2014 ജൂലൈ 10, വ്യാഴാഴ്‌ച

എല്ലാമറിയുന്നവര്‍...

അവര്‍ക്ക് അറിയാത്തതായി ഒന്നുമില്ല
അല്ലെങ്കില്‍
മഞ്ഞറോസയുടെ പൂമൊട്ട്
ഞെരിച്ചമര്‍ത്തി ദൂരെ എറിയുമ്പോള്‍…
പിങ്കുനിറമുള്ള ലൈഫ്ബോയ്‌ സോപ്പ്
വായില്‍ വെക്കുമ്പോള്‍…
അവര്‍ ഓടി വരുന്നതെങ്ങനെ?

അവര്‍ക്ക് ക്ഷമിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല
അല്ലെങ്കില്‍
കുറുമ്പോടെ മിണ്ടാതിരിക്കുന്ന,
ചുവന്ന റിബണിട്ട് മുടി മെടഞ്ഞ
നാലു വയസ്സുകാരിയോട്
പിണങ്ങാതിരിക്കുന്നതെങ്ങനെ?

അവര്‍ക്ക് ഉത്തരമില്ലാത്തതായി ഒന്നുമില്ല
അല്ലെങ്കില്‍
കിടക്കയില്‍ ആദ്യമായി കണ്ട
രക്തഭൂപടങ്ങളുടെ സാരംശം
എങ്ങനെ അറിയുമായിരുന്നു?

വായിച്ചു പകുതിവച്ച
വലിയ ഗ്രന്ഥകെട്ടുകളിലെ ബാക്കി ഭാഗം
ഓര്‍ത്തു വെയ്ക്കുന്ന മനസ്സ്
മകള്‍ വീട്ടിലുണ്ടാവാത്ത
വിശേഷ ദിവസങ്ങളില്‍
ചമയ്ക്കുന്ന വിശിഷ്ട മധുരം
അവര്‍ക്ക് കൈപ്പായി
രുചിക്കുന്നതെന്താണ്?

കണക്കിന് മാര്‍ക്ക് കുറഞ്ഞതിനു
വാശിയെടുത്തു
വീട്ടില്‍ നിന്നിറങ്ങി പോയ
ഒന്നാം ക്ലാസ്സുകാരി പിന്നീട്
അതേ ലാഘവത്തോടെ
ഒരു കുറിപ്പെഴുതി
സ്വപ്ന ലോകത്തേക്ക്
രാജകുമാരനൊപ്പം
നടന്നു കയറിയപ്പോഴും
ക്ഷമിച്ചിട്ടുണ്ടാവാം

എരിയുന്ന മെഴുതിരി കൂട്ടങ്ങളെക്കാളും
തീവ്രതയോടെ കത്തിക്കയറിയ
അമ്മ മനസ്സ് കാണാത്ത
തീവണ്ടി പാളങ്ങളില്‍
തല ചേര്‍ത്തവള്‍
സല്‍വാറിനെ ചുവപ്പണിയിച്ച്
മണ്ണിനോടിണങ്ങി…
നിശ്ചയമായും അവര്‍ക്കതു
മറക്കാനും പൊറുക്കാനുമാവും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ