2013 ജൂലൈ 6, ശനിയാഴ്‌ച

അക്കതെറ്റുകള്‍

മുന്‍പേ ഏകീഭവിച്ച ആത്മാക്കളുടെ
സമ്മേളനങ്ങള്‍ക്കിടയില്‍ ഈ
ശരീരങ്ങള്‍ക്കെന്തു പ്രസക്തി ?
നനുത്ത ചുംബനങ്ങളുടെ ചപലതയില്‍
നീ എന്നില്‍ കുറിച്ച അക്ഷരതെറ്റുകളുടെ
കവിതകളാണിവയോരോന്നും
ചിലപ്പോള്‍ പ്രണയവും മറ്റു ചിലപ്പോള്
ആവശ്യകവും ഇനിയുമൊരിക്കല്‍
അവിഹിതവും ആയേക്കാവുന്ന
കവിതകള്‍ ...
വിശേഷണങ്ങള്‍ക്കതീതനായ സഹയാത്രികാ
നിശ്ചലമാക്കപ്പെട്ട നമ്മുടെ കാമനകള്‍
ഉയിര്‍പ്പ് കൊണ്ട മഞ്ഞിന്‍ മണമാര്‍ന്ന രാത്രി
ഞാനറിയുന്നു എന്‍റെ നഗ്നതകള്‍ക്കുള്ളിലൂടെ
നിന്‍റെ കണ്ണുകളില്‍ പൂക്കുന്ന വസന്തത്തിന്‍റെ
തേനറകള്‍ ഭദ്രമാക്കപ്പെട്ടിരുന്നു

നിന്‍റെ പ്രേമം കൊണ്ടെന്നെ വിലയ്ക്കെടുത്ത
രാത്രി ,വെളുത്ത നീയും കറുത്ത ഞാനും
ഒന്നാക്കപ്പെട്ട കറുത്ത നമ്മുടെ നിഴലുകളും
തരിശാക്കപ്പെട്ട എന്‍റെ ഗര്‍ഭനിലങ്ങള്‍
മറ്റൊരു വെളുത്ത കണ്ണനെ ഉരുവാക്കാന്‍
കാത്തു കിടന്നു.അതായിരുന്നെന്റെ
അവകാശത്തിന്‍റെ ഒന്നാം മുദ്ര
സ്വന്തം മുന്തിരി നിലങ്ങള്‍ പാട്ടത്തിനു
നല്‍കപ്പെട്ട ഉടമസ്ഥയുടെ അവകാശം

വിങ്ങുന്ന കാറ്റില്‍ നിലാവ് തോല്‍പ്പിച്ച
ഇരുളില്‍ എന്‍റെ ഹൃദയ സ്പന്ദനങ്ങള്‍
നിന്‍റെ ചുണ്ടുകളില്‍ തട്ടി നീലിയ്ക്കുന്നു
ഇരട്ടമാന്‍ കിടാക്കള്‍ മേയുന്ന ഇളം
കറുപ്പാര്‍ന്ന മേനിയില്‍ നിന്നെപ്പോഴോ
മധുരങ്ങള്‍ പങ്കു വെയ്ക്കപ്പെട്ടിരുന്നു
അതേ ..ഞാന്‍ കന്യകയും എല്ലായ്പ്പോഴും
പാല്‍ ചുരത്തുന്നവളുമായ അമ്മയാണ്
എന്‍റെ അവകാശത്തിന്റെ രണ്ടാമത്തെ
വെള്ളി താക്കോല്‍ ..

വെള്ളിയരഞ്ഞാണ മണികളില്‍ താളം
പിടിച്ചു നിന്‍റെ പൂര്‍ണതയെ എന്നില്‍
നിക്ഷേപിച്ചു ,ചോദ്യങ്ങളെ ചുംബന
താഴിട്ടു ബന്ധിച്ചു സ്നേഹത്തെ പറ്റി
തോരാതെ പാടുമ്പോള്‍ നമുക്ക് ചുറ്റിലും
പിറക്കാതെ പോയാ ചില കൊച്ചു
കൊച്ചു നിലവിളികള്‍ ഉയര്‍ന്നു
കേള്‍ക്കുന്നല്ലോ പ്രേമത്തിന്‍റെ
നിര്‍വചനം തേടി .......
ഹാ ..കഷ്ടം സ്വാര്‍ഥയായ നിന്‍റെ
അധീശത്വത്തില്‍ അമര്‍ന്നു പോയ
ഒരു പാവം പെണ്ണുണ്ടായിരുന്നു
എവിടെയോ .......
പ്രിയപ്പെട്ടവനെ നീ പ്രണയത്തിന്റെ
വാഴ്തപ്പെട്ടവനെങ്കില്‍ വരൂ
സ്ത്രൈണതയുടെയും പൌരുഷത്തിന്റെയും
ഭാരങ്ങള്‍ മാറ്റി വയ്ക്കുകഎന്നിട്ട്
പ്രണയിച്ചു തുടങ്ങാം ,ആദ്യതെതും
അതി പ്രധാനവുമായ ഒരു കല്പനയാണിത്‌ ......

1 അഭിപ്രായം: