2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

X X X Y + X X X X



നീ 

''നിയെന്നാല്‍, 
ആവര്‍ത്തിയ്ക്കപ്പെടുന്ന 
പതിനൊന്നു നിമിഷങ്ങളുടെ 
ചാക്രികതയ്ക്ക് ഒടുവില്‍ 
എന്നില്‍ നിന്നൂര്‍ന്നു 
പോകുന്ന എന്തോ ഒന്ന് 

ഞാന്‍

ഞാനെന്നാല്‍ നിന്‍റെ
ദുരിതഗ്രന്ഥികളാല്‍
തുറക്കപ്പെടുന്ന
വെറുമൊരു
ഓവുചാല്‍

ജലജീവിതം

'യഥാര്‍ത്ഥത്തില്‍ ഞാന്‍ ഒരു ഉഭയജീവിയാണ് ..
വെള്ളത്താല്‍ ചുറ്റപ്പെട്ട വന്‍കരകളിലെ
ജീവിതമെനിയ്ക്ക് മടുത്തു കഴിഞ്ഞു
ഇനിയുള്ള പകുതി ജലജീവിതം ശരണം ....

എനിക്കും നിങ്ങള്‍ക്കുമിടയില്‍
ബാക്കിയാവുന്ന തീരമാണിത് ....
ലവണരസമേറ്റെ കടല്‍ തീരം...
ഈ ഉപ്പുകൂട്ടില്‍ നിന്നും സമുദ്രത്തിന്‍റെ വ്യാപ്തി
പ്രദേശങ്ങളിലേയ്ക്ക് ചേക്കേറണം..
കണ്ണെത്താ കടലിനെയും കൈയെത്താ
മേഘത്തെയും തൊട്ട നീര്‍ തുള്ളിയായി
ശാന്ത സമുദ്രത്തില്‍ കാറ്റിന്‍റെ ഭീകരത
വിതച്ചു അഴിഞ്ഞാടി സംഹാര രുദ്രയാകണം

കണ്ണീര്‍ പാളികളും,മത്സ്യം തിന്ന ശവശരീരങ്ങളും ,
പാപകടങ്ങളും ,മോക്ഷം തിരയുന്ന മണ്‍കുടങ്ങളും
പേറുന്ന ഓളങ്ങള്‍ക്കും വേണമൊരു പുനര്‍ജെനി
എന്നിലൂടെ .....
ശംഖുകള്‍ക്കും ചിപ്പികള്‍ക്കുമിടയില്‍
പവിഴ പുറ്റായി മറഞ്ഞിരുന്നു തിരകളഴിച്ചു
വിട്ടു തീരങ്ങളെ ഭയപ്പെടുത്തും.....
നിത്യേന പടം പൊഴിക്കുന്ന കടല്‍ സര്‍പ്പങ്ങളുടെ
നാവുകളില്‍ വിഷം പുരട്ടി ഞാന്‍
അവയെ പറഞ്ഞയച്ചു നിങ്ങളെ ദംശിച്ചില്ലാതെയാക്കും ........
ഞാന്‍ ജല റാണി ..
വന്യതയിലെന്നെ തളച്ചിടാനാവില്ലിനി
അശാന്തമാക്കപെട്ട സമുദ്രോപരിതലത്തിലെന്‍റെ
കാറ്റുകളെ പറഞ്ഞു വിട്ടു നാശം വിതയ്ക്കും ......

എന്‍റെ തണുത്ത പ്രണയം ,മുകളില്‍ ..
ചന്ദ്രനു കടം കൊടുത്തു
അവന്‍റെ നിലാവിനെ പിടിച്ചു വാങ്ങി ,
കാന്ത ശക്തി മോഷ്ടിച്ച്
കടല്‍ തള്ളിച്ച സൃഷ്ടിച്ചു തീരങ്ങള്‍ കൈയേറി
ഭൂമിയെ ഇല്ലാതാക്കണം .
അതി ജീവനത്തിന്‍റെ നേര്‍ത്ത പച്ചപ്പു പോലും
എന്‍റെ തിര മാലകള്‍ വലിച്ചെടുക്കും

മതങ്ങള്‍ മത്സരിച്ചു രക്തമൂറ്റിയ മാറാത്ത നാടുകളും
നിരപരാധികളെയും .എന്‍റെ കുഞ്ഞനുജനെ
തന്നെയും കൊല്ലാന്‍ വിട്ടുകൊടുത്ത
ദ്വീപസമൂഹങ്ങളേയും
നീരഴിച്ചു വിട്ടു എനിക്കില്ലാതാക്കണം ..

ഇനി ഈ വന്‍കരകളോന്നും വേണ്ട
അതിനുള്ളിലെ ഇരുകാലി ജീവികളും വേണ്ട ......
ജല ജീവിതം തുടങ്ങട്ടെ .......

പരിത്യക്ത

നീ എന്നില്‍ നിന്നടര്‍ന്നു മാറിയ
അതേ നിമിഷമാണ്
മഞ്ഞു കാലം എന്‍റെ ചുണ്ടുകളെ
ചുംബിച്ചു തളര്‍ത്തി
വരള്‍ച്ചയുടെ നേരിലേക്ക്
എറിഞ്ഞു കൊടുത്തത് 
അതേ മാത്രയില്‍ എന്‍റെ
നീല കണ്ണുകളെ കരി മംഗല്യം
തൊട്ടുഴിയുകയുംഇടംകവിളിലെ 
ചെറുനുണക്കുഴി പഴുതുകള്‍
മറയ്ക്കപ്പെടുകയും ചെയ്തു
നവംബറിന്റെ ശൈത്യത്തില്‍
ശീത കാറ്റുകള്‍ പരസ്പരം കൂട്ടി തല്ലി,
മത്സ്യത്തിന്‍റെ ശല്‍ക്കങ്ങളൂര്‍ന്നു
പോകും പോലെ
എന്റെ ആവരണങ്ങള്‍
അഴിഞ്ഞു ഞാന്‍ നഗ്നയാക്കപ്പെട്ടു
നീ എന്നെ കടന്നു പോയ
അതേ നിമിഷമാണ്,
തണുപ്പ് തിന്ന എന്‍റെ ദേഹത്ത്
ഈച്ചകള്‍ ആര്‍ക്കുകയും
പുഴുക്കള്‍ നിറയുകയും ചെയ്തത്
അതേ നിമിഷങ്ങളിലാണ് ,
കനക്കുന്ന സന്ധ്യകളില്‍
എന്‍റെ ശരീരത്തിന്‍റെ വില കുറിക്കപ്പെട്ടതും
ഞാന്‍ പരിത്യക്ത ആയതും

സൈബര്‍ മിത്തുകള്‍



നീലിച്ച നിന്‍റെ രക്തധമനികള്‍ പോലെ
കെട്ടു പിണയുന്നു e-വലകണ്ണികള്‍

ഞാനും കുരുങ്ങി കിടക്കുന്നുവല്ലോ
ദിക്കറിയാതെ ,ദിശയറിയാതെ ..
ഈ രക്തവാഹിനികളിലൂടെ ആദ്യം
നിന്‍റെ ഹൃദയത്തിലേയ്ക്കും,പിന്നെ
നിന്‍ തലച്ചോറിലേയ്ക്കും മാറ്റി 
നടേണ്ടുന്ന തലതെറിച്ച
കൂട്ടുകെട്ടുകളിലൊന്ന്...

നവ നരന്‍റെ പുതുയാനങ്ങള്‍ക്കന്ത്യം
കുറിക്കേണ്ട സൈബര്‍ മിത്തുകളാണിവ
ആറ്റികുറുക്കിയെഴുതേണ്ടവ

ഹൃദയം മാറ്റി വെച്ചുള്ള പ്രണയ
പ്രഹസനങ്ങള്‍
നട്ടെല്ലില്ലാത്ത കൊടും വാഗ്ദാനങ്ങള്‍
ശ്രെദ്ധക്ഷണിക്കലുകളുടെ ആഘോഷമായ
മുഖപടചിത്രങ്ങള്‍
മോഷ്ടിക്കപ്പെടുന്ന അക്ഷരങ്ങള്‍

''ഓ എന്‍റെ നീല ചുവരുകളെ ഞാന്‍
നിങ്ങളെ വെറുക്കുന്നു ചില നേരം ..

എങ്കിലും ഇടയില്‍ ഒരു കുഞ്ഞു ചോദ്യം
അവശേഷിപ്പിക്കുന്നീ മനസ്സില്‍
പഴകിയ ഓര്‍മ്മകള്‍ ,ഗൃഹാതുരുത്വങ്ങള്‍
പുറം പൂച്ച് മണക്കുന്ന സ്മൃതി ബന്ധങ്ങള്‍ ,
കള്ള് മണക്കുന്ന പ്രണയങ്ങള്‍
ഇവയെ പറ്റി തോരാതെ പാടുന്നവര്‍
ഈ നഗരമിത്തുകള്‍,സൈബര്‍ മിത്തുകള്‍
അറിയാതെ ,കാണാതെ
പോകുന്നതെന്തേ ??

കവിത എന്നാല്‍ അക്ഷരങ്ങളോ എഴുത്തോ അല്ല
വികാരങ്ങള്‍ മാത്രം ,...
നിന്നിലെയ്ക്ക് ഒഴുകി എത്തുന്ന വിചിത്രമായ
എന്തോ ഒന്ന് .

മാ + ധവന്‍ =മാധവന്‍ [ലഷ്മീ പതി ]



''ഇനിയും നിന്‍റെ സ്വപ്നങ്ങളുടെ
താഴ്വരെകളെപ്പറ്റി നീ എന്നോട്
മോഴിയരുത് ..നീ മാധവനാണ്
നിന്‍റെ അപൂര്‍വങ്ങളായ ചിന്തകള്‍
നീ നടന്നടുക്കുന്ന അതി വിലാപങ്ങളുടെ
കരകളിലെയ്ക്ക് സഞ്ചരിയ്ക്കാന്‍
ഇനി വയ്യ ....

ഓര്‍മ്മയുണ്ടോ ?എന്‍റെയും നിന്റെയും
ചുണ്ടുകള്‍ ചേര്‍ന്നപ്പോള്‍ നിനക്കൊട്ടുമേ
ഭാരമുണ്ടായിരുന്നില്ല നീയൊരു
കടും നിറ പൊട്ടു പോലെ എന്നില്‍
പറ്റിചേര്‍ന്നങ്ങനെ ...
ഇപ്പോള്‍ നീയെന്നെ
നയിക്കുന്നതെവിടെയ്ക്കാണ് ?

നിന്‍റെ നീലിമയാര്‍ന്ന രാവുകളില്‍
എന്‍റെ മന;കണ്ണില്‍ നിറയുന്നത്
തലയില്ലാത്ത നഗ്ന യോഷിത
ദേഹങ്ങളും ,അവയെ കൊത്തി
കീറുന്ന കൂര്‍ത്ത കഴുകന്‍മാരും
ശവം തീനി ഉറുമ്പുകളുമാണ്

ഓ ..വയ്യ ....

വാക്കുകള്‍ കൊണ്ടു സ്വയം
ഭോഗിക്കപ്പെടുന്ന ഒരുകൂട്ടം
ഇരുകാലി ജീവികളിലോന്നില്‍
നീയുമുണ്ടായിരുന്നു
കാട്ടു ചിലന്തികള്‍ കാര്‍ന്നു
തിന്ന തലച്ചോറുമായി

പരസ്പരം കൊരുത്തു കെട്ടു
പിണഞ്ഞു കിടക്കുന്ന മനുഷ്യ
ബന്ധങ്ങളുടെ അതി വിസ്തൃത
പ്രദേശങ്ങളില്‍ നീ അന്നും ഇന്നും
അണിയുന്നത് അതൃപ്തി തന്നെ
നീ തിരിച്ചറിയാത്ത ആ തിരിച്ചറിവില്‍
ഭ്രാന്തിയാകുന്നത് ഞാന്‍
ഞാന്‍ മാത്രമാണ് .....

വിചിത്രമായ നിന്‍റെ സ്വപ്നങ്ങളുടെ
നിറച്ചാര്‍ത്തുകള്‍ക്കവസാനം
എനിയ്ക്കാണ് ഭ്രാന്ത്
പിടിക്കുന്നത്‌....
എനിക്ക് മാത്രം ...

പകരം തന്നത്

ഒന്നുംഞാന്‍ ഇനി മേല്‍ നിനയ്ക്കായ്‌
തന്നിരുന്നില്ല എന്നു രേഖപ്പെടുത്താതെ
പോകരുത്

ചവിട്ടിയരച്ച നിന്‍റെ കുഞ്ഞു
ഹൃദയത്തില്‍
ഞാന്‍ എന്‍റെ ഒറ്റകാല്‍ ചിലമ്പ്
ഉപേക്ഷിച്ചിട്ടിട്ടുണ്ടായിരുന്ന

ഞാന്‍ പിച്ചി ചീന്തി എറിഞ്ഞ
നിന്‍റെ പ്രണയ പുസ്തകത്തിലെ
ഏറ്റവും പ്രധാന താളുകളില്‍
ഞാനെന്‍റെ മനോഹരമാം
കൈയോപ്പ് ചാര്‍ത്തിയിരുന്നു

ഇനിയും പറയരുത് .....ഞാന്‍
നിനയ്ക്കെന്തു പകരം തന്നുവെന്ന്

മനസുരുകി കത്തികയറുമ്പോഴും
ചുണ്ടില്‍ വിളര്‍ത്ത പുഞ്ചിരിയിട്ടു
അതിമനോഹരമായി നിന്നെ
അഭിനയിക്കാന്‍ പഠിപ്പിച്ചത്
ഞാനായിരുന്നൂ

പ്രേമത്തിന്‍റെ വശ്യതയില്‍
നഷ്ടങ്ങളുടെയും നൈരാശ്യത്തിന്‍റെയും
നിറങ്ങളിട്ടു സുന്ദരമാക്കിയത്
ഞാന്‍ അല്ലെ ?

ഇനിയും പറയരുത്'' ...............

വിശുദ്ധ

വിശുദ്ധമാക്കപ്പെട്ട സകലത്തിലും
ഞാന്‍ ഉണ്ടായിരുന്നു ,ഞാന്‍ മാത്രം ...

ലഹരിയേറ്റ സിരകള്‍ വിഷം
തിന്ന കരിഞ്ഞ ശ്വാസകോശങ്ങള്‍
ഭ്രാന്തനും ദരിദ്രനുമായ കാമുകന്‍
നിന്‍റെ ഓരോ അണൂവിലും നിറഞ്ഞു
പെയ്തത് ഞാന്‍ ആയത് കൊണ്ട്
നീ പുണ്യവാനും പ്രണയത്തിന്‍റെ
വാഴ്ത്തപ്പെട്ടവനുമാണെനിയ്ക്ക്‌ ........
സഹയാത്രികാ ...

ഭാവനകളുടെ അതി ചാരുത മെനയാതെ
ഊര്‍ന്നുപോയ അക്ഷരങ്ങളെ
ചികഞ്ഞേടുത്തു കോര്‍ത്ത്‌ വച്ചപ്പോള്‍
വരും കാലങ്ങളിലെയ്ക്ക് ഒരു
കവിത പിറന്നു പ്രണയ കവിത
കാരണം എഴുതിയതോക്കെയും
എഴുതാന്‍ പോകുന്നതോക്കെയും
എന്നെ പറ്റി..
ഞാന്‍ അവന്‍റെ നിത്യ കാമുകി

കൃഷ്ണശിലയില്‍ നീ മെനെഞ്ഞ
നഗ്ന ശില്‍പ്പങ്ങളോരോന്നും
ശ്ലീലതയോടും സദാചാരത്തോടും
കലഹിച്ചിരുന്നില്ല കാരണം നീ
കരിങ്കല്‍ പാളികളില്‍ കൊത്തി
വരച്ചത് എന്‍റെ രൂപങ്ങളാണ്
കല്‍ത്തളങ്ങളിലും മാര്‍ബിള്‍
സ്തൂപങ്ങളിലും നിറഞ്ഞു
നില്‍ക്കുമ്പോള്‍ എന്നെ രതി
ചുവച്ചിരുന്നു ...

ഇടറുന്ന കാല്‍ വെയ്പ്പുകളില്‍
തെറ്റി പോയ മുദ്രകള്‍ ഒക്കെയും
നാട്യ ലെക്ഷണം നിറയുന്നതെ
നിയ്ക്കായ്‌ ,ഇനിയും
മദ്യ ശാലകളിലും
മറപ്പുര വാതിലുകളിലും
വ്യഭിചരിച്ച പിഴച്ച വാക്കുകളൊക്കെയും
പ്രണയ തീവ്രതയില്‍ തിരുത്തപ്പെട്ട
വിശുദ്ധന്റെ സങ്കീര്‍ത്തനമായിരുന്നു

നിന്‍റെ ചുംബനമേറ്റു നീലിച്ച
ചുണ്ടുകള്‍ ,നഖഷതങ്ങള്‍ ബാക്കി
വെച്ച പൊള്ളി പഴുത്ത മുറിവുകള്‍
അഗ്നിയുടെ ദംശനമെറ്റ പ്രേമത്തിന്‍
മുറിപ്പാടുകള്‍

എനിയ്ക്കും നിനയ്ക്കുമിടയില്‍
ശരികളും തെറ്റുകളും ഇല്ല,
ശ്ലീലതയും അശ്ലീലതയും .
നേരും നുണയും ,
ഒന്നുമാത്രം വ്യാപ്തികളില്ലാത്ത
നിറവറിയാത്ത പ്രണയത്തിന്റെ
ശേഷിപ്പുകള്‍ മാത്രം ....