2014 ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കറുത്ത പെണ്‍കുട്ടി


ഇളവെയില്‍ വെളിച്ചത്തില്‍
നിങ്ങളുടെ കണ്ണുകള്‍
ഒരിക്കല്‍ കൂടി
അവളുടെ നിറത്തെ
കറുപ്പെന്നു ഉറപ്പിക്കും
എന്നിട്ടു മാറി നിന്നു
വിയര്‍പ്പിറ്റുന്ന നെറ്റിയിലെ
കറുത്ത പൊട്ടിനു പകരം
നല്ല ചുവപ്പ് മതിയായിരുന്നെന്നു
മന്ത്രിക്കും

കറുത്ത നിറത്തില്‍
പൂവില്ലാത്തതിനാല്‍
നിങ്ങളവളെ വയലറ്റ്
നിറമുള്ള കാക്കപൂവിനോടു
ഉപമിക്കും....
എന്നിട്ടു മാറി നിന്നു
റോസാ പൂവെന്നു പേരിട്ടവരെ
കുറ്റം പറഞ്ഞു കാക്ക കറുമ്പി
എന്ന് ഒളിഞ്ഞും തെളിഞ്ഞും
വിളിക്കും
ഓറന്ജും ,മഞ്ഞയും ചുവപ്പും
ചേരാത്ത നിറങ്ങളെന്നു
മാറ്റി നിര്‍ത്തി എല്ലായ്പ്പോഴും
നിങ്ങളവളെ ചാരനിറവും ചന്ദനനിറവും
പോന്ന കുപ്പായങ്ങള്‍ മാറി
അണിയിപ്പിക്കും ..
അപ്പോളവള്‍ പല നിറമുള്ള
ബ്രാകള്‍ വാങ്ങികൂട്ടി വാശി
തീര്‍ക്കും...
മൈലാഞ്ചി ഇട്ട വിരലുകള്‍
ചന്തം കാണിക്കുമ്പോള്‍
ചെമ്പഴുക്കാ നിറമെങ്ങു
പോയന്നവള്‍ ആശ്ചര്യപ്പെടും
വെയില്‍ വാട്ടിക്കുറിക്കിയ
വേനലില്‍ വെയിലിനോടൈക്യപ്പെട്ടു
അവള്‍ കുടയില്ലാതെ നടക്കും
ഇനി കാമറയുടെ പ്രകാശകണ്ണുകള്‍
അവളുടെ നേരെ മിന്നി തുറക്കുമ്പോള്‍
വെളിച്ചം പോരന്നു ആര്‍ത്തലയ്ക്കും
പിന്നെ എല്ലായ്പ്പോഴും നിന്‍റെ
ചിത്രങ്ങള്‍ സീബ്രാവരകളെ പോലെ
കറുപ്പിലും വെളുപ്പിലും
ആണല്ലോ എന്നു തമാശ പറയും
ഒറ്റനുണക്കുഴിയില്‍ നിനക്കു
മാത്രമൊളിപ്പിച്ചൊരു ശോണിമ
നീ കാണാതെ,
ചുംബിക്കുമ്പോള്‍ മുന്തിരി പ്പഴം
പോലെ കറുക്കുന്നല്ലോ ഈ ചുണ്ടുകള്‍
എന്നു നീ പതം പറയുന്നു .
ചില അടയാളപ്പെടുത്തലുകള്‍
കറുത്ത നിറമുള്ള പൊട്ടുകളായി
അങ്ങനെ മായ്ക്കാനാവതങ്ങനെ കിടക്കും

1 അഭിപ്രായം:

  1. വീണ്ടും വായിക്കുന്നു
    വീണ്ടും വീണ്ടും വായിക്കുന്നു
    വീണ്ടും വീണ്ടും വീണ്ടും വായിക്കുന്നു ❤ ❤ ❤

    മറുപടിഇല്ലാതാക്കൂ