2014 ജൂലൈ 10, വ്യാഴാഴ്‌ച

അയാളും ഞാനും തമ്മില്‍....

അയാള്‍ക്ക് പേരില്ലായിരുന്നു
കണ്ടപ്പോള്‍ ചോദിക്കാനും വിട്ടു പോയി
എങ്കിലും എനിക്കറിയാം
മതമില്ലാത്ത ജീവനെക്കുറിച്ച്
അവര്‍ കത്തിച്ചു ചാമ്പലാക്കിയ
ചാരക്കട്ടകളെ അയാള്‍
ജ്വലിപ്പിക്കുന്നുണ്ടായിരുന്നു

പലനിറങ്ങള്‍ കൊണ്ട് അശുദ്ധമായ
എന്‍റെ ഭാരതത്തിന്‍റെ ഭൂപടം
നിറമില്ലാത്ത ചായംകൊണ്ട്
അവന്‍ വരച്ചെടുക്കുന്നുണ്ടായിരുന്നു

അവന്‍ തന്നെയാണത് ഓര്‍മ്മിപ്പിച്ചത്
പെണ്‍കുട്ടികളുടെ പേരുകള്‍
വെറും സ്ഥലനാമങ്ങളായി
പ രിവര്‍ത്തനം ചെയ്യപ്പെടുന്നകാലത്താണ്
അവന്‍ മല കയറിയതു
സൂര്യനെല്ലിയും വിതുരയും
കിളിരൂരും പറവൂരും കടന്നു
ആ വിരല്‍ത്തുമ്പുകള്‍ എന്നോട് പറഞ്ഞത്
കൂടെപ്പിറന്നവന്‍റെ കണ്ണുനീരിന്‍റെഉപ്പുകട്ടകളായിരുന്നു

പിന്നെയും യാത്ര തുടരുകയാണവന്‍
ആള്‍ദൈവങ്ങളുടെയുംരൂപക്കൂടുകളുടെയും
പാല്‍, നെയ്യഭിഷേകങ്ങള്‍ക്കിടയിലാണ്
അവന്‍ ആദ്യമായി വിതുമ്പിക്കരഞ്ഞത്
പോഷകാഹാരം കുറഞ്ഞു
വിളര്‍ത്തു തൊലി കറുത്ത
എന്‍റെ (നമ്മുടെ) ?
മാലാഖ കുട്ടികള്‍ക്കുവേണ്ടി വാദിച്ചത്.

അവന്‍ പലപ്പോഴും എന്നെ
വിസ്മയിപ്പിക്കുന്ന സ്നേഹമാകുന്നു... 

ഋതുവായ പെണ്ണിനു തീണ്ടല്‍ കല്‍പ്പിച്ചു
അവര്‍ എന്നെ പുറത്തു നിര്‍ത്തിയ
ശ്രീകോവിലിനു മുന്നില്‍
അവന്‍ എനിക്കൊപ്പം മാറി നിന്നിരുന്നു.

ചെറു സസ്യകുഞ്ഞുങ്ങളെ
വേനലില്‍ പാകി വെള്ളം നനച്ചു
ഹരിതവനം ചമയ്ക്കുന്ന
എന്‍റെ പ്രിയപ്പെട്ട വിപ്ലവകാരി.

മൂടപ്പെട്ട കറുത്ത വിശുദ്ധ വസ്ത്രത്തിലൂടെ
എന്‍റെ പളുങ്ക് കണ്ണുകളുടെ ഭാഷ
ഈ ലോകത്തിനു വിവര്‍ത്തനം ചെയ്തവനെ
ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടിരിക്കുന്നു

കുരിശിനു മുന്നില്‍ ഞാന്‍ കണ്ണ് നിറയ്ക്കുമ്പോള്‍
വിപ്ലവകാരീ, നീ തന്നെയാണ്
നമ്മുടെ മതം സ്നേഹം എന്നോര്‍മ്മിപ്പിച്ചത്

ഏറ്റവും ഒടുവില്‍ നീ നടന്നു കയറിയത്
കരങ്ങള്‍ ഛേദിക്കപ്പെട്ടഗുരുനാഥന്‍റെ
അരികിലേക്കായിരുന്നു
അദ്ദേഹത്തിന്‍റെ നാവാകാന്‍...

ഞാന്‍ മാത്രം കാണുന്നു നിന്നെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ