2015 ജനുവരി 17, ശനിയാഴ്‌ച

വസന്തം റോസിനോട് ചെയ്തത് :-


നീ ചിത്ര ശലഭങ്ങളെ ചൂണ്ടയില്‍ കുരുക്കി
പൂക്കളെ പിടിക്കുന്നവന്‍
പൂമ്പാറ്റ ചിറകുകള്‍ മാലയാക്കി 
പനിനീര്‍ തണ്ടില്‍ കോര്‍ത്തു
നാലു ഋതുക്കളെയും തെറ്റി
ധരിപ്പിച്ചു
അവളെ സദാ കാലവും പൂത്തു
നിറുത്തിയൊരു കാമുകന്‍
എല്ലാകാലത്തും ,എല്ലാ നേരവും
നൂറ്റാണ്ടുകളില്‍ നിന്നും
പിണങ്ങിയൊരു വസന്തം
നിന്നോട് സമരസപ്പെട്ടു
നീ പോലുമറിയാതെ നിന്നില്‍
നിറഞ്ഞുലയുന്നുണ്ടെന്‍റെ റോസെ...
നീ നടന്നേക്കാവുന്ന വഴികളില്‍
നിന്‍റെ വിത്തുകളില്‍ ,വേരുകളില്‍
നിന്‍റെ ശാഖികളില്‍ ,ദൃഡതയാര്‍ന്ന
പച്ച തണ്ടുകളില്‍ ,കൂര്‍ത്ത മുള്ളുകളില്‍
ഉമ്മവെച്ചോരാള്‍...
നിന്നിലെയ്ക്കുള്ള കുറുക്കു വഴിയില്‍
ചില്ലു ചിറകുകള്‍ കത്രിച്ചു
മുള്ളുകള്‍ കൊരുത്തു,
ചിറകുകള്‍ നിഷ്കരുണം
കീറി , കൂര്‍ത്ത മുള്ളുകളിലൂടെ
കൈവിരലോടിച്ചു
രക്തം തൊട്ടു
ഒടുവില്‍ എത്തിചേരേണ്ടിടത്
തന്നെയെത്തി ചേര്‍ന്ന്
നീയെല്ലായ്പ്പോഴും ഒരു
വസന്തം തന്നെയാണ് റോസെ
എന്നോര്‍മിപ്പിയ്ക്കുന്നു ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ