2013 ജൂലൈ 8, തിങ്കളാഴ്‌ച

വീട്

വീട് .....

എനിയ്ക്കൊരു വീടുവേണം വാടകയ്ക്ക് ..
നക്ഷത്ര രാജ്ഞിമാര്‍ കാവല്‍ നില്‍ക്കുന്ന പടിപ്പുര ..
പൂന്തോട്ടങ്ങളോ,വള്ളി ചെടികളോ മുള്‍വേലിയോ
അതിര്‍ വരമ്പുകളിടാത്ത എന്‍റെ കൊച്ചു സ്വര്‍ഗം
ചന്ദനമരങ്ങളും ,പൂവരശും ,പ്ലാശും,കൊന്നയും
തഴച്ചു പൊങ്ങുന്ന ചോലകള്‍ക്കിടയിലെ
സ്വസ്ഥമായോരിടമാവണമത് ...

വെയില്‍ പൊട്ടുകള്‍ നെറ്റിയിലണിഞ്ഞു ഈ
പ്രഭാതങ്ങളോക്കെഎനിയ്ക്ക് വരവേല്‍ക്കണം
ചോദിക്കാതെ വന്നുമ്മ വെച്ചു പോയ
മഴ കനത്ത സന്ധ്യകളില്‍ മുഖം തുടുപ്പിച്ചു
നിന്നോടെനിയ്ക്ക് പരിഭവം പറയാനൊരിടം ...
നീണ്ടു പരന്ന ഇടനാഴിയുടെ ഇരുളില്‍ പറയാതെ
നീയെന്നെ നെഞ്ചോടു ചേര്‍ക്കണമവിടെ ..

കവിതകളുടെ കൂട്ടുകാരനായി നീയും
അക്ഷരങ്ങളുടെ സഹയാത്രികയായി ഞാനും
ചിട്ടയില്ലാതെ ചിതറി കിടക്കുന്ന പുസ്തക
ജാലങ്ങളെ സാക്ഷി നിറുത്തി നമ്മുടെ
വാക്കുകളെ ചുംബിച്ചുറക്കണം
വലിയമുറികളോ ചായം പൂശിയ ചിത്രങ്ങളോ
ഭാരമാവാത്ത നമ്മുടെ താഴ്വാരങ്ങളില്‍ ഒത്തിരി
കവിതകള്‍ പൂത്തുലയണം

കരി മഷിയോ കാല്‍ തളകളോ ,കൈ വളകളോ
അണിയാത്ത കുസൃതി കുരുന്നുകളുടെ പാദങ്ങള്‍
പൂക്കളം തീര്‍ക്കേണമീ മണ്ണില്‍
കൊഞ്ചലലുകളുടെ അകമ്പടിയില്‍
കളി പ്പാട്ടങ്ങളി ല്ലാത്ത തളത്തിന്റെ തെക്കെയറ്റതു
തെളിഞ്ഞു കത്തുന്ന നിലവിളക്കിന്‍ മുന്നില്‍
സകല കലകളും ആടിതെളിയേണമെന്‍ മക്കള്‍
മഴ കുട്ടിയായും അനാമികയായും
സ്നേഹം കൊണ്ടൊരു കൂട് ...
മക്കളെ വിദ്യാലയങ്ങള്‍ക്ക് വില്‍ക്കാതെ
നെഞ്ചോടടുക്കിപ്പിടിയ്ക്കാന്‍ ഒരു
നന്മ കൂട് വേണം ഇനി

ഋതു ഭേദങ്ങളില്‍ പുല്‍ക്കൂട്‌ ചമച്ചും
കണിയൊരുക്കിയും,ദീപം തെളിച്ചും
പുണ്യം നിറയുന്ന ഉപവാസ മേടുത്തും
ത്രിസന്ധ്യകളില്‍ മെഴുതിരി നാളങ്ങല്‍ക്കൊപ്പം
ഒരു നൂറാവര്‍ത്തി ജപങ്ങള്‍ ചൊല്ലിയീ
നല്ദിനങ്ങളെ എതിരേല്‍ക്കാന്‍ ഒരു
വീട് വേണം ....

പറയാതെ അറിയുന്ന ഇഷ്ടങ്ങളില്‍
ഒരു ജന്മമായി ജീവിച്ചു മരിയ്ക്കാന്‍
ഇനിയൊരു വീട് വേണമെനിയ്ക്ക്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ