യമായി കാവിയിട്ടത് കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് എബി കള്ളുകുടിചോണ്ട് പറയുന്നത് കേട്ടതാ എനിക്കതില്‍ വിശ്വാസമില്ല ..പക്ഷെ എന്നാലും നിറം മാറാന്‍ കഴിയാത്തത് ചില്ലറ കുഴപ്പം ഒന്നും അല്ല ഉണ്ടാക്കുന്നത് .
നഷ്ടപ്പെട്ടു പോയ ശേഷി തിരിച്ചു കിട്ടാന്‍ വൈദ്യ സഹായം തേടാനും ഞാനുറച്ചു നിറം വെക്കാന്‍ വേണ്ടി ഈ കുടുംബത്തിലെ ഇളയ സന്താനം ഓന്തു ലേഖ ദശപത്രി ഫേസ് പാക്‌ തേച്ചു
‘’ഹും ഹും  ഒരു പ്രയോജനവും ഇല്ല ‘’
അല്ലപ്പോ മുറിയില്‍ ഓന്തിനെ കണ്ടാല്‍ ഇത്ര ബഹളം വെയ്ക്കാന്‍ എന്താണ് ഹേ

ഓ ആ കുരിപ്പ് പാതി രാത്രി ഫോണില്‍ ഓരോരോ നിറങ്ങളെ പോലെ ഓരോരോ മോഡില്‍ മാറി മാറി മിണ്ടുന്നത്‌ കാണുമ്പോള്‍ നഷ്ടപ്പെട്ടു പോയ കഴിവ്‌ ഓര്‍ത്തു ഖിന്നനായി കുത്തിരിക്കുന്നു

അവസാനം നല്ല വെളിച്ചമുള്ള ആ പകലിലാണ് വെളിപാട് കിട്ടിയത് ,ശ്രീമാന്‍ സണ്ണി ഇല്ലിക്കാടന്‍ ഓന്തുണ്ണി സമസ്ത ഓന്തു വര്‍ഗങ്ങലോടും ഇങ്ങനെ പ്രസ്താവിച്ചു ,
‘’നിറം മാറാന്‍ കഴിവില്ലാത്ത ഞാന്‍ ഇനി മുതല്‍ മനുഷ്യന്‍ ആണ് ,ഇവുടുത്തെ മനുഷ്യര്‍ യഥാര്‍ത്ഥത്തില്‍ ഓന്തുകളും’’

പലപ്പോഴായി പുരയ്ക്കകത്തു കാണാറുള്ള ഓന്തിനെ പൂന്തോട്ടത്തിലെ പാറപ്പുറത്ത് കണ്ട ശ്രീമതി ദീനാമ്മ എന്നാ മാതൃകാ വേലക്കാരി അതിന്‍റെ തല മണ്ട നോക്കി പത്തല് കൊണ്ട് ഒന്നങ്ങു കൊടുത്തു ,ചാരിതാര്‍ത്ഥ്യയായി ഓന്തിന്റെ ജഡം കൊച്ചമ്മയ്ക്ക് കാണിച്ചു കൊടുക്കാന്‍ അടുക്കളപുറത്തേയ്ക്ക് ഓടി .................